വിളിക്കാനും അത്യാവശ്യത്തിന് എസ്.എം.എസ് അയക്കാനും മാത്രമുള്ളതാണോ നിങ്ങൾക്ക് മൊബൈൽ ഫോൺ? എങ്കിൽ ബ്രിട്ടീഷ് കമ്പനിയായ സാങ്കോയുടെ ഈ ഫോൺ നിങ്ങൾക്കുചേരും. വലിയ സ്‌ക്രീനും സൗകര്യങ്ങളുമുള്ള മൊബൈൽ ഫോൺ നിർമ്മിക്കാൻ മറ്റു കമ്പനികൾ മത്സരിക്കുമ്പോൾ, കുറച്ച് സൗകര്യം മാത്രമുള്ള കുഞ്ഞൻ ഫോണുമായാണ് സാങ്കോയുടെ വരവ്. രണ്ടിഞ്ചിൽത്താഴെ മാത്രം വലിപ്പമുള്ള ഈ ഫോൺ ഇതിനകം പലകാരണങ്ങൾകൊണ്ടും ശ്രദ്ധ നേടിക്കഴിഞ്ഞു.

1.9 ഇഞ്ച് നീളവും 0.8 ഇഞ്ച് വീതിയും 0.5 ഇഞ്ച് കനവുമുള്ള ഫോൺ കൈകാര്യം ചെയ്യാൻ വളരെയെളുപ്പമാണ് എന്നതാണ് അതിന്റെ സൗകര്യങ്ങളിലൊന്ന്. എന്നാൽ, ഇതേ കാരണം കൊണ്ടുതന്നെ നിയമരംഗത്തുള്ളവർ സാങ്കോ ഫോണിനെ എതിർക്കുകയും ചെയ്യുന്നു. ജയിലിനുള്ളിലേക്ക് കടത്തുന്നതുൾപ്പെടെ നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഈ കുഞ്ഞൻ ഫോൺ ഉപയോഗിച്ചേക്കാമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്. സ്‌കാനറിൽ പിടിക്കപ്പെടാതെ കടത്താൻപോലുമായേക്കുമെന്ന് അവർ പറയുന്നു.

13 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം. 64*32 പിക്‌സൽ ഡിസ്‌പ്ലേയുള്ള ഫോണിന്റെ ബാറ്ററി 200 എംഎഎച്ചാണ്. 180 മിനിറ്റ് ടോക്ക് ടൈമും മൂന്നുദിവസത്തോളം ബാറ്ററി ലൈഫും ഇതിനുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും ചെറിയ മൊബൈൽ ഫോൺ എന്നാ് ഇതെക്കുറിച്ച് നിർമ്മാതാക്കൾ പറയുന്നത്. ഇത് യഥാർഥമാണെന്ന് ആരും വിശ്വസിക്കില്ലെന്നും അവർ പറയുന്നു.

സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു ബാക്കപ്പ്‌ഫോണായി ഇതുപയോഗിക്കാമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. വലിയ ഫോണുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പകരം ഫോണായി ഇതുപയോഗിക്കാം. 50 ഡോളറേ ഫോണിന് വിലയുള്ളൂ. ജോഗ്ഗിങ്ങിന് പോകുമ്പോഴും രാവിലെ നടക്കാനിറങ്ങുമ്പോഴും മറ്റും ഈ ഫോൺ കൊണ്ടുപോകാവുന്നതാണ്. ഏതു സൈസിലുള്ള പോക്കറ്റിലും കിടക്കുമെന്നതാണ് ഈ കുഞ്ഞൻ ഫോണിന്റെ മറ്റൊരു സവിശേഷത.

2ജി നെറ്റ്‌വർക്കിൽ പ്രവർത്തിക്കുമെങ്കിലും ഇതിൽ ബ്രൗസിങ് അത്ര എളുപ്പമല്ല. ഫേസ്‌ബുക്കും ട്വിറ്ററും ഉപയോഗിക്കാമെന്ന് കരുതി ഈ ഫോൺ വാങ്ങേണ്ടതില്ലെന്ന് സാരം. സംസാരിക്കാനും ടെക്‌സ്റ്റ് മെസേജുകൾ അയക്കാനും മാത്രമുള്ളതാണ് ടൈനി ടി1 എന്ന ഫോണെന്ന് നിർമ്മാതാക്കൾ പറയുന്നു. ബ്രാഡ്ഫഡുകാരനായ ഷാസാദ് താലിബാണ് സാങ്കോ ടൈനി ടി1-ന്റെ സ്രഷ്ടാവ്. അടുത്ത മെയ്‌ മാസത്തോടെ ഫോൺ വിപണിയിലെത്തും.