അബൂദാബി: തട്ടിപ്പിൽ വേഗം വീഴുന്നവരാണ് മലയാളികളെന്ന് പല കഥകളിലൂടെയും തെളിഞ്ഞിട്ടുണ്ട്. പല വഴികളിലൂടെയാണ് തട്ടിപ്പ് വീരന്മാർ പണം കൈക്കലാക്കാൻ രംഗത്തെത്തുക. ഇപ്പോൾ അബുദബിയിൽ അത്തരമൊരു തന്ത്രവുമായാണ് മോഷ്ടക്കാൾ ഇറങ്ങിയിരിക്കുന്നത്.

മനഃപൂർവ്വം, എന്നാൽ അശ്രദ്ധമായി ഇരയുടെ ദേഹത്ത് തുപ്പുകയാണിതിൽ ആദ്യ പടി. അയ്യോ, കഷ്ടം എന്ന മുഖഭാവത്തോടെ തുപ്പൽ തുടയ്ക്കുന്നവൻ ഇരയുടെ പോക്കറ്റിലെ പഴ്‌സും അടിച്ചുമാറ്റുകയാണ് രീതി. അബൂദാബിയിലെ തിരക്കേറിയ തെരുവിൽ ഇത്തരം അടിച്ചുമാറ്റലിന് ഇരയായവർ ഏറേയാണ്.

എടിഎമ്മിൽ നിന്നും പതിനായിരം ദിർഹമെടുത്ത് റോഡിലൂടെ നടന്ന ബംഗ്ലാദേശി പൗരന് ഈ പണം നഷ്ടമായത് നിമിഷം കൊണ്ടാണ്. തുപ്പൽ തൂക്കാനെത്തിയ ആൾ പണവുമായി മുങ്ങി യതറിഞ്ഞ് അദ്ദേഹം അൽ ഷാബിഅ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

വാഹനത്തിന്റെ ടയറിലെ കാറ്റ് അഴിച്ചുവിട്ടും ചെറിയ ദിർഹം നോട്ടുകൾ റോഡുകളിൽ വിതറിയും ശരീരത്തിൽ മാലിന്യം തെറിപ്പിച്ചും മറ്റുമെല്ലാം ശ്രദ്ധ തിരിച്ചുനടത്തിയിരുന്ന കവർച്ചകൾക്ക് ശേഷമാണ് പുതിയ തന്ത്രവുമായി മോഷ്ടാക്കൾ എത്തിയിരിക്കുന്നത്.

മോഷ്ടാവിനെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ബാങ്കിൽ നിന്നും എ.ടി.എമ്മുകളിൽ നിന്നും പണവുമായി ഇറങ്ങുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കവർച്ചക്കാർ പുതിയ വിദ്യ കളുമായി രംഗത്തുവരുന്നുണ്ടെന്നും ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും കാപ്പിറ്റൽ പൊലീസ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടർ കേണൽ അഹമ്മദ് സെയ്ഫ് ബിൻ
സെയ്ത്തൂൻ അൽ മുഹൈരി പറഞ്ഞു.

പണം പിൻവലിക്കുമ്പോഴും മറ്റും സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണം. ബാങ്കുകളിലും എ.ടി.എമ്മുകളിലും കയറുന്നവരെ നിരീക്ഷിച്ച ശേഷമാണ് ഇത്തരക്കാർ കവർച്ച നടത്തുന്നത്. ഇത്തരത്തിലുള്ള കവർച്ചകൾ തടയുന്നതിന് പൊലീസ് തുടർച്ചയായ പരിശ്രമങ്ങൾ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.