തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടക്കുമെന്ന് കമ്മീഷനും അറിയിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള പ്രഖ്യാപനം വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന് മുൻപുള്ള പ്രസ്താവന ചട്ടലംഘനമാണ്. ഇത്തരമൊരു പ്രസ്താവന നടത്താനുള്ള അടിയന്തര സാഹചര്യം ഇല്ലായിരുന്നു. വോട്ടർമാരെ സ്വാധീനിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം. കോവിഡ് വാക്സിൻ സൗജന്യമാക്കണമെന്ന് യുഡിഎഫും മറ്റ് രാഷ്ട്രീയകക്ഷികളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്സിന്റെ ലഭ്യത സംബന്ധിച്ചോ, വാക്സിൻ എപ്പോൾ കേരളത്തിലേക്ക് എത്തുമെന്നത് സംബന്ധിച്ചോ യാതൊരു വിധത്തിലുമുള്ള അറിയിപ്പുകളുമില്ല, ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ ആരോപണം. പരാതിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം കമ്മീഷൻ തേടും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ സർക്കാർ തലത്തിൽ പുതിയ പദ്ധതികളോ സൗജന്യങ്ങളോ ഇളവുകളോ പ്രഖ്യാപിക്കാൻ വിലക്കുണ്ട്. പ്രഖ്യാപിക്കണമെന്നുണ്ടെങ്കിൽ കമ്മീഷന്റെ മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിലാണ് ഇത് പരാതിയായി നൽകുന്നത്. ഇതോടെ ഇക്കാര്യത്തിൽ കമ്മീഷനും പരിശോധന നടത്തേണ്ട സാഹചര്യം ഉണ്ടാകും. പരാതി ലഭിച്ചതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാം. പരാതി കൂടാതെയും നടപടിയെടുക്കാൻ കമ്മീഷന് വിവേചനാധികാരമുണ്ട്.

ആരോഗ്യമന്ത്രി കെകെ ശൈലജ നിരന്തരം പറയുന്നത് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുമെന്നാണ്. വോട്ടർമാരേയും സാധാരണക്കാരേയും പേടിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇത്. ഒരു ഭാഗത്ത് ഭയപ്പാടുണ്ടാക്കുകയും മറ്റൊരു ഭാഗത്ത് വാക്സിൻ സൗജന്യമായി നൽകുമെന്നുമുള്ള പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇതിൽ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നായിരുന്നു ശനിയാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ആരിൽനിന്നും പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അതേസമയം, എത്രകണ്ട് വാക്സിൻ ലഭിക്കുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്ന ഓക്‌സ്ഫഡ് വാക്സിനാണ് വിതരണത്തിനെത്തുക എന്നറിയുന്നു. 500മുതൽ ആയിരംവരെ രൂപയായിരിക്കും ചെലവ്. ഇതാണ് സർക്കാർ സൗജന്യമായി നൽകുക -മുഖ്യമന്ത്രി പറഞ്ഞു.

നാളെ തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന കണ്ണൂർ ജില്ലയിൽനിന്നാണു മുഖ്യമന്ത്രി സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതെന്നതും ചട്ടലംഘനത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. പരാതി കൂടാതെയും കമ്മിഷനു നടപടിയെടുക്കാൻ വിവേചനാധികാരമുണ്ട്. എന്നാൽ, നടപടി താക്കീതിൽ ഒതുക്കിയ കീഴവഴ്ക്കങ്ങളാണ് ഏറെയും.

കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്നു സംസ്ഥാനത്തുനിന്നുള്ള എംപിമാർ ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ മറുപടി നൽകിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽനിന്ന് എത്ര ഡോസ് വാക്സിൻ ലഭിക്കുമെന്നും അറിയില്ല. സംസ്ഥാനത്തു നിലവിൽ ഒരേസമയം ചികിത്സയിലുള്ള കോവിഡ് രോഗികൾ 60,000-ൽ താഴെയാണ്. രോഗികളുടെ എണ്ണത്തിൽ 40 ശതമാനത്തോളം കുറവുണ്ടായി. തദ്ദേശതെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് ഇടയാക്കിയോയെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. കേരളത്തിൽ താരതമ്യന കോവിഡ് മരണനിരക്ക് കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയായി.

തദ്ദേശതെരഞ്ഞെടുപ്പ് രോഗവ്യാപനമുണ്ടാക്കിയില്ലെങ്കിൽ ഈ നില തുടരും. രോഗബാധയ്ക്കുശേഷം മൂന്നാഴ്ചയോളം ശാരീരിക അവശത തുടരും. അതിനുശേഷവും അനാരോഗ്യമുണ്ടെങ്കിൽ ഗൗരവമായെടുക്കണം. തെരഞ്ഞെടുപ്പ് ജോലിയുള്ള പൊലീസുകാർക്ക് ആവശ്യമെങ്കിൽ കോവിഡ് പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.