തിരുവനന്തപുരം: സൈബർ ലോകത്തെ തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റവും ശക്തമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഓരോ രാഷ്ട്രീയ പാർട്ടികളും സൈബർ ലോകത്ത് പ്രത്യേകം സേനകളെ തന്നെ രൂപീകരിച്ചാണ് പ്രചരണം കൊഴുപ്പിച്ചത്. അതുകൊണ്ട് തന്നെ ഫേസ്‌ബുക്കിൽ അക്കൗണ്ടില്ലാത്ത സ്ഥാനാർത്ഥികൾ പോലും പ്രത്യേകം ആളുകളെ വച്ച് അക്കൗണ്ടുണ്ടാക്കി പ്രചരണം കൊഴുപ്പിച്ചു. പരസ്യപ്രചരണം കഴിഞ്ഞെങ്കെലും ഫേസ്‌ബുക്കിൽ പ്രചരണത്തിന്റെ കോലാഹലങ്ങളൊന്നും കഴിഞ്ഞിട്ടില്ല. ഇവിടെ തമ്മിലടിച്ചും ഫോട്ടോഷോപ്പിലൂടെയും അവസാന നിമിഷവും കൊണ്ടും കൊടുത്തും പ്രചരണം മുന്നോട്ടു പോകരുകയാണ്. ഏറ്റവും ഒടുവിൽ സൈബർ ലോകത്ത് യുദ്ധം തുടങ്ങിയത് വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലുമായി പ്രത്യക്ഷപ്പെട്ട ഒരു സർവേ റിപ്പോർട്ടിന്റെ ഫോട്ടോഷോപ്പിന്റെ പേരിലാണ്.

കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കുമ്പോൾ തന്നെ അവർക്ക് അതിന് സാധിക്കുമോ എന്ന ആശങ്കയാണ് എല്ലായിടത്തും. ഇതിനിടെയാണ് ഒരു സർവേയിൽ ബിജെപിക്ക് 22 സീറ്റുകൾ വരെ പ്രവചിക്കുന്ന സർവേ എന്ന വിധത്തിൽ ഒരു ഫോട്ടോഷോപ്പ് പ്രചരിച്ചത്. സിഎൻഎൻ - ഐബിഎൻ ചാനലിന്റെ പേരിലാണ് ഫോട്ടോഷോപ്പ് സർവേ പ്രചരിച്ചത്. ഇത് ബിജെപി അനുയായികൾ അടക്കമുള്ളവർ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, സിഎൻഎൻ - ഐബിഎൻ ചാനൽ ഇപ്പോൾ സിഎൻഎൻ ന്യൂസ് 18 ആയി മാറിയിട്ടുണ്ട്. ഇങ്ങനെയൊരു സർവേ ചാനൽ നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയിയൽ ഈ പോസ്റ്റർ പ്രചരരിച്ചത്.

ഇതോടെ ഫേക്ക് പോസ്റ്ററാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നു. സൈബർലോകത്ത് സംഘപരിവാർ ഫോട്ടോഷോപ്പ് പ്രചരണം എന്നാരോപിച്ച് നിരവധി പേരംഗത്തുവന്നു. യുഡിഎഫിന് 68 സീറ്റ് വരെ സർവേയിൽ പ്രചരിച്ചിരുന്നു. ഇതോടെ ഇടതുപ്രവർത്തകരാണ് കൂടുതലായി എതിർപ്പുയർത്തി രംഗത്തുവന്നത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സംഖ്യം 18 മുതൽ 22 വരെ സീറ്റുകൾ നേടുമെന്നാണ് സർവേഫലം.

60-68 സീറ്റുകളുമായി യുഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സർവേഫലം പ്രവചിക്കുന്നു. എൽഡിഎഫിന് 50-58 സീറ്റുകളും പ്രവചിച്ചു. ഏതെങ്കിലും മുന്നണിക്ക് സർക്കാർ രൂപീകരിക്കണമെങ്കിൽ ബിജെപിയുടെ പിന്തുണ കൂടിയേ തീരൂ എന്ന സൂചനയും സർവേയിലുണ്ട്. 22.24 ശതമാനം വോട്ട് ഷെയറുമായി ബിജെപി-ബിഡിജെഎസ് സംഖ്യം കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കുമെന്നാണത്രെ അഭിപ്രായ സർവേ സിഎൻഎൻ- ഐബിഎന്നിന്റെ പേരിൽ പ്രചരിക്കുന്ന അഭിപ്രായ സർവേ.

ഇതോടെ സൈബർ ലോകത്ത് സംഘപരിവാറിനെതിരെ വ്യപകമായി തോതിൽ പ്രചരണം ഉണ്ടായി. കൂടുതൽ വ്യക്തത വരുത്തിയുള്ള ചിത്രങ്ങളും പ്രചരിച്ചു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിനത്തിലെ സിഎൻഎൻ ടിവി സ്‌ക്രീൻഷോട്ട് എഡിറ്റ് ചെയ്താണ് ഈ വ്യാജ അഭിപ്രായ സർവേയുടെ പ്രചാരണം. ഇതോടെ പ്രതിരോധത്തിലായ സംഘപരിവാർ അനുയായകൾ തങ്ങളുടേതല്ലെ ഇത്തരമൊരു ഫേസ്‌ബുക്ക് പോസ്റ്ററെന്ന് വ്യക്തമാക്കി രംഗത്തെത്തി.

ബിജെപി പ്രവർത്തകരെ അപമാനിക്കാൻ വേണ്ടി സിപിഐ(എം) അനുയായികളാണ് ബിജെപിക്കാരുടെ പേരിൽ ഫോട്ടോഷോപ്പ് ഉണ്ടാക്കിയതെന്ന് പറഞ്ഞാണ് സംഘപരിവാർ അണികൾ രംഗത്തെത്തിയത്്. ഇതോടെ സോഷ്യൽ മീഡിയയിൽ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം മുറുകുകയും ചെയ്തു. ഇതേ ഫോട്ടോഷോപ്പ് ഉപയോഗിച്ച് സിപിഎമ്മിന് 126 സീറ്റ് വരെ ലഭിക്കുമെന്ന വിധത്തിൽ മറ്റൊരു ഫോട്ടോഷോപ്പും പ്രത്യക്ഷപ്പെട്ടു. ഇത് സൈബർ ലോകത്തെ പോരാട്ടം മുറുകാനും ഇടയാക്കി.

ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് എതിർപാർട്ടി അനുഭാവികളും ഉറപ്പായും കന്നിസീറ്റ് സ്വന്തമാക്കുമെന്ന് ബിജെപി അനുഭാവികളും തർക്കിക്കുമ്പോൾ സംസ്ഥാനത്തെ നിഷ്പക്ഷരായ വോട്ടർമാർ ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാനുള്ള ആകാംക്ഷയിലാണ്. അതുകൊണ്ട് തന്നെ ബിജെപി 22 വരെ സീറ്റുകൾ നേടുമെന്ന വ്യാജ അഭിപ്രായ സർവേഫലം ബിജെപി അണികൾ ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും പരമാവധി ഷെയർ ചെയ്യ്ത് വരുകയായിരുന്നു. ഇതാണ് ഫോട്ടോഷോപ്പിലൂടെ തകർന്നതെന്നാണ് സിപിഐ(എം)-കോൺഗ്രസ് അണികൾ ഒരുപോലെ അഭിപ്രായപ്പെട്ടത്. എന്തായാലും പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന അവസാന വേളയിലും സൈബർ ലോകത്ത് യുദ്ധം മൂർദ്ധന്യാവസ്ഥയിലാണ്.