- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒത്തുതീർപ്പായി 10 മാസം പിന്നിട്ടിട്ടും ഗലോട്ട് ക്യാമ്പിന് കണ്ട ഭാവമില്ല; പോരിന് മൂർച്ച കൂട്ടി പൈലറ്റ് ക്യാമ്പ്; രാജസ്ഥാൻ സർക്കാരിനെ വെട്ടിലാക്കി വീണ്ടും ഫോൺ ചോർത്തൽ വിവാദം; കോൺഗ്രസ് എംഎൽഎമാരുടെ ഫോൺ ടാപ്പ് ചെയ്യുന്നതായി സച്ചിൻ പൈലറ്റിന്റെ വിശ്വസ്തൻ; ചാരപ്പണി തെളിയിക്കാൻ വെല്ലുവിളിച്ച് അശോക് ഗെലോട്ടും
ജയ്പുർ: രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനെ പിടിച്ചുകുലുക്കി വീണ്ടും ഫോൺ ചോർത്തൽ വിവാദം. ചില എംഎൽഎമാരുടെ ഫോണുകൾ ടാപ്പ് ചെയ്യുന്നുവെന്നാണ് കോൺഗ്രസ് എംഎൽഎയും സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനുമായ വേദ് പ്രകാശ് സോളങ്കി ആരോപിച്ചത്. ഇതിന് മറുപടിയുമായി രാജസ്ഥാൻ മന്ത്രി പ്രതാപ് സിങ് കാഞ്ചരിയവാസ് എത്തി. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ എംഎൽഎമാരുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവർ മുഖ്യമന്ത്രിയോട് സംസാരിക്കണമെന്നും മന്ത്രി പ്രതാപ് സിങ് പറഞ്ഞു.
തന്റെ ഫോണും ടാപ്പ് ചെയ്യുന്നുണ്ടോ എന്നറിയില്ലെന്ന് വേദ് പ്രകാശ് സോളങ്കി പറഞ്ഞിരുന്നു. പരാതി ഉന്നയിച്ച എംഎൽഎമാരുടെ പേരു വെളിപ്പെടുത്താൻ സോളങ്കി തയ്യാറായില്ല. വിവിധ ഏജൻസികൾ കുടുക്കുമെന്ന് എംഎൽഎമാർക്ക് ഭയമുണ്ടെന്നാണ് ന്യായം പറഞ്ഞത്. ഫോൺചോർത്തലിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടോ എന്നും അറിയില്ല. നിയമസഭാംഗങ്ങളെ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പല ഉദ്യോഗസ്ഥരും അവരോട് പറഞ്ഞു:ജയ്പുർ ജില്ലയിലെ ചാക്സുവിൽനിന്നുള്ള എംഎൽഎയായ വേദ് പ്രകാശ് സോളങ്കി പറഞ്ഞു.
ഇവരിൽ ചില എംഎൽഎമാർ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എംഎൽഎമാർക്ക് ഇക്കാര്യത്തിൽ സാങ്കേതിക പരിജ്ഞാനമുണ്ടോയെന്നും അതല്ല അവരുടെ ഫോണുകൾ ടാപ്പുചെയ്യുന്നുവെന്ന് അറിയാൻ ആപ്പുകൾ ഉണ്ടോ എന്നും തനിക്ക് അറിയില്ലെന്നും സോളങ്കി പറഞ്ഞു. എന്നാൽ സച്ചിൻ പൈലറ്റിനോട് അടുത്തു നിൽക്കുന്നവരുടെ ഫോൺ കോളുകളാണോ ചോർത്തിയത് എന്ന ചോദ്യത്തിന് കോൺഗ്രസ് എംഎൽഎമാരുടെ ഫോണുകളാണു ചോർത്തിയത് എന്നായിരുന്നു മറുപടി.
കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ ആരോപിച്ചു. 'ഫോണുകൾ ചോർത്തുന്നുവെന്നും ചാരപ്പണി നടക്കുന്നുണ്ടെന്നും കോൺഗ്രസ് എംഎൽഎമാർ പറയുന്നുവെന്ന ആരോപണവുമായി മറ്റൊരു കോൺഗ്രസ് നേതാവു കൂടി രംഗത്തെത്തിയിരിക്കുന്നു. എംഎൽഎമാരുടെ പേരു വെളിപ്പെടുത്താൻ കോൺഗ്രസ് തയാറാകണം. സ്വന്തം എംഎൽഎമാരെ കോൺഗ്രസ് ഭയപ്പെടുത്തുകയാണ്.' ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പുനിയ ട്വീറ്റ് ചെയ്തു.
എന്നാൽ, രാജസ്ഥാൻ സർക്കാർ ആരുടെയും ഫോൺ ചോർത്തുന്നില്ലെന്നും അതുതങ്ങളുടെ പണിയല്ലെന്നും മന്ത്രി പ്രതാപ് സിങ് കാഞ്ചരിയവാസ് പറഞ്ഞു. ഫോൺ ചോർത്തൽ ആരോപണം രാജസ്ഥാനിൽ പുതുതല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ മുഖമന്ത്രി അശോക് ഗലോട്ടിനെതിരേ വിമത നീക്കം ഉയർത്തി സച്ചിൻ പൈലറ്റും മറ്റു 18 എംഎൽഎമാരും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്നതായിരുന്നു വിമതരുടെ ആരോപണം. അന്ന് ചില ഓഡിയോ ക്ലിപ്പുകൾ സർക്കാർ പൊലീസിന് കൈമാറിയിട്ട് എംഎൽഎമാർ സർക്കാരിനെതിരെ നീങ്ങുന്നുണ്ടോ എന്ന് അന്വഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് പൈലറ്റ് ക്യാമ്പും ഗലോട്ട് ക്യാമ്പും തമ്മിലുള്ള തർക്കം തീർക്കുകയായിരുന്നു.
സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോകുന്നുവെന്ന് അഭ്യൂഹങ്ങൾ ഇപ്പോഴും സജീവമാണ്. അത് പൈലറ്റ് നിഷേധിക്കുന്നുണ്ടെങ്കിലും. ഒത്തുതീർപ്പിന് ശേഷം 10 മാസം പിന്നിട്ടിട്ടും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ഗലോട്ട് പരിഗണിച്ചില്ലെന്ന പരാതി സച്ചിൻ പൈലറ്റിനും കൂട്ടർക്കുമുണ്ട്. അടുത്ത് തന്നെ പ്രിയങ്ക ഗാന്ധിയെ സച്ചിൻ കാണുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ