തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു വിജയം വിലയിരുത്തി നിയമസഭാ തിരഞ്ഞെടുപ്പിന് എത്രയും വേഗം ഒരുങ്ങാൻ ഇടതുമുന്നണി. പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും. ജനകീയ പ്രകടനപത്രികയ്ക്കു രൂപംനൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാതല പര്യടനത്തിന് തയ്യാറെടുക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ നിർവാഹക സമിതിയും ഇന്നു ചേരും.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണു നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സിപിഎം. ആരംഭിക്കുന്നത്. അഞ്ചു മാസംമാത്രം ശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുകയാണു ലക്ഷ്യം. ഇന്നു ചേരുന്ന സിപിഎം നേതൃയോഗം പിണറായിയുടെ യാത്ര വിശദമായി ചർച്ച ചെയ്യും. അതിന് ശേഷം പരിപാടിക്ക് അന്തിമ രൂപം നൽകും. വിജയത്തെ കുറിച്ച് സിപിഎമ്മും സിപിഐയും ഇഴകീറി തന്നെ പരിശോധിക്കും. വിശദ ചർച്ച പിന്നീടു സിപിഎം സംസ്ഥാന കമ്മിറ്റി, സിപിഐ സംസ്ഥാന കൗൺസിൽ യോഗങ്ങളിലായിരിക്കും. മധ്യകേരളത്തിൽ ഇടതുപക്ഷം കൂടുതൽ സജീവമാകും.

ഈ മാസം 22 നു കൊല്ലത്തുനിന്നു ജില്ലാ പര്യടനം തുടങ്ങുമെന്നാണ് സൂചന. പതിനാല് ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, ആ സ്ഥലങ്ങളിലെ ഗസ്റ്റ് ഹൗസുകളിൽ തങ്ങി ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. അതിൽ ഉരുത്തിരിയുന്ന ആശയങ്ങളും നിർദ്ദേശങ്ങളും കൂടി ഉൾക്കൊണ്ടാവും ഇടതുമുന്നണിയുടെ അടുത്ത തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയ്ക്കു രൂപംനൽകുക. ഇന്നു ചേരുന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. തദ്ദേശ ഫലം പുറത്തുവരുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനപരിപാടി തീരുമാനിച്ചിരുന്നു. എന്നാൽ വിശദ രൂപം തയ്യാറാക്കിയിരുന്നില്ല.

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ 21-ന് അധികാരമേൽക്കും. ഇതിന് തൊട്ടടുത്തദിവസം കേരളപര്യടനം തുടങ്ങാനാണ് ആലോചന. നിയമസഭയുടെ ബജറ്റ് സമ്മേളത്തിനു മുമ്പ് പര്യടനം പൂർത്തിയാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ യാത്ര. ക്ഷേമപെൻഷൻ കൂട്ടിയതും അത് കൃത്യമായി വിതരണംചെയ്തതും ജനങ്ങളെ ഏറെ സ്വാധീനിച്ചുവെന്നാണ് സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. കോവിഡ് കാലത്തെ സമൂഹഅടുക്കളയും ഭക്ഷ്യക്കിറ്റ് വിതരണവുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇടത് പ്രവർത്തകരുടെ ജനകീയ ഇടപടലും ജനങ്ങൾക്കു ബോധ്യപ്പെട്ടു.

ഭരണവിരുദ്ധ വികാരമില്ലെന്നു ഫലം വ്യക്തമാക്കി എന്ന നിഗമനത്തിലാണ് ജില്ലാ യാത്രയ്ക്ക് പിണറായി തയ്യാറെടുക്കുന്നത്. സമീപകാല തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം സർക്കാരിനെതിരായ ജനവിധിയാണ് ഉണ്ടായത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾക്കു പിന്നിലെ രാഷ്ട്രീയത്തെ ജനവിധി സിപിഎം പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് പിണറായി യാത്ര തുടങ്ങുന്നത്. ഇതിനിടെ നിയമസഭ സീറ്റ് വിഭജനത്തിനുള്ള ചർച്ചയും ഇടതുപക്ഷത്ത് സജീവമാകും.

പ്രതീക്ഷയ്ക്കുമപ്പുറത്തെ വിജയം എന്ന വികാരമാണ് എൽഡിഎഫിലുള്ളത്. മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകൾ കീഴടക്കാൻ കഴിഞ്ഞതാണു മുന്നണിയെ കൂടുതൽ ഉത്തേജിപ്പിച്ചത്. ജോസ് കെ.മാണി വിഭാഗം വന്നതു സഹായമായി. ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കാൻ ക്ഷമയോടെ മുഖ്യമന്ത്രിയും ഇടതു നേതൃത്വവും നടത്തിയ തന്ത്രപരമായ നീക്കങ്ങൾ ഫലം കണ്ടുവെന്നാണ് വിലയിരുത്തൽ.

ജയത്തിനിടയിലും നിലവിലെ ചില മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നഷ്ടപ്പെട്ടതു സിപിഎം പരിശോധിക്കും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണു കൂടുതലും സംഭവിച്ചത്. വെൽഫെയർ പാർട്ടി ബന്ധം രാഷ്ട്രീയമായി യുഡിഎഫിനെ തിരിച്ചടിച്ചെങ്കിലും പ്രാദേശികമായി ഗുണം ചെയ്തതെന്നാണ് ഇടതു വിലയിരുത്തൽ.