- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഹാരം കഴിക്കാതേയും നിഷേധാത്മക മറുപടി നൽകിയും നിസ്സഹകരണം; ഒന്നും കഴിക്കാതെ ആരോഗ്യം വഷളാക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തി കേന്ദ്ര ഏജൻസികൾ; ശിവശങ്കറിന്റെ സ്വത്തെല്ലാം മരവിപ്പിച്ചേക്കും; പിണറായിയുടെ മൊഴി എടുക്കുന്നതും ആലോചനയിൽ
കൊച്ചി: സ്വർണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുകളിൽ ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോടു പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കടുത്ത തീരുമാനങ്ങൾ കേന്ദ്ര ഏജൻസി എടുത്തേക്കും. അതിനിടെ ആരോഗ്യം വഷളാക്കാൻ ബോധപൂർവ്വം ശിവശങ്കർ ശ്രമിക്കുന്നുവെന്ന സംശയവും ഇഡിക്കുണ്ട്. ശിവശങ്കറിന്റെ കസ്റ്റഡി 2 ദിവസം പിന്നിട്ടു. എന്നാൽ കാര്യമായ മൊഴിയൊന്നും ശിവശങ്കർ നൽകുന്നില്ല. നവംബർ 5 വരെ കസ്റ്റഡി അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തേ ചോദ്യം ചെയ്യാവൂ എന്നു കോടതിയുടെ നിർദ്ദേശമുണ്ട്.
അതുകകൊണ്ട് തന്നെ കടുത്ത നടപടികളിലേക്ക് ഇഡി കടക്കാനാണ് സാധ്യത. തുടർന്നും നിസ്സഹകരിച്ചാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) അഞ്ചാം വകുപ്പു പ്രകാരം സ്വത്തു മരവിപ്പിക്കൽ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങാം. ശിവശങ്കറിന്റെ ബെനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഏതു സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാം. ഇങ്ങനെ കടുത്ത നടപടികളിലൂടെ ശിവശങ്കറിനെ ചോദ്യം ചെയ്യലുമായി സഹകരിപ്പിക്കാനാണ് നീക്കം. ചോദ്യംചെയ്യലിൽ വിദഗ്ധരായ കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം തേടും. ഇഡിയുടെ കസ്റ്റഡി കഴിഞ്ഞാലുടൻ കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.
ഇതെല്ലാം മനസ്സിലാക്കിയാണ് ശിവശങ്കർ നിസ്സഹകരണം തുടരുന്നത്. കസ്റ്റഡിയിലായ ആദ്യ ദിവസം തന്നെ ഭക്ഷണം ഉപേക്ഷിച്ചാണു ശിവശങ്കർ അന്വേഷണ സംഘത്തെ സമ്മർദത്തിലാക്കിയത്. ഇന്നലെ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു. ആരോഗ്യം വഷളാക്കി ആശുപത്രിയിൽ മാറാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. ശിവശങ്കറിന് വിദേശത്ത് ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റിന് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചു. സ്വപ്ന വിദേശത്തേക്ക് കടത്തിയതായി പറയുന്ന 1.90 ലക്ഷം ഡോളറിൽ ശിവശങ്കറിന്റെ പണമുണ്ടോയെന്ന കാര്യവും ഇ.ഡി പരിശോധിച്ചുവരികയാണ്. ഇതിന് ശേഷം ശിവശങ്കറിന്റെ സ്വത്ത് മരവിപ്പിക്കൽ നടപടിയിലേക്ക് കടക്കും.
സ്വർണക്കടത്തിന് നേരത്തെ കസ്റ്റംസിൽ ഇടപെടൽ നടത്തിയ ശിവശങ്കർ പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് സ്വർണം പിടിച്ചതിന് ശേഷം ഇടപെടാതെ മാറിനിന്നതെന്നാണ് ഇ.ഡി വിലയിരുത്തുന്നത്. 2019-ൽ ബാഗേജ് ക്ലിയറൻസിനായി ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിരവധി തവണ വിളിച്ചിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.. അവസാനഘട്ടത്തിൽ വിളിക്കാതിരുന്നത് ബോധപൂർവ്വമാണെന്നാണ് നിഗമനം. പിടിക്കപ്പെടാനുള്ള സാധ്യതമുന്നിൽ കണ്ടാണ് അദ്ദേഹം വിളിക്കാതിരുന്നതെന്നും ഇ.ഡി. അനുമാനിക്കുന്നു. ബാഗേജ് തുറക്കാൻ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് ശിവശങ്കർ മനസ്സിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ശിവശങ്കർ ഇടപെടലുകളിൽ നിന്ന് വിട്ടുനിന്നതെന്നും മനസ്സിലാക്കുന്നു. കസ്റ്റഡിയിലുള്ള ശിവശങ്കർ ചോദ്യങ്ങളോട് പ്രതികരിക്കാത്തതു കാരണം ഈ സംശങ്ങൾക്ക് ഉത്തരം കിട്ടുന്നതുമില്ല. ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് നീങ്ങുമെന്ന് സൂചന.വർഷങ്ങളായി സിപിഎം മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വ്യക്തിയിലേക്കാണ് കേന്ദ്ര ഏജൻസികളുടെ നടപടികൾ നീങ്ങുന്നതെന്നാണ് വിവരം.
ചില ഉന്നതരുടെ ഇടപെടലുകൾ സംബന്ധിച്ച് ശിവശങ്കരനിൽ നിന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ശിവശങ്കറുമായി ഏറെ അടുപ്പം പുലർത്തുന്നതും മുൻ എൽഡിഎഫ് സർക്കാറുകളുടെ കാലത്ത് വിവിധ മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന വ്യക്തിയിലേക്കുൾപ്പടെ അന്വേഷണം നീളുമെന്നാണ് ചില സൂചനകൾ പുറത്തുവരുന്നത്. വൈദ്യുതി ബോർഡ് ചെയർമാനായിരുന്ന എം.ശിവശങ്കറിനെ സുപ്രധാന ചുമതലയുള്ള സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചതിന് പിന്നിലും ഇപ്പോൾ അന്വേഷണം നീളുന്ന വ്യക്തിയുടെ ഇടപെടലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎസായ സിഎം രവീന്ദ്രനെ കേന്ദ്ര ഏജൻസി സംശയ നിഴലിലാണ് നിർത്തുന്നത്.
നയതന്ത്രബേഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് പിടികൂടിയ സമയത്തുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിൽ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ആരോപണത്തെ വളരെ ശക്തമായാണ് സംസ്ഥാന സർക്കാർ എതിർത്തത്. ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ മാനസിക നിലയ്ക്ക് പ്രശ്‌നമുണ്ടെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. എന്നാൽ പിന്നീട് അന്വേഷണം ശിവശങ്കറിലേക്ക് നീങ്ങിയപ്പോൾ സർക്കാരിന് മറ്റ് ന്യായങ്ങൾ നിരത്തേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം സുരേന്ദ്രൻ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.
സ്വപ്നയും ശിവശങ്കറുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധത്തിലും അന്വേഷണ സംഘത്തിന് ചില വ്യക്തതകൾ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ശിവശങ്കർ കാര്യങ്ങൾ വ്യക്തതോടെ പറഞ്ഞാൽ മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കാനാകൂ എന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ