ബ്രിട്ടൻ സമ്പന്ന രാജ്യമാണെന്നും ഇവിടെ ആരും ഒരു നേരം പോലും പട്ടിണി കിടക്കുന്നില്ലെന്നുമാണ് സായിപ്പന്മാർ എന്നും ഊറ്റം കൊള്ളാറുള്ളത്. എന്നാൽ ഒരു നൂറ്റാണ്ട് മുമ്പ് പോലും ബ്രിട്ടീഷ് തെരുവുകളിൽ അനേകം കുഞ്ഞുങ്ങൾ അലഞ്ഞു നടന്നിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അതനുസരിച്ച് ചെരുപ്പിടാതെയും കമ്പിളി പുതയ്ക്കാതെയും ഇവിടെ അനേകം പാവങ്ങൾ തണുപ്പിൽ ഒടുങ്ങിയെന്നും വെളിപ്പെട്ടിട്ടുണ്ട്. ഭിക്ഷ യാചിക്കുന്ന ഗർഭിണിയായ പത്ത് വയസുകാരിയടക്കമുള്ളവരുടെ പരിതാപകരമായ വിക്ടോറിയൻ ചിത്രങ്ങളാണിപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്.

ഇത്തരം കുട്ടികളോട് പലരും വളരെ ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത്. പല പെൺകുട്ടികളും കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞാണ് തെരുവിൽ അലഞ്ഞ് നടന്നിരുന്നത്. വയോജനങ്ങൾ ചെറിയ കുഞ്ഞുങ്ങളുമായി തെരുവിൽ നിസഹായരായി ഇരിക്കുന്ന ചിത്രങ്ങളും ഈ ശേഖരത്തിൽ കാണാം. ആലിസ് ഇൻ വർഡർലാൻഡിന്റെ സൃഷ്ടാവായ ലൂയിസ് കരോൾ പകർത്തിയ ചിത്രങ്ങളാണ് ഇതിൽ ചിലത്. ഇതിൽ ആലിസ് ലിഡെൽ എന്ന പെൺകുട്ടിയുടെ ചിത്രം കാണാം. ഭിക്ഷാടനം ചെയ്ത് കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് കഴിഞ്ഞിരുന്ന ഈ കുട്ടിയിൽ നിന്നും പ്രചോദനം കൊണ്ടാണ് ഇദ്ദേഹം ആലിസ് ഇൻ വൺഡർലാൻഡ് എന്നമഹത്തായ കൃതി രചിച്ചിരിക്കുന്നത്.

വിക്ടോറിയൻ കാലത്തെ തെരുവ് കുട്ടികൾ നഗരങ്ങളിലെ വൃത്തികെട്ട ഇടവഴികളിലും തെരുവുകളിലുമാണ് നരകജീവിതം കഴിച്ചിരുന്നത്. ഇവരിൽ മിക്കവരും അനാഥരായിരുന്നുവെങ്കിലും മറ്റ് നിരവധി പേർ മദ്യപാനികളുടെ കുടുംബങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ടവരായിരുന്നു. ഈ കാലത്ത് കുട്ടികളുടെ അവകാശങ്ങൾ വേണ്ട വിധത്തിൽ സംരക്ഷിക്കപ്പെട്ടിരുന്നില്ലെന്നതിന് ഉദാഹരണമാണീ ചിത്രങ്ങൾ. ഇവരിൽ മിക്കവരും വേശ്യാവൃത്തിയെന്ന കെണിയിൽ അകപ്പെടുകയും ചെയ്തിരുന്നു. ജീവിക്കാൻ വേണ്ടിയായിരുന്നു ഇവരിൽ മിക്കവരും ഇതിലേക്ക് വഴുതി വീണിരുന്നത്. 1800കളുടെ അവസാനം വരെ ഇത്തരത്തിൽ കുട്ടികളുടെ വേശ്യാവൃത്തി തഴച്ച് വളരുകയും നഗരജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.