തിരുവനന്തപുരം: പിണറായി വിജയന്റെ ഫോട്ടോ പതിച്ച ബോർഡുകൾ കണ്ണൂരിൽ നിറയുകയാണ്. പ്രചരണ പോസ്റ്ററുകളിൽ പിണറായി ഇല്ലെന്ന പ്രതിപക്ഷ വിമർശനത്തിന് പിന്നാലെയാണ് പുതിയ നീക്കം. കണ്ണൂരിൽ പരമാവധി സ്ഥാപിച്ചായിരുന്നു ആരോപണത്തെ തള്ളിക്കളയൽ. ഇതിനൊപ്പം മുഖ്യമന്ത്രി കണ്ണൂരിൽ പ്രചാരണത്തിനിറങ്ങി.

കാവിഡ് മാനദണ്ഡം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി ഇത്തവണ ഇറങ്ങാത്തതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. പതിന്നാലിനു വോട്ടുചെയ്ത ശേഷമേ മുഖ്യമന്ത്രി ഇനി തിരുവനന്തപുരത്തേക്കു മടങ്ങൂ. അതു വരെ കണ്ണൂരിലുണ്ടാകും. ചെറിയ യോഗത്തിനും പാർട്ടി വിലയിരുത്തലുകൾക്കും എത്തും. കണ്ണൂരിൽ ജയിക്കുമെന്നുറപ്പുള്ള സ്ഥലത്ത് മാത്രമേ പിണറായി എത്തുന്നുള്ളൂ. അതും പരമാവധി സാമൂഹിക അകലം പാലിച്ച്. സ്വർണ്ണ കടത്ത് ചർച്ചകളെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതുമില്ല.

മുഖ്യമന്ത്രിയുടെ 'അസാന്നിധ്യം' ചർച്ചയാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചിരുന്നു. ഇതോടെയാണ് സിപിഎം നിലപാട് മാറ്റിയത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ പതുങ്ങിയിരിക്കുകയാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതോടെ കണ്ണൂരിൽ മിക്കയിടത്തും മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ബോർഡുകൾ സ്ഥാപിച്ചു. സിപിഎം. ഗ്രൂപ്പുകളിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ചേർത്ത് തയ്യാറാക്കിയ പോസ്റ്ററുകളുടെ 'ഫോട്ടോ ചലഞ്ച്' സംഘടിപ്പിച്ചു. എൽ.ഡി.എഫിന്റെ വെബ് റാലി ഉദ്ഘാടനം ചെയ്തതായിരുന്നു മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന പങ്കാളിത്തം.

ഇതിനിടെ കണ്ണൂരിൽ മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങി. എന്നാൽ, അദ്ദേഹത്തിന്റെ പരിപാടി സ്വന്തം മണ്ഡലത്തിൽ മാത്രമൊതുക്കാനാണ് തീരുമാനം. അഞ്ചുദിവസം കണ്ണൂരിലുണ്ടായിട്ടും ധർമടം മണ്ഡലത്തിനു പുറത്ത് കണ്ണൂർ കോർപ്പറേഷനിലെ ഒരു യോഗത്തിൽ മാത്രമാണ് അദ്ദേഹം പങ്കെടുക്കുന്നത്. ധർമടം മണ്ഡലത്തിലുൾപ്പെട്ട എട്ട് പഞ്ചായത്ത് കമ്മിറ്റികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരും. രണ്ടു പഞ്ചായത്ത് കമ്മിറ്റി യോഗങ്ങൾ ഒരു ദിവസം എന്ന രീതിയിലാണ് ക്രമീകരിച്ചത്. ധർമ്മടത്ത് കരുത്ത് കാട്ടാൻ സിപിഎമ്മിനെ സജ്ജമാക്കാനാണ് ഇത്.

പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വൈകിട്ട് ധർമടം പഞ്ചായത്തിലെ അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. രണ്ട് പഞ്ചായത്തിലെയും ബൂത്ത് കമ്മിറ്റി ഭാരവാഹികളടക്കം പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി സംബന്ധിച്ചത്. പിണറായിയിലെ യോഗത്തിനുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ കാത്തിരുന്നെങ്കിലും സംസാരിക്കാൻ തയ്യാറായില്ല.

അവലോകനയോഗത്തിനുശേഷം 12-ഓടെ പാറപ്രത്തെത്തിയ മുഖ്യമന്ത്രി പ്രവൃത്തി പുരോഗമിക്കുന്ന ബോട്ടുജെട്ടിയും പാറപ്രം-മേലൂർക്കടവ് അനുബന്ധ റോഡും സന്ദർശിച്ചു. മലനാട് റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് 2.94 കോടി രൂപ ചെലവിൽ പാറപ്രത്ത് ബോട്ടുജെട്ടി നിർമ്മിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ എക്സി. എൻജിനീയർ ജോളി സൂസൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരായ സിന്ധു തൈവളപ്പിൽ, ഐ.വി.സുശീൽ, എ.ഇ. വി എം.ശ്യാംജിത്ത് എന്നിവരും കരാറുകാരനായ വി സി.ജെയിംസും സ്ഥലത്തെത്തി.

ഫെബ്രുവരി അവസാനത്തോടെ ബോട്ടുജെട്ടിയുടെ നിർമ്മാണം പൂർത്തീകരിക്കാനാവുമെന്ന് ഇവർ മുഖ്യമന്ത്രിയെ അറിയിച്ചു. ബോട്ടുജെട്ടിയുടെ സമീപത്തായി പ്രവൃത്തി നടക്കുന്ന പാറപ്രം -മേലൂർക്കടവ് പാലത്തിന്റെ അനുബന്ധ റോഡിന്റെ നിർമ്മാണപുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി. പിണറായി, ധർമടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. ബ്രണ്ണൻ കോളേജിൽ സായ് നിർമ്മിക്കുന്ന സിന്തറ്റിക് ട്രാക്കും മുഖ്യമന്ത്രി സന്ദർശിച്ചു. പ്രവൃത്തി അവസാനഘട്ടത്തിലെത്തിയ ട്രാക്കിന്റെ നിർമ്മാണ വിശദാംശങ്ങൾ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നിപുൺ ഗുപ്ത വിശദീകരിച്ചു. ജനുവരി അവസാനത്തോടെ സിന്തറ്റിക് ട്രാക്കിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാവുമെന്ന് അദ്ദേഹം പറഞ്ഞു.