- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടർ ഭരണ സ്വപ്നവുമായി നടത്തിയ പിആർ വർക്കെല്ലാം പൊളിഞ്ഞു; സ്വപ്നയേയും ശിവശങ്കറിനേയും കൈവിട്ട് പിടിച്ചു നിന്നപ്പോൾ ഇടിതീ പോലെ മയക്കുമരുന്ന് കേസ്; ജലീലിനെ നയതന്ത്ര ചട്ടലംഘനം കുരുക്കിയപ്പോൾ ബിനീഷ് കോടിയേരിയെ കുടുക്കി വഴിവിട്ട ബന്ധങ്ങൾ; വില്ലൻ റോളിൽ ഇപിയുടെ മകനും; ബിജെപിയും കോൺഗ്രസും പ്രതിഷേധം ഉയർത്തുമ്പോൾ പൊട്ടുന്നത് ഊതി വീർപ്പിച്ച ഇമേജ് ബലൂൺ; പ്രതിരോധത്തിന് ഇനി പൊട്ടിത്തെറിക്കുന്ന ആക്രമണ ശൈലി; മാധ്യമങ്ങളെ പഴി പറഞ്ഞ് കളം പിടിക്കാൻ പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രി ആകെ പ്രതിസന്ധിയിലാണ്. എല്ലാവരേയും പ്രതിരോധിക്കേണ്ട അവസ്ഥ. ആരേയും കൈവിടാൻ കഴിയുന്നതുമില്ല. മാസങ്ങൾക്ക് മുമ്പ് തുടർഭരണം സ്വപ്‌നം കണ്ടിരുന്ന പിണറായി. ഏഷ്യാനെറ്റ് ചാനലിന്റെ സർവ്വേയിൽ ഒന്നാമനായ നേതാവ്. കൃത്യമായ പിആർ വർക്കുകളിലൂടെ മുന്നോട്ട് നീങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ച ഭരണം നേതൃത്വം. എന്നാൽ നയതന്ത്ര കടത്തിൽ കാര്യങ്ങളെത്തിയതോടെ എല്ലാം കൈവിട്ടു. മന്ത്രി കെ ടി ജലീൽ സ്വയം കുഴിച്ച പത്രസമ്മേളന കുഴിയിൽ വീണു. അതിനിടെ ബംഗളൂരുവിലെ മയക്കുമരുന്ന് കേസ്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തപ്പോഴും മുഖ്യമന്ത്രി പിടിച്ചു നിന്നു. സർക്കാരിന് അതിൽ കാര്യമില്ലെന്ന് വിശദീകരിച്ചു. തൊട്ടു പിന്നാലെ ജലീലിനേയും ഇഡി പൊക്കി. നോട്ടീസും ചോദ്യം ചെയ്യലും ഒന്നും നടന്നില്ലെന്ന് കളവ് പറഞ്ഞ മന്ത്രിയും തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് പോയതുമെല്ലാം വിവാദമായി. തൊട്ടു പിറകെ മന്ത്രിപുത്രൻ കുടുക്കിലായി. ലൈഫ് മിഷനിൽ മന്ത്രി പുത്രനും കമ്മീഷൻ കിട്ടിയെന്ന വിവാദമെത്തി. എല്ലാത്തിനും പുറമേ സ്വപ്‌നാ സുരേഷും ഒത്തു നിൽക്കുന്ന ചിത്രവും പുറത്തായി. ഇതോടെ വെട്ടിലായത് മുഖ്യമന്ത്രിയാണ്.
ഊതി വീർപ്പിച്ച ഇമേജ് ബലൂൺ പൊട്ടി. സർക്കാരിനെ വെട്ടിലാക്കി സമരങ്ങൾ സജീവമായി. അതിശക്തമായ പ്രതിഷേധം ബിജെപിയും യുവമോർച്ചയും മഹിളാമോർച്ചയും ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പോലും ആരും കാര്യമാക്കുന്നില്ല. ബിജെപിയുടെ പ്രതിഷേധം കണ്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും തെരുവിൽ സീജവമായി. ഇതോടെ പൊട്ടിത്തെറിക്കുകയാണ് മുഖ്യമന്ത്രി. ഇനിയും അടുപ്പക്കാരുടെ പേര് ചർച്ചയാകുമോ എന്ന് മുഖ്യമന്ത്രി ആശങ്കപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരു പോലും പരസ്യം ചർച്ചകളിൽ ബിജെപി എത്തിക്കുന്നു. അങ്ങനെ അഴിമതി ആരോപണങ്ങളുടെ പെരുമഴയാണ് സർക്കാരിനെ തേടിയെത്തുന്നത്.
എൻഐഎ മുതൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരെയുള്ള കേന്ദ്ര ഏജൻസികളുടെ കൂട്ട അന്വേഷണത്തിൽ അടുത്തതായി എന്താണു പുറത്തുവരുന്നതെന്ന് ആർക്കും അറിയില്ല. സ്വർണ്ണ കടത്തിനൊപ്പം മയക്കുമരുന്ന് കൂടിയെത്തിയതാണ് ഇതിന് കാരണം. സിപിഎം അന്വേഷണ ഏജൻസികൾക്കെതിരെ തിരിയാനും തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി ആ നിലപാട് ഇനിയും സ്വീകരിക്കാനും കഴിയുന്നില്ല. തന്റെ ഓഫിസിനെ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണത്തിൽ കേന്ദ്രസർക്കാരിനെ പഴി പറയുന്നത് വിവാദം പുതിയ തലത്തിലെത്തും. എല്ലാം ശിവശങ്കറിൽ ഒതുങ്ങുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. നയതന്ത്ര കടത്തിലെ ചട്ടലംഘനം ജലീലിനേയും പ്രതിയാക്കുമെന്ന് കരുതി. ഖുറാൻ ഉയർത്തി അതിനെ പ്രതിരോധിക്കാമെന്നും കരുതി. ഇതിനിടെയാണ് ബിനീഷും ഇപി ജയരാജന്റെ മകനും സംശയ നിഴലിലായത്.
മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും തുടർന്നും ചോദ്യം ചെയ്യുമെന്ന സൂചന വന്നതും സിപിഎമ്മിനു തലവേദനയാകും. വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടില്ലെന്ന് ഇന്നലെയും വ്യക്തമായി. ജലീൽ അഴിമതിക്കാരനല്ലെന്നു തന്നെ സിപിഎം കരുതുന്നു. മന്ത്രിയെന്ന നിലയിൽ പാലിക്കേണ്ട 'നയതന്ത്രം' പക്ഷേ പാളി. ഇഡി ചോദ്യം ചെയ്‌തെന്ന പേരിൽ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കില്ല. അന്വേഷണ റിപ്പോർട്ട് എതിരായാൽ സാഹചര്യം മാറാം. ജലീലിനെ ചോദ്യം ചെയ്തത് ഇഡി മേധാവി ഡൽഹിയിൽ വെളിപ്പെടുത്തിയതിനു പിന്നിലും അതേ രാഷ്ട്രീയം കാണുന്നു. ബിനീഷ് കോടിയേരിയെ സംരക്ഷിക്കാൻ താനോ പാർട്ടിയോ തുനിയേണ്ടതില്ലെന്ന നിലപാടാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത്. എന്നാൽ ഇപിയെ കൈവിടാൻ മുഖ്യമന്ത്രിക്ക് കഴിയില്ല.
ഇതിനിടെ ലൈഫ് കമ്മിഷൻ ഇടപാടിൽ ഒരു മന്ത്രിപുത്രൻ കൂടി ഉൾപ്പെട്ടുവെന്ന വിവാദവും അയാളും സ്വപ്നയുമായി ഒന്നിച്ചുനിൽക്കുന്നതായി പ്രചരിക്കുന്ന ചിത്രവും പാർട്ടിയിൽ ആശയക്കുഴപ്പം കൂട്ടി. താഴേത്തട്ടിൽ അമർഷവും ആശങ്കയും നിറഞ്ഞ ചർച്ചകളുണ്ട്. ജയരാജന്റെ ഭാര്യ ബാങ്കിൽ പോയതിലും ലോക്കർ തുറന്നതിലും തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. മന്ത്രിയുടെ ഭാര്യ ബാങ്കിൽപ്പോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഒരു മാധ്യമം വാർത്തനൽകിയത്. ഏത് ഏജൻസിയാണ് അന്വേഷിക്കുന്നത്. ബാങ്കിലെ സീനിയർ മാനേജരായി റിട്ടയർചെയ്ത സ്ത്രീക്ക് ബാങ്കിൽ ലോക്കറുണ്ടായിരുന്നത് ഭയങ്കര ആശ്ചര്യമുള്ള കാര്യമാണോ. ഒരു പവൻ മാലയുടെ തൂക്കം നോക്കിച്ചു. ഇതാണോ വലിയ കുറ്റം. എന്തു പരാതിയാണ് അതിൽ പറയാൻ സാധിക്കുക. ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുകയാണ്. വസ്തുത ഒരുഭാഗം ഉണ്ടാകും. അവർ ബാങ്കിൽപ്പോയി. ലോക്കർ തുറന്നു. സ്വർണം തൂക്കി. അവർക്ക് അവിടെ പോകേണ്ട ആവശ്യമുണ്ടായിരിക്കാം. ഇതും അതുമായിട്ട് എന്താണ് ബന്ധം -മുഖ്യമന്ത്രി ചോദിച്ചു.
മകൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതിനു പിറകെയാണ് ഇന്ദിര ലോക്കർ തുറന്നതെന്നാണ് പത്രത്തിന്റെ കണ്ടെത്തൽ. അന്വേഷണ ഏജൻസികളെ ദുർബോധനപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തനിക്കെതിരേയും മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ കേന്ദ്ര ഏജൻസിയെ വിമർശിക്കാതെ എല്ലാം പത്രങ്ങളുടെ തലയിൽ കൊണ്ടു വയ്ക്കുകയാണ് മുഖ്യമന്ത്രി. എന്നാൽ ഇപിയുടെ മകനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ വിളിപ്പിച്ചാൽ ഈ പ്രതിരോധം അപ്പാടെ പാളും. അപ്പോൾ പുതിയ ന്യായീകരണം സർക്കാരിനും സിപിഎമ്മിനും കണ്ടെത്തേണ്ടി വരും.
സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ രാജിവയ്ക്കണമെന്ന സിപിഎം ആവശ്യത്തെ പിന്തുണയ്ക്കാനും അദ്ദേഹം തയാറായില്ല. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്ത വിവരം ഡൽഹിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി പരസ്യപ്പെടുത്തിയത് അസാധാരണമാണെന്നും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾ ദുരൂഹമാണെന്നും സിപിഎം ആരോപിച്ചിരുന്നു. എന്നാൽ, കേന്ദ്ര ഏജൻസികൾ പല തരത്തിൽ പ്രവർത്തിച്ച അനുഭവം രാജ്യത്തുണ്ടെങ്കിലും സ്വർണക്കടത്തു കേസിൽ അന്വേഷണം ശരിയായ ട്രാക്കിലാണെന്നാണ് ഇപ്പോഴും തന്റെ ബോധ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
''അന്വേഷണ ഏജൻസി വഴിമാറിപ്പോകുന്നുവെന്ന് ഇപ്പോഴും പറയുന്നില്ല. അന്വേഷിച്ചു വ്യക്തത വരുത്തേണ്ട ബാധ്യത അവർക്കുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. നിങ്ങൾ ഈ വഴിക്ക് അന്വേഷിക്കൂ, ഇന്നയാളെ ചോദ്യം ചെയ്യൂ എന്ന തരത്തിലാണു തെറ്റായ മാധ്യമ വാർത്തകൾ. പരാതി ചെല്ലുമ്പോൾ ആ വഴിക്ക് അന്വേഷിക്കാൻ ഏത് ഏജൻസിയും നിർബന്ധിക്കപ്പെടും. എനിക്ക് തന്നെ അത്തരം അനുഭവമുണ്ട്. നാടുനീളെ എനിക്കു സ്വത്തുണ്ടെന്നും നാട്ടിലെ നല്ല വീടുകളെല്ലാം എന്റേതാണെന്നും പ്രചാരണം നടന്ന കാലമുണ്ടായിരുന്നു. അക്കാലത്ത് ഒരു സംഘം നിയോഗിച്ച ഒരാൾ എനിക്കെതിരെ സിബിഐക്കു പരാതി അയച്ചു.
1996 ൽ ഞാൻ നിയമസഭയിലേക്കു മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഞാനാവും വൈദ്യുത മന്ത്രിയെന്നു കണക്കാക്കി സ്വാധീനിക്കാൻ 2 കോടി രൂപ തന്നു എന്നായിരുന്നു പരാതി. സിബിഐ എന്നെ വിളിപ്പിച്ചപ്പോൾ പറഞ്ഞത് 'പരാതി കള്ളമാണെന്ന് അറിയാം, കാര്യമറിയാൻ വിളിപ്പിച്ചെന്നേയുള്ളൂ' എന്നാണ്. അന്വേഷണ ഏജൻസികളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ഏക്കാലവും ശ്രമിക്കാറുണ്ട്. മാധ്യമങ്ങളും അതിനൊപ്പം കൂടരുത്''- മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ പ്രതിരോധം സ്വയം തീർക്കുകായണ് മുഖ്യമന്ത്രി.
മറുനാടന് മലയാളി ബ്യൂറോ