തിരുവനന്തപുരം : കുണ്ടറ പീഡന പരാതിയുമായി ബന്ധപ്പെട്ട് എൻസിപിയിൽ വീണ്ടും അച്ചടക്ക നടപടി. നാല് നേതാക്കൾക്ക് സസ്‌പെൻഷൻ. നടപടി എടുത്തതിൽ പരാതി നൽകിയ യുവതിയുടെ പിതാവും ഉൾപ്പെടുന്നു. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി എന്ന കുറ്റത്തിനാണ് നടപടി.

കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ്, എൻസിപി മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ, എൻവൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളായ എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം പത്മാകരൻ, ട്രേഡ് യൂണിയൻ നേതാവ് രാജീവ് എന്നിവരെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.

മന്ത്രിയുടെ ഫോൺ റെക്കോർഡ് ചെയ്തു മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു ബെനഡിക്ട് ആണെന്ന് അന്വേഷണ സമിതി കണ്ടെത്തി. മന്ത്രിയുമായി അടുത്ത ബന്ധമുള്ള പ്രദീപ്, ആ ബന്ധം ഉപയോഗിച്ച് മന്ത്രിയെക്കൊണ്ടു ഫോൺ ചെയ്യിപ്പിക്കുകയായിരുന്നെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. യുവജന വിഭാഗം നേതാവ് ബിജുവിനെതിരെയും ഇതേ കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. മഹിളാ നേതാവ് ഹണി വിറ്റോയാണു ഫോൺ സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

മന്ത്രിയെ കുടുക്കാൻ ഇവരെ പ്രേരിപ്പിച്ച ഘടകം എന്താണന്നു കൂടുതൽ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്ന് എൻസിപി നേതൃത്വം പറയുന്നു. വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ എൻസിപി താക്കീത് ചെയ്തു. ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് എൻസിപി മന്ത്രി ശശീന്ദ്രന് നൽകിയിരിക്കുന്ന നിർദ്ദേശം.

മന്ത്രി എ.കെ. ശശീന്ദ്രനു ക്ലീൻചിറ്റ് നൽകിയെങ്കിലും അദ്ദേഹം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് സംസ്ഥാന ഭാരവാഹി യോഗത്തിൽ അഭിപ്രായമുയർന്നു. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ മന്ത്രിക്കു പെരുമാറ്റച്ചട്ടം കൊണ്ടുവരാനും യോഗത്തിൽ തീരുമാനമായി. സ്ഥലംമാറ്റവും നിവേദനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിമുതൽ ജില്ലാ നേതാക്കൾ മന്ത്രിയോട് നേരിട്ടു സംസാരിക്കരുത്. സംസ്ഥാന കമ്മിറ്റി ഓഫിസിനെ അറിയച്ചശേഷം കമ്മിറ്റിയായിരിക്കും മന്ത്രിയെ അറിയിക്കുക.

പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിന് അന്വേഷണ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ വ്യക്തമാക്കി. എൻസിപി ഭാരവാഹി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിസി ചാക്കോ. പീഡന പരാതിയാണെന്ന് അറിയാതെയാണ് മന്ത്രി എകെ ശശീന്ദ്രൻ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

പൊലീസ് സ്റ്റേഷനിൽ യുവതി കൊടുത്ത പരാതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് ഹണിക്കെതിരെ നടപടിയെന്ന് പിസി ചാക്കോ പറഞ്ഞു. പ്രദീപ് കുമാറാണ് മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി ഫോൺ ചെയ്യിച്ചത്. ബെനഡിക്ട് ആണ് ഫോൺ റെക്കോഡ് ചെയ്ത് മാധ്യമങ്ങളിൽ നൽകിയത്. നിരവധി ക്രിമിനൽ കേസുകളും ബെനഡിക്ടിന്റെ പേരിലുണ്ടെന്ന് പിസി ചാക്കോ പറഞ്ഞു.

മന്ത്രിയുടെ ഫോൺ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് തെറ്റാണെന്ന് പി സി ചാക്കോ പറഞ്ഞു. യുവതിയുടെ പരാതി ഒത്തുതീർപ്പാക്കാനാണ് മന്ത്രി വിളിച്ചത്. മന്ത്രിക്കെതിരെ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കും. മന്ത്രിയെന്ന നിലയിൽ ഫോൺ സംഭാഷണങ്ങളിൽ അടക്കം എ കെ ശശീന്ദ്രൻ ജാഗ്രത കാട്ടണമെന്നും പിസി ചാക്കോ അഭിപ്രായപ്പെട്ടു.

ഇതു കൂടാതെ, പാർട്ടിയിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ അച്ചടക്കലംഘനങ്ങളുടെ പേരിൽ രണ്ടു നേതാക്കൾക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന സമിതി അംഗങ്ങളായ ജയൻ പുത്തൻ പുരയ്ക്കൽ, സലിം കാലിക്കറ്റ് എന്നിവരെ സസ്‌പെൻഡ് ചെയ്തതായി പി സി ചാക്കോ അറിയിച്ചു.