താൻ പ്രണയത്തിലാണെന്നും തൽക്കാലം അതാരെന്നു വെളിപ്പെടുത്തില്ലെന്നും കഴിഞ്ഞ ദിവസം നടി പ്രിയാമണി അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാപ്പരാസികൾക്ക് ഇത്രയും പോരേ. ആ അജ്ഞാത കാമുകനെ കണ്ടെത്താൻ നെട്ടോട്ടമായി പിന്നെ. ഒടുവിലിതാ കാമുകനെയും കൊണ്ട് അവരെത്തിയിരിക്കുന്നു.

മുസ്തഫ രാജ് എന്ന ബിസിനസുകാരനാണത്രെ പ്രിയയുടെ കാമുകൻ. ഇവർ തമ്മിലുള്ള വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

വിവാഹക്കാര്യം ചോദിച്ചപ്പോൾ താൻ പ്രണയത്തിലാണെന്നും പ്രണയിച്ചു മാത്രമേ വിവാഹം കഴിക്കു എന്നുമാണ് കഴിഞ്ഞ ദിവസം പ്രിയ പറഞ്ഞത്. എന്നാൽ വിവാഹം ചെയ്യാൻ പോകുന്ന ആളെക്കുറിച്ചോ, അദ്ദേഹത്തിന്റെ പേരോ വെളിപ്പെടുത്താൻ നടി തയ്യാറായില്ല. ഇതെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രിയാമണിയുടെ കാമുകന്റെ പേര് മാത്രമല്ല, അദ്ദേഹത്തിനൊപ്പം പ്രിയ നിൽക്കുന്ന ചില സ്വകാര്യ ഫോട്ടോകളും കണ്ടെടുത്തത്.

മുസ്തഫ രാജുമായുള്ള വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചെന്നാണ് വിവരം. അടുത്ത വർഷം വിവാഹമുണ്ടാകും. സിനിമയിൽ നിന്നല്ല തന്റെ വരൻ എന്ന് നേരത്തെ പ്രിയ വ്യക്തമാക്കിയതാണ്. ബിസിനസ് ബാക്ക്ഗ്രൗണ്ടിൽ നിന്നുമാണ് മുസ്തഫ വരുന്നത്.

നേരത്തെ, ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകൻ ഗോവിന്ദ് പത്മസൂര്യയുമായി പ്രിയ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പരന്നിരുന്നു. ഗോസിപ്പ് സീരിയസായപ്പോൾ വാർത്ത നിഷേധിച്ച് പ്രിയാമണി തന്നെ രംഗത്തെത്തി. ഗോവിന്ദുമായി സൗഹൃദം മാത്രമേയുള്ളൂ എന്നും നടി വ്യക്തമാക്കി.

മുസ്തഫയ്‌ക്കൊപ്പം പല പരിപാടികളിലും പ്രിയാമണി എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുകയും ചെയ്തു. എന്നാൽ ഈ വിവരങ്ങളൊക്കെ ഇപ്പോഴാണ് പുറത്തുവരുന്നത്. തന്റെ നിലപാടുകൾ ആരെയും ഭയക്കാതെ തുറന്നുപറയാൻ ഒരു മടിയുമില്ലാത്ത ബോൾഡായ വ്യക്തിയാണ് ദേശീയ അവാർഡ് ജേത്രി കൂടിയായ പ്രിയാമണി. പ്രണയത്തിന്റെ കാര്യം വന്നപ്പോഴും അങ്ങനെയായിരുന്നു.

മുസ്തഫയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇപ്പോഴും ലഭ്യമല്ല. സിനിമാ ഫീൽഡിൽ നിന്നുള്ളതല്ലെന്ന് മാത്രമാണ് ലഭ്യമായ വിവരം. വൈകാതെ പ്രിയാമണി തന്നെ അക്കാര്യം പറയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.