കൊച്ചി: ഇതിഹാസ ഫുട്‌ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്‌ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലായിരിക്കും എന്ന് ഞാൻ കരുതുന്നു. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ് .

1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോൾ ലോകം ദർശിച്ച ഏറ്റവും സുന്ദരവും സമർത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനിൽക്കും. അർജന്റീന ലോകഫുട്‌ബോളിലെ പ്രബലർ ആണെങ്കിലും ആ രാജ്യത്തെ ഫുട്‌ബോളിന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദൽ കാസ്‌ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്‌ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു - മുഖ്യമന്ത്രി പറഞ്ഞു.

മറഡോണ: കേരള കായിക മേഖലയിൽ 2 നാൾ ദുഃഖാചരണം

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാട് ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകരെ കടുത്ത ദുഃഖത്തിൽ ആഴ്‌ത്തിയിരിക്കുകയാണ്. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകർ ആ വേർപാട് വിശ്വസിക്കാൻ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തിൽ കേരള കായികലോകത്തിൽ നവംബർ 26, 27 തിയതികളിൽ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചിരിക്കുന്നു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തിൽ പങ്കുചേരണമെന്ന് കായികമന്ത്രി ഇ പി ജയരാജൻ അഭ്യർത്ഥിച്ചു.