സിംഗപ്പൂർ: പ്രിസ്‌ക്രിപ്ഷനുമായി ഇനി ഫാർമസികളുടെ മുന്നിൽ ക്യൂ നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ട. സൗകര്യമുള്ള സമയത്ത് പോയി മരുന്നു ശേഖരിക്കുന്ന സംവിധാനവുമായി പിൽബോക്‌സ് എത്തി. ഇരുപത്തിനാലു മണിക്കൂറും സേവനം വാഗ്ദാനം ചെയ്യുന്ന പിൽ ബോക്‌സുകൾ നിലവിൽ മറൈൻ പരേഡ് പോളിക്ലിനിക്കാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രായമായവർക്കും മറ്റും ഏറെ സൗകര്യപ്രദമായിരിക്കുന്ന പിൽ ബോക്‌സുകളിലൂടെയുള്ള മരുന്നു വിതരണം ആഴ്ചയിൽ ഏഴു ദിവസവും ലഭ്യമാണ്. പബ്ലിക് ഹോളിഡേകൾ ഇതിന് ബാധകമാകുന്നില്ല.

പ്രിസ്‌ക്രിപ്ഷൻ ഇൻ എ ലോക്കർ ബോക്‌സ് (പിൽബോക്‌സ്) എന്ന ആശയവുമായി മുന്നോട്ടു വന്നത് മറൈൻ പരേഡ് പോളിക്ലിനിക്കാണ്. പിൽ ബോക്‌സിന്റെ സേവനം ലഭ്യമാകാൻ ആദ്യം ചെയ്യേണ്ടത് ഇതിന്റെ ഫാർമസി സ്റ്റാഫിനു സമീപം പ്രിസ്‌ക്രിപ്ഷനുമായി ചെന്ന് സൈൻ അപ്പ് ചെയ്യുകയാണ് വേണ്ടത്. ഫാർമസിയിൽ പ്രിസ്‌ക്രിപ്ഷൻ ഏൽപ്പിച്ച ശേഷം പിന്നീട് മരുന്ന് ശേഖരിക്കാൻ സൗകര്യപ്രദമായ ഡേറ്റ് നിശ്ചയിക്കാം. മരുന്ന് പിൽ ബോക്‌സിൽ കളക്റ്റ് ചെയ്യാൻ തയാറാകുമ്പോഴേയ്ക്കും എസ്എംഎസ് സന്ദേശം ലഭിക്കുകയും ചെയ്യും.

മരുന്ന ശേഖരിക്കേണ്ട ദിവസം രോഗിക്കോ അവരുടെ കെയർടേക്കറിനോ പിൽബോക്‌സ് സ്‌റ്റേഷനിൽ ചെന്ന് കിയോസ്‌കിലൂടെ പണം അടച്ച ശേഷം മരുന്ന് ശേഖരിക്കാവുന്നതാണ്. പിൽബോക്‌സ് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നുകൾ രോഗിക്ക് ശേഖരിക്കാം. ലോക്കറിൽ ഫാർമസിസ്റ്റ് കൊണ്ടു വയ്ക്കുന്നതാണ്. ലഭിച്ച മരുന്നുകൾ ലിസ്റ്റ് പ്രകാരം ശരിയാണോ എന്നു പരിശോധിച്ച ശേഷം രോഗിക്ക് മടങ്ങാം. നൂറിലേറെ രോഗികൾ ഇത്തരത്തിൽ ഇപ്പോൾ മറൈൻ പരേഡ് പോളിക്ലിനിക്കിന്റെ പിൽബോക്‌സ് ഉപയോക്താക്കളായിട്ടുണ്ട്. അടുത്ത വർഷം മുതൽ പിൽബോക്‌സ് ബഡോക്ക്, പുങ്കോൾ പോളിക്ലിനിക്കുകളിൽ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്.