ദോഹ: മരുഭൂമിയിൽ പച്ചപ്പ് സ്വപ്നം കണ്ട് ഒരു കൂട്ടം വീട്ടമ്മമാർ മുന്നിട്ടിറങ്ങിയപ്പോൾ അതൊരു വിപ്ലവത്തിനു തുടക്കമാകുകയാണ്. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത നെൽകൃഷിക്ക് പാടമൊരുക്കി ശഹാനിയിലെ ദൂസരി പാർക്കിൽ ഇന്നലെ കേരള കൃഷിമന്ത്രി കെ പി മോഹനൻ വിത്തെറിഞ്ഞു. മുഹമ്മദ് അൽ ദുസരി എന്ന സ്വദേശി നൽകിയ മൂന്ന് ഏക്കർ സ്ഥലത്താണ് മലയാളി വീട്ടുമ്മമാരുടെ നേതൃത്വത്തിലുള്ള അടുത്തളത്തോട്ടം ദോഹ എന്ന കൂട്ടായ്മ പൊന്ന് വിളയിക്കാൻ തയ്യാറെടുക്കുന്നത്.

ഹ്രസ്വ സന്ദർശനത്തിന് ദോഹയിലെത്തിയ മന്ത്രി കെ പി മോഹനനെക്കൊണ്ട് തന്നെ വിത്തെറിഞ്ഞ് സംരംഭത്തിന് തുടക്കമിടാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഇതിനു നേതൃത്വം നൽകുന്ന അംബര പവിത്രൻ ജിഷ കൃഷ്ണൻ, മീന ഫിലിപ്‌സ് എന്നിവർ പറയുന്നത്. പരീക്ഷണാർഥം മൂന്നു തരത്തിലുള്ള വിത്തുകളാണ് തുടക്കത്തിൽ ഇവിടെ പാകുന്നത്. ഒരിനം 120 ദിവസം കൊണ്ടും മറ്റു രണ്ടിനങ്ങൾ 150 ദിവസം കൊണ്ടും വിളവെടുക്കാവുന്നതാണ്.

വിത്തും നിലത്തു പാകാനുള്ള ചകിരിച്ചോറും അടക്കം എല്ലാം നാട്ടിൽ നിന്നു കൊണ്ടുവന്നവയാണ്. മലയാളിക്കൂട്ടായ്മയുടെ കൃഷിയിലുള്ള താത്പര്യം കണ്ട് മുഹമ്മദ് അൽ ദൂസരി ഇവർക്ക് കൃഷി ചെയ്യാൻ അരയേക്കർ സ്ഥലമാണ് നൽകിയിരിക്കുന്നത്. കൃഷിക്കുള്ള വെള്ളം ഇവിടത്തെ ഫാമിൽ നിന്നു തന്നെ നൽകും. കൂടാതെ ഓർഗാനിക് വളങ്ങളും ഫാം ഉടമസ്ഥനായ അൽ ദൂസരി തന്നെ നൽകും.
കൃഷിയിറക്കാനുള്ള സ്ഥലം ആദ്യം പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. എന്നാൽ ഇവിടത്തെ മണ്ണിൽ അമ്ലാംശം കൂടുതലായി കണ്ടെത്തിയതിനാൽ ഇതിന്റെ പിഎച്ച് നില സന്തുലിതപ്പെടുത്താൻ ആവശ്യമായ വളങ്ങൾ ചേർത്തതിനു ശേഷമാണ് നിലത്ത് കൃഷിയിറക്കിയത്.

അൽ ദൂസരി നൽകിയ സ്ഥലത്ത് നെൽകൃഷി കൂടാതെ വാഴ, പയർ, പാവൽ, ചേന, ചേമ്പ്, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറി കൃഷി നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘം. എന്നാൽ തണുപ്പുകാലം തുടങ്ങിയ ശേഷം മാത്രം ഇവയുടെ വിത്തുകൾ നടാൻ കരുതിയിരിക്കുകയാണിവർ.