- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് മോദി-അമിത് ഷാ പേടിയോ അതോ അവരുമായുള്ള ധാരണയോ? സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തിരക്കഥ അനുസരിച്ചാണെന്നു പറയുന്ന മുഖ്യമന്ത്രി അതിനു പിന്നിൽ ബിജെപിയാണെന്നു പറയാൻ മടിക്കുന്നു; ബിനീഷ് കോടിയേരിയിലും പ്രതികരിക്കാൻ താൽപ്പര്യമില്ല; പിണറായിയുടെ വിശദീകരണം ചർച്ചകളിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്ത്രമന്ത്രി അമിത് ഷായേയും വിമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ കേന്ദ്ര ഏജൻസികൾക്കെതിരായ വിമർശനം ചർച്ചകളിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ ഇഡി അറസ്റ്റ് ചെയ്തത് രാഷ്ട്രീയമാണെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്. ഇത്തരത്തിലുള്ള വിമർശനം ചർച്ചയാകുമ്പോഴാണ് കേന്ദ്ര ഏജൻസികളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി എത്തിയത്. അപ്പോഴും പഴി കേന്ദ്ര ഏജൻസിയിലെ ചില ഉദ്യോഗസ്ഥർക്ക് മാത്രം. ബിജെപിയെന്നോ മോദിയെന്നോ അമിത് ഷായെന്നോ മുഖ്യമന്ത്രി വിമർശനത്തിനിടയിൽ പറയുന്നതുമില്ല.
ലൈഫ് മിഷനും ഡൗൺ ഡൗൺ പദ്ധതിയും കെ ഫോണും പിന്നെ ഇ മൊബിലിറ്റിയിലും അന്വേഷണം നടത്താനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് ഇഡി ഫയലുകൾ ആവശ്യപ്പെട്ടു. ഇത് നിയമവിരുദ്ധമാണെന്നും ഇതിന് പിന്നിൽ കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥരുമാണെന്ന് പിണറായി പറയുന്നു. എന്നാൽ ഇതിന് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ചതുമില്ല. മോദിയേയും അമിത് ഷായേയും പിണക്കാതെ വെറുതെ ഒരു വിമർശനം മുഖ്യമന്ത്രി ഉയർത്തുകയായിരുന്നു എന്നാണ് വിലയിരുത്തലുകൾ എത്തുന്നത്.
സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തിരക്കഥ അനുസരിച്ചാണെന്നു പറയുന്ന മുഖ്യമന്ത്രി അതിനു പിന്നിൽ ബിജെപിയാണെന്നു പറയാൻ എന്തുകൊണ്ടു മടിക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പക്ഷേ പത്രസമ്മേളനത്തിൽ ഉയർന്ന ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. ഇത് സിപിഎം അണികളേയും ഞെട്ടിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ പോലും വിമർശിക്കുന്നില്ല. മിസോറാം ഗവർണ്ണറായിരുന്ന കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക കുറ്റകൃത്യക്കേസ് ഒഴിവായതും പിണറായിയുടെ മനസ്സ് കാരണമെന്ന വിമർശനമുണ്ട്.
പൊലീസ് എഫ് ഐ ആർ ഇട്ടു. പക്ഷേ പരാതിക്കാരന് പണം കൊടുത്ത് കേസ് പിൻവലിക്കും വരെ പൊലീസ് ചെറുവിരൽ പോലും അനക്കിയില്ല. ഇതും സിപിഎമ്മിലെ പിണറായി വിരുദ്ധരെ ഞെട്ടിച്ചു. ബിജെപിയും സംസ്ഥാന സർക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന ആരോപണത്തെ ഇത് ശക്തമാക്കുന്നു. തുടർഭരണത്തിന് ബിജെപി-സിപിഎം അജണ്ടയുണ്ടെന്നും അതിന് തെളിവാണ് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനമെന്നും കോൺഗ്രസും വിലയിരുത്തുന്നു. അന്വേഷണം തന്നിലേക്ക് നീളുന്നതിനെ അട്ടിമറിക്കാനുള്ള വെറുമൊരു ശ്രമമായിരുന്നു പിണറായി നടത്തിയതെന്നാണ് കോൺഗ്രസും വിലയിരുത്തുന്നു.
ഇന്നലത്തെ പത്ര സമ്മേളനത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ വളരെ മുൻപേ നിലപാടു സ്വീകരിച്ച സിപിഎമ്മിനും എൽഡിഎഫിനും മനസ്സിലായ കാര്യം മുഖ്യമന്ത്രിക്ക് ഇപ്പോഴാണോ മനസ്സിലായതെന്ന ചോദ്യത്തിനും അദ്ദേഹത്തിനു മറുപടി ഉണ്ടായില്ല. കോവിഡ് കാര്യങ്ങൾ വിശദീകരിക്കാൻ വൈകിട്ടു മാധ്യമ പ്രവർത്തകരെ കാണുന്ന മുഖ്യമന്ത്രി, കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഇന്നലെ വരെ അഭിപ്രായപ്പെട്ടു വന്നിരുന്നത്. ഇതാദ്യമായാണു പാർട്ടി നിലപാടു ശരിവച്ചു കൊണ്ട് അന്വേഷണത്തെ ആരോപണങ്ങൾ കൊണ്ടു മൂടിയത്.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് ലഹരിമരുന്നു കേസിൽ അറസ്റ്റിലായതു സംബന്ധിച്ച് ഇന്നലെയും മുഖ്യമന്ത്രി പ്രതികരിച്ചില്ല. കഴിഞ്ഞ പത്രസമ്മേളനത്തിൽ ആ ചോദ്യം ഉയർന്നെങ്കിലും സമയം കഴിഞ്ഞു എന്നു പറഞ്ഞ് അവസാനിപ്പിച്ചു. ഇന്നലെ പക്ഷേ ആ ചോദ്യം ഉയരും മുൻപേ പത്രസമ്മേളനം അവസാനിപ്പിച്ചു. സാധാരണ ഏഴിനു പത്രസമ്മേളനം അവസാനിപ്പിക്കുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്ന് മിനിറ്റ് മുൻപേ മൈക്ക് ഓഫ് ചെയ്തു രക്ഷപ്പെട്ടു. ബിനീഷ് വിഷയത്തിൽ കോടിയേരിയെ പിന്തുണയ്ക്കാൻ പിണറായി തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ