ദുബായ്: സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും യുഎഇയിൽ കുറ്റകരമാക്കി. ഇത്തരത്തിൽ എന്തെങ്കിലും ലംഘനം ഉണ്ടായാൽ ജയിൽ ശിക്ഷയായിരിക്കും ലഭിക്കുക. യുഎഇ ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്.

വിവാഹവേളയിലും മറ്റ് ആഘോഷങ്ങൾക്കിടയിലും സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. ഇത്തരക്കാരെ തടവിനോ പിഴയ്ക്കോ ശിക്ഷിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇത്തരം പ്രവൃത്തികൾ സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. സ്ത്രീകളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുന്നതും കുറ്റകരമാണെന്നും അധികൃതർ വ്യക്തമാക്കി. പൊതുപരിപാടികൾക്കിടെ ഫോട്ടോയെടുക്കാൻ സ്ത്രീകൾ സമ്മതിക്കുന്നതിന് അർത്ഥം അത് ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്നല്ലെന്നും ആഭ്യന്തര മന്ത്രിയുടെയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെയും ഗവേഷകയായ മിലൻ ഷറഫ് പറഞ്ഞു.