- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരീനാഥും വിജയകുമാറും 50,000 കടന്ന് ഇഞ്ചോടിഞ്ച് പോരാടുന്നു; രാജഗോപാൽ 35,000ത്തിൽ ഒതുങ്ങും; നേരിയ മുൻതൂക്കം സിപിഎമ്മിന്; ചന്ദനമഴക്കാരിയുടെ കണ്ണെഴുത്ത് ബിജെപിക്ക് വിനയായപ്പോൾ പീതാംബരന്റെ ഫോട്ടോ യുഡിഎഫിനും പാരയായി: അരുവിക്കരയിലെ അവസാന കാഴ്ച ഇങ്ങനെ
തിരുവനന്തപുരം: അരുവിക്കരക്കാരുടെ മനസ്സിൽ എന്തുണ്ടെന്ന് നാളെ അവർ പറയും. ചൊവ്വാഴ്ച കേരളം മുഴുവൻ അറിയും. അരുവിക്കര മണ്ഡലം മുഴുവൻ ചുറ്റിക്കറങ്ങിയ ഈ ലേഖകൻ കണ്ടത് അവസാന നിമിഷത്തെ ശ്രദ്ധേയമായ അടിയൊഴുക്കുകൾ ആണ്. മൂന്നു സ്ഥാനാർത്ഥികൾക്കും ഒരേതരത്തിലുള്ള ആത്മവിശ്വാസം ഒരുപക്ഷേ, ആദ്യമായിരിക്കാം. മൂന്നു കൂട്ടരും പരമാവധി കഷ്ടപ്പെട്ട് കഴി

തിരുവനന്തപുരം: അരുവിക്കരക്കാരുടെ മനസ്സിൽ എന്തുണ്ടെന്ന് നാളെ അവർ പറയും. ചൊവ്വാഴ്ച കേരളം മുഴുവൻ അറിയും. അരുവിക്കര മണ്ഡലം മുഴുവൻ ചുറ്റിക്കറങ്ങിയ ഈ ലേഖകൻ കണ്ടത് അവസാന നിമിഷത്തെ ശ്രദ്ധേയമായ അടിയൊഴുക്കുകൾ ആണ്. മൂന്നു സ്ഥാനാർത്ഥികൾക്കും ഒരേതരത്തിലുള്ള ആത്മവിശ്വാസം ഒരുപക്ഷേ, ആദ്യമായിരിക്കാം. മൂന്നു കൂട്ടരും പരമാവധി കഷ്ടപ്പെട്ട് കഴിഞ്ഞു. അപ്രതീക്ഷിതമായ ചില പ്രതികരണങ്ങളിൽ വിശ്വസിച്ച് വിജയം പ്രതീക്ഷിച്ച് തന്നെ കഴിയുന്നു. അരുവിക്കരയിൽ പ്രവർത്തിച്ച നേതാക്കളുടെ മനസ്സും സാധാരണക്കാരുടെ മനസ്സും തേടി നടന്നപ്പോൾ ഒന്നു തീർത്തു പറയാം. പ്രവചനാതീതമാണ് ഫലം. ആരു ജയിക്കും എന്ന് നിശ്ചയിക്കാൻ ആർക്കും കഴിയാത്ത അവസ്ഥ.
ഏറ്റവും കൂടുതൽ മുന്നേറ്റം നടത്തുന്നത് ബിജെപി ആയിരിക്കുമെന്ന് നിസ്സംശയം പറയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7694 വോട്ട് മാത്രം നേടിയ ബിജെപി ഇക്കുറി അഞ്ചിരട്ടിയെങ്കിലും വോട്ട് കൂടുതൽ നേടും. നേമത്തും നെയ്യാറ്റിൻകരയിലും കയറി ചെല്ലാൻ പോലും സാധിക്കാത്ത വാർഡുകൾ ഉണ്ടായിട്ടും നേമത്ത് രണ്ടാം സ്ഥാനത്ത് എത്തിയ രാജഗോപാലിന് എല്ലായിടത്തും സ്വാധീനമുള്ള അരുവിക്കരയിൽ ജയിക്കാൻ ആകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. എന്നാൽ മണ്ഡലത്തിലെ സർവ്വ ഇടങ്ങളിലൂടെയും ഓട്ടപ്രദക്ഷിണം നടത്തിയ ഈ ലേഖകൻ നൽകുന്നത് പരമാവധി 35000 വോട്ടുകളാണ്. 23000ത്തിനും 36000ത്തിനും ഇടയിൽ വോട്ടയിരിക്കും രാജഗോപാലിനെ തേടിയെത്തുക. ഒന്നരലക്ഷത്തിന് അടുത്ത് വോട്ടിങ്ങ് നടക്കാനിടയുള്ള മണ്ഡലത്തിൽ ഇതുപക്ഷേ, വിജയത്തിന് അടുത്തുള്ള അംഗസംഖ്യ ആവില്ല.
ബിജെപി നേതാവും പക്ഷേ, ഇത് സമ്മതിക്കുന്നില്ല. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രണ്ടാമത് എത്താമെങ്കിൽ പിന്നെ എന്തുകൊണ്ട് അരുവിക്കരയിൽ സാധിക്കില്ല എന്നാണ് അവരുടെ ചോദ്യം. കോൺഗ്രസിന്റെ കൊടികൾ എല്ലാ വീടുകളിലും നാട്ടിയിരിക്കുന്ന ഒരു പ്രദേശത്ത് കൂടി കടന്ന് പോയപ്പോൾ അപ്രതീക്ഷിതമായി ചിലർ എത്തി രാജേട്ടനെ ഷാൾ പുതപ്പിച്ച അനുഭവം ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നേതാവ് ജോർജ്ജ് കുര്യൻ മറുനാടനോട് പറഞ്ഞത് വളരെ വിശ്വസനീയമാണെന്ന് പറയുന്ന ഒരു കണക്കാണ്. ബിജെപി വോട്ടർമാരിൽ പലരും നിശബ്ദ വോട്ടർമാരാണ് എന്നതാണ് ബിജെപി അനുകൂല ഏറ്റവും പ്രധാന ഘടകം. പുറമേ കോൺഗ്രസിനോ സിപിഎമ്മിനോ വോട്ട് ചെയ്യുന്നവർ എന്നു കരുതുന്ന പലരും സമയമാകുമ്പോൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. കുറച്ചൊക്കെ സത്യം ആണ് താനും. കോൺഗ്രസിലേയും സിപിഎമ്മിലേയും ബിജെപിക്കാരെ തിരിച്ചറിയാൻ ആ പാർട്ടികൾക്ക് കഴിയുന്നില്ലെന്നതാണ് സത്യം. അങ്ങനെ എങ്കിൽ പുറമേ കാണുന്ന കാഴ്ച ആയിരിക്കില്ല പോളിങ്ങ് ബൂത്തിൽ കാണുന്നത്.
ആകെ 1,76,707 വോട്ടർമാർ ആണ് അരുവിക്കരയിൽ. 80 ശതമാനം വരെ വോട്ടിങ്ങ് നടക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ മൂന്നു സ്ഥാനാർത്ഥികളും ഏറെ വിയർക്കേണ്ടി വരും. പിസി ജോർജ്ജിന്റെ പാർട്ടിയും പിഡിപിയും അടക്കമുള്ള മറ്റെല്ലാ പാർട്ടികളും ചേർന്ന് 7000 വോട്ടിൽ കൂടുതൽ പിടിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിൽ ഒരുലക്ഷത്തിൽ അധികം വോട്ടുകൾ വീതം ശബരീനാഥനും വിജയകുമാറിനും തമ്മിൽ മത്സരിക്കേണ്ടി വരും. 55000 വോട്ടെങ്കിലും നേടിയാൽ മാത്രമേ വിജയിക്കാൻ സാധിക്കൂ എന്ന് ഇരുവരും പറയുന്നത് അതുകൊണ്ടാണ്. സിപിഐ(എം) മൂന്നാം സ്ഥാനത്ത് എത്തുമെന്ന് കോൺഗ്രസ് ആരോപിക്കുമ്പോഴും വിജയകുമാറുമായി കടുത്ത മത്സരമാണെന്ന് അവരുടെ നേതാക്കൾ സമ്മതിക്കുന്നുണ്ട്. വിജയകുമാറിനല്ലാതെ മറ്റൊരു സ്ഥാനാർത്ഥിക്കും വിജയം ഉണ്ടാകില്ലെന്ന് സിപിഐ(എം) പറയുമ്പോഴും അവരുടെ ക്യാമ്പുകളിൽ ആത്മവിശ്വാസം പോര. ആരു ജയിച്ചാലും ഭൂരിപക്ഷം നാമമാത്രം ആയിരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ അടിയൊഴുക്കുകൾ സൂചിപ്പിക്കുന്നത്.

[BLURB#1-VL]കാർത്തികേയന്റെ മണ്ഡലം എന്ന നിലയിൽ മകൻ ശബരീനാഥന് വിജയം കണ്ടെത്തുക എളുപ്പമാണെന്നാണ് കോൺഗ്രസിന്റെ കണക്ക്കൂട്ടൽ. ആരോപണങ്ങൾ ഏറെയുണ്ടെങ്കിലും അവയൊക്കെ തെളിവില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് എന്ന ഫീൽ ഉണ്ടാക്കാൻ ഒരു പരിധിവരെ പത്രമുത്തശ്ശിമാരുടെ സഹായത്തോടെ ഉമ്മൻ ചാണ്ടിയെ സഹായിക്കുന്നതാണ് പ്രധാന വിജയമാകുന്നത്. ദേശീയ ഗെയിംസിലെ ആരോപണങ്ങളിൽ നിന്നും സിബിഐ കുറ്റവിമുക്തമാക്കിയതും സോളാർ കേസിൽ സരിത ശിക്ഷിക്കപ്പെട്ടതും മുതലെടുക്കാൻ ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും കഴിഞ്ഞു. വിഴിഞ്ഞം അടക്കമുള്ള വികസന പദ്ധതികളും യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. സ്ഥാനാർത്ഥി എന്ന നിലയിലുള്ള ശബരീനാഥിന്റെ പ്രവർത്തനവും മികച്ചതായി വിലയിരുത്തപ്പെടുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ട ശേഷമാണ് ഖദർ അണിയുന്നതെങ്കിലും സ്ഥിരപരിചിതനായ ഒരു യുവാവിന്റേത് പോലെ പെരുമാറാൻ ശബരീനാഥിന് കഴിയുന്നുവെന്നാണ് ഇതുവരെയുള്ള പ്രചരണം തെളിയിക്കുന്നത്. എന്നാൽ 55000 വോട്ട് എന്ന കടമ്പ കടക്കാൻ കഴിയുമോ എന്ന പേടി യുഡിഎഫ് ക്യാമ്പിൽ ഇല്ലാതില്ല. ദുർബലനായ ആർഎസ്‌പി സ്ഥാനാർത്ഥി മത്സരിച്ചിട്ടും 56,797 വോട്ട് മാത്രമാണ് കാർത്തികേയൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയത്. എന്നാൽ കാർത്തികേയന്റെ മരണം ഉണ്ടാക്കിയ സാഹചര്യം തുണയ്ക്കുമെന്നാണ് കോൺഗ്രസുകാർ കരുതുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സിപിഎമ്മിന് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ രാജഗോപാൽ രംഗപ്രവേശം ചെയ്തതോടെ സിപിഎമ്മിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുകയായിരുന്നു. ബിജെപി കാര്യമായ മുന്നേറ്റം നേടുമെന്ന സ്ഥിതിയിൽ സിപിഐ(എം) തന്ത്രങ്ങൾ മാറ്റിപയറ്റി. പത്ത് ശതമാനത്തോളം സിപിഐ(എം) വോട്ടുകൾ ബിജെപിക്ക് ചോരും എന്ന തോന്നൽ ശക്തമായി. അരുവിക്കരയിലെ പാർട്ടി സംവിധാനങ്ങൾ വളരെ ദുർബലമാണ് എന്നാണ് പിണറായിയുടെ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. തുടർന്ന് വിഎസും പിണറായിയും ദ്വിമുഖ തന്ത്രവുമായി രംഗത്തിറങ്ങുകയായിരുന്നു. വിഎസിന്റെ ജനകീയ മുഖം മുതലെടുക്കാൻ ഒട്ടേറെ പൊതുപരിപാടികളിലും റോഡ് ഷോകളിലും വരെ പങ്കെടുത്തു. അക്ഷരാർത്ഥത്തിൽ വി എസ് ഇളക്കി മറിക്കുകയായിരുന്നു. പ്രസംഗിക്കാൻ നിൽക്കുമ്പോൾ 93കാരനായ വി എസ് ചിലപ്പോൾ മൈക്കിലൂടെ ഊതി നോക്കുമായിരുന്നു. ഈ ഊതൽ കേൾക്കുമ്പോൾ പോലും ആരവം ഉയരുന്ന കാഴ്ച അത്ഭുതാവഹമായാണ് പാർട്ടി പോലും മനസ്സിലാക്കിയത്.

[BLURB#2-VR]ഒരുപരിധി വരെ പാർട്ടിയിലെ പടലപിണക്കങ്ങൾക്കിടയിലുള്ള ഒരു ശക്തിപ്രകടനമായി വി എസ് ഇതിനെ എടുക്കുകയായിരുന്നു. ഇത് സിപിഎമ്മിനെ വലിയ തോതിൽ സഹായിച്ചു. വിഎസിന്റെ പ്രയോഗങ്ങൾ പോലും തെരഞ്ഞെടുപ്പിൽ തരംഗമായി ആറാട്ട് മുണ്ടൻ എന്ന് ആന്റണിയെ വിളിച്ചത് അതിൽ ഒന്നു മാത്രം. തിരുവിതാംകൂർ രാജാക്കന്മാർ തിരുവെഴുന്നള്ളത്ത് നടത്തുമ്പോൾ മുന്നേ നടത്തിയിരുന്നവരാണ് ആറാട്ട് മുണ്ടന്മാർ. പൊതുവേ മെലിഞ്ഞുണങ്ങിയ രാജാക്കന്മാരേക്കാൾ മോശക്കാരെ കണ്ടെത്തിയാണ് ഇങ്ങനെ ചെയ്യിച്ചിരുന്നത്. ഇത്തരം ഒരു മോശക്കാരെ കണ്ടാൽ മാത്രമേ രാജാവിന്റെ മഹത്വം കാണിക്കാൻ കഴിയൂ എന്നതുകൊണ്ടായിരുന്നു ഈ രീതി. ആന്റണിയെ അങ്ങനെ നിർത്തിയിരിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ അഴിമതിയെക്കാൾ വലിയ അഴിമതിക്കാരൻ(യുപിഎ സർക്കാർ) ആയതുകൊണ്ടാണ് എന്ന അർത്ഥത്തിലുള്ള പ്രയോഗം തെരഞ്ഞെടുപ്പിൽ വലിയ ആരോപണങ്ങൾ ആണ് ഉണ്ടാക്കിയത്.
ജനക്കൂട്ടത്തെ ഒപ്പം കൂട്ടുന്ന ധർമ്മം വി എസ് ഏറ്റെടുത്തപ്പോൾ പാർട്ടി വോട്ടുകൾ ചോരാതിരിക്കാൻ പിണറായിയും വിയർപ്പൊഴുക്കി. ഓരോ ബ്രാഞ്ച് കമ്മറ്റിയും സന്ദർശിച്ച് നടത്തിയ പിണറായിയുടെ കാച്ചിക്കുറുക്കിയ പ്രവർത്തനം ചില്ലറ ഗുണമല്ല ഉണ്ടാക്കിയത്. ബിജെപിയിലേക്ക് ഒഴുകിപ്പോകേണ്ടിയിരുന്ന 7000 വോട്ടുകളെങ്കിലും സിപിഎമ്മിന് ഉറപ്പ് വരുത്താൻ പിണറായിക്ക് കഴിഞ്ഞു. വി എസ് മുഖമായി മാറിയതോടെ ഈഴവ സമൂഹത്തിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടഞ്ഞതിന് പിന്നാലെയാണ് പിണറായിയുടെ ഇടപെടൽ പാർട്ടി വോട്ടുകൾ തടഞ്ഞ് കൂട്ടിയത്. ഇത്തരം ഇടപെടൽ മൂലം 50000 വോട്ട് കടക്കും എന്ന ആത്മവിശ്വാസം സിപിഐ(എം) വൃത്തങ്ങൾ പുലർത്തുന്നു. എങ്ങനെ വന്നാലും വിജയം കയ്യാലപ്പുറത്തെ തേങ്ങ തന്നെയാണ്. ശബരീനാഥിനും വിജയകുമാറിനും ഒരുപോലെ വോട്ട് പിടിക്കാൻ കഴിഞ്ഞിരിക്കുന്നു. ഇരുവരും 50000 കടന്ന് നേരിയ നേട്ടത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.

അവസാന മൂന്നു ദിവസത്തെ അടിയൊഴുക്കുകൾ തന്നെയാണ് നിർണായകമായത്. രാജഗോപാലിന് വേണ്ടി ബിജെപി ക്യാമ്പയിനിൽ എത്തിയ സീരിയൽ നായിക മേഘ്‌നയുടെ കണ്ണെഴുത്ത് പ്രയോഗം ബിജെപിക്ക് ചില്ലറ ക്ഷീണം അല്ല ഉണ്ടാക്കിയത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള ഉമ്മൻ ചാണ്ടിയുടെ പര്യടനത്തിനിടെ ഫോട്ടോഗ്രാഫർ പീതാംബരൻ എടുത്ത ചിത്രത്തിനും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടായിരുന്നു ബിജെപി സീരിയൽ താരത്തെ രംഗത്തിറക്കിയത്. എന്നാൽ, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളെ വിദേശരാജ്യങ്ങളാക്കിയുള്ള പ്രസ്താവനയും മേക്കപ്പിടൽ പ്രസ്താവനയും കൂടിയായപ്പോൾ ബിജെപിക്ക് സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അരുവിക്കരയിലെ റോഡുകളെ ഉദ്ദേശിച്ചാണ് മേക്കപ്പിടൽ പ്രസ്താവന പുറത്തുവന്നതെങ്കിലും ഇത് ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയത്. സീരിയൽ താരത്തിന്റെ പ്രസ്താവനകൾ ബിജെപിക്ക് തിരിച്ചടിയായെന്നാണ് പൊതുവിൽ വിലയിരുത്തൽ.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുന്നോട്ടുവച്ച വികസന മുദ്രാവാക്യത്തിനേറ്റ തിരിച്ചടിയായിരുന്നു ഡെക്കാൺ ക്രോണിക്കിൾ ഫോട്ടോഗ്രാഫർ പീതാംബരൻ എടുത്ത ചിത്രം. പൊട്ടിപ്പൊളിഞ്ഞ റോഡ് തന്നയാണ് അരുവിക്കരയിൽ ഉള്ളതെന്ന വിധത്തിലേക്ക് പ്രചരണം എത്താൻ ഈ ഫോട്ടോയോടെ അധികം സമയം വേണ്ടിവന്നില്ല. പീതാംബരനെ മർദ്ദിക്കുക കൂടി ചെയ്തതോടെ മാദ്ധ്യമപ്രവർത്തകരും യുഡിഎഫിന് എതിരായി മാറി. കുളമായ റോഡിന്റെ പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രിയുടെ ചിത്രം ഫേസ്‌ബുക്കിൽ വൈറലായത് മാത്രം മതി യുഡിഎഫിന് എതിരായ വികാരം ശക്തമാണെന്ന് മനസിലാക്കാൻ. എങ്കിൽ കൂടിയും പുറമേയുള്ള കാര്യങ്ങൾക്കപ്പുറം മണ്ഡലത്തിന്റെ മനസിലിരിപ്പ് എന്താണെന്ന് അറിയണമെങ്കിൽ വോട്ടെടുപ്പ് കഴിഞ്ഞ് പെട്ടിപൊട്ടിക്കേണ്ടി വരും.

