മനാമ: ബഹ്റൈൻ കേരള സമാജവും ഇന്റർകോൾ ക്യാനോണും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി എക്‌സിബിഷൻ 25, 26, 27 തീയതികളിലായി നടക്കും. പ്രദർശനത്തിൽ എൺപതോളം വരുന്ന ഫോട്ടോഗ്രാഫി ക്ലബ് അംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പകർത്തിയ നൂറ്റി അൻപതിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

25 ന് രാത്രി 7 മണിക്ക് ബഹറിൻ കേരള സമാജത്തിലെ പുതിയ ഹാളിൽ വെച്ച് ആയിരിക്കും പ്രദർശനത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. തുടർന്ന് വിവിധ ഫോട്ടോഗ്രാഫർമാരുടെ വ്യത്യസ്തങ്ങളായ ഫോട്ടോഗ്രാഫി അനുഭവങ്ങളും പങ്കുവെക്കും.

ഫോട്ടോഗ്രാഫി ക്ലബ് അംഗങ്ങളുടെ കഴിവും, വൈദഗ്ധ്യവും പ്രദർശിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ നടത്തപ്പെടുന്ന എക്സിബിഷനിൽ, പക്ഷികൾ, വ്യക്തികൾ, സംസ്‌കാരം, കലകൾ, സ്പോർട്സ് തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും ചിത്രങ്ങൾ പ്രദർശിപ്പിക്കുക.

25 ന് രാത്രി 7 മുതൽ 10.30 വരെയും , 26 നും 27 നും രാത്രി 9 മുതൽ 10.30 വരെയും ആയിരിക്കും എക്‌സിബിഷൻ നടക്കുക. ഈ അസുലഭ അവസരം പ്രയോജനപ്പെടുത്തുവാൻ എല്ലാ ഫോട്ടോഗ്രാഫി ആസ്വാദകരെയും ബഹറിൻ കേരളാ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.