തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോകൂടി ഉണ്ടാകും.

മെയ് മാസത്തിനുശേഷം നടത്തപ്പെടുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോകൂടി ചേർക്കേണ്ടതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർേദശമാണ് ഈ സാഹചര്യം ഒരുക്കുന്നത്. അപരന്മാർ വോട്ട് ചോർത്തുന്നത് തടയാനാണ് പുതിയ നീക്കം

പോസ്റ്റൽ ബാലറ്റ് പേപ്പറിലും സാധാരണ ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തിൽ പ്രദർശിപ്പിക്കുന്ന ബാലറ്റ് പേപ്പറിലും സ്ഥാനാർത്ഥിയുടെ ഫോട്ടോകൂടി അച്ചടിക്കും. സ്ഥാനാർത്ഥിയുടെ പേര് അച്ചടിക്കുന്ന പാനലിൽ പേരിനും ചിഹ്നത്തിനുമിടയിലാണ് ഫോട്ടോ ചേർക്കുക. മൂന്ന് മാസങ്ങൾക്കുള്ളിൽ എടുത്തിട്ടുള്ള ഫോട്ടോ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികയോടൊപ്പം വരണാധികാരിക്ക് നൽകണം. നാമനിർേദശ പത്രികയോടൊപ്പമോ സൂക്ഷ്മപരിശോധന നടത്തുന്ന അവസാന തീയതിക്കകമോ ഫോട്ടോ വരണാധികാരിക്ക് സമർപ്പിക്കണം.

ഫോട്ടോ നൽകാത്ത സ്ഥാനാർത്ഥികളുടെ ഫോട്ടോ ബാലറ്റ് പേപ്പറിൽ അച്ചടിക്കില്ല. എന്നാൽ, ഫോട്ടോ നൽകാൻ വിസമ്മതിച്ചു എന്ന കാരണത്താൽ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക തള്ളിക്കളയാൻ പാടില്ലെന്നും ചീഫ് ഇലക്ടറൽ ഓഫീസർ നളിനി നെറ്റോ പറഞ്ഞു. അപരന്മാരെ നിയന്ത്രിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ തീരുമാനവും. മെയ്‌ മാസത്തിന് ശേഷം രാജ്യത്ത് നടക്കാനിടയുള്ള ആദ്യ തെരഞ്ഞെടുപ്പ് അരുവിക്കരയിലേതാകും. അതുകൊണ്ട് തന്നെ അരുവിക്കര ഉപതെരഞ്ഞെടുപ്പിലാകും ഈ സംവിധാനം ആദ്യം നടപ്പാക്കുക എന്നാണ് സൂചന.

സ്പീക്കർ ജി കാർത്തികേയൻ മരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന അരുവിക്കരയിൽ അടുത്ത മാസം നടക്കുമെന്നാണ് സൂചന. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് ക്മ്മീഷൻ പൂർത്തിയാക്കുകയാണ്. ഉടനെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.