ചെന്നൈ: തെന്നിന്ത്യൻ നടൻ അർജുൻ സർജയ്‌ക്കെതിരെ നടന്ന മീ ടു വെളിപ്പെടുത്തലിന് പിന്നാലെ നടനും സംവിധായകനുമായ ത്യാഗരാജനെതിരെയും മീ ടു വെളിപ്പെടുത്തൽ. വനിതാ ഫോട്ടോഗ്രാഫർ പ്രതിക മേനോനാണ് ത്യാഗരാജനെതിരെ ഫേസ്‌ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

'പൊന്നാർ ശങ്കർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ത്യാഗരാജൻ തന്നോട് മോശമായി പെരുമാറിയെന്നാണ് പ്രതികയുടെ വെളിപ്പെടുത്തൽ. ത്യാഗരാജന്റെ മകൻ പ്രശാന്ത് നായകനായ ചിത്രമാണ് പൊന്നാർ ശങ്കർ. കോയമ്പത്തൂരിൽ വച്ചായിരുന്നു ചിത്രീകരണം.

കോളേജ് പഠനം പൂർത്തിയാക്കി ഫോട്ടോഗ്രഫി മോഹവുമായി നടക്കുമ്പോഴാണ് 2010 ൽ സുഹൃത്ത് വഴി ത്യാഗരാജന്റെ ചിത്രത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. ചിത്രീകരണത്തിനിടെ തന്നെ എപ്പോഴും ത്യാഗരാജൻ ഒപ്പം നിർത്തിയിരുന്നു.

'ഒരു ദിവസം രാത്രി താൻ താമസിക്കുന്ന ഹോട്ടൽ മുറിയുടെ വാതിലിൽ മൂന്ന് തവണയാണ് ത്യാഗരാജൻ തട്ടി വിളിച്ചത്. പുലർച്ചെ നാല് മണിവരെ ഇത് തുടർന്നു. പേടിച്ച് ജീവിതത്തോടും ശരീരത്തോടും വെറുപ്പ് തോന്നിയ നിമിഷമായിരുന്നു. പേടി മാറാൻ മണിക്കൂറുകളോളം സുഹൃത്തുമായി സംസാരിക്കുകയായിരുന്നു താനെന്നും പ്രതിക കുറിച്ചു.

പിറ്റേന്ന് സെറ്റിലെത്തിയ തന്നോട് ജലദേഷത്തിന് മരുന്നും ബ്രാണ്ടിയും നൽകാനാണ് വന്നതെന്നായിരുന്നു ത്യാഗരാജന്റെ മറുപടി. സംവിധായകനൊപ്പം ഒരുമിച്ച് ഉറങ്ങാൻ തയ്യാറാകാതിരുന്ന തന്നെ ചെയ്ത ജോലിയുടെ പ്രതിഫലം പോലും നൽകാതെ സെറ്റിൽനിന്ന് ഇറക്കിവിട്ടുവെന്നും പ്രതിക പറയുന്നു.