തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടം. രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സർക്കാർ ജീവനക്കാർ വോട്ട് പിടിക്കുന്നത് പോലും കുറ്റമാണ്. ജോലി പോകുന്ന കുറ്റം. ഇത് അറിഞ്ഞ് കൊണ്ട് തന്നെയാണ് സഖാക്കളായ താൽകാലിക ജീവനക്കാരെ മുഴുവൻ സ്ഥിരപ്പെടുത്താനുള്ള നീക്കം. പി എസ് സിയെ നോക്കു കുത്തിയാക്കുന്ന സ്ഥിരപ്പെടുത്തൽ മമാങ്കം ഇനിയും തുടരും. പത്തുകൊല്ലം സർവ്വീസുള്ളവരെ എല്ലാം പിണറായി സർക്കാർ സ്ഥിരപ്പെടുത്തും. ഇതിനിടെയിൽ ആരും അറിയാതെ പത്തു വർഷ നിബന്ധന പാലിക്കാത്ത ആളുകളേയും. അങ്ങനെ പതിനായിരം സിപിഎമ്മുകാരെയെങ്കിലും സ്ഥിരപ്പെടുത്താനാണ് നീക്കം.

പിണറായി തീരുമാനിച്ചാൽ തീരുമാനിച്ചതാണെന്ന് വ്യക്തമാക്കിയാണ് സർക്കാർ മുമ്പോട്ട് പോക്ക്. സെക്രട്ടറിയേറ്റിന് മുന്നിൽ പി എസ് സി റാങ്ക് ലിസ്റ്റിൽ പെട്ട പാവങ്ങൾ സമരത്തിലാണ്. ആത്മഹത്യയ്ക്ക് പോലും തയ്യാറാകുന്നവരുണ്ട്. ഈ ഉദ്യോഗാർത്ഥികൾ കണ്ണീർ ഒഴുക്കിയാലും രാജാവ് കുലുങ്ങില്ല. സെക്രട്ടറിയേറ്റിൽ എല്ലാം മുൻ നിശ്ചയ പ്രകാരം നടക്കും. ഇന്ന് മന്ത്രിസഭ പരിഗണിക്കുന്നത് 2336 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകളാണ്. എല്ലാവർക്കും എന്തു വന്നാലും ജോലി സ്ഥിരമാകും. ഒരു ശക്തിക്കും തന്നെ തടയാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. മാനുഷിക പരിഗണനയുടെ ഗുണഭോക്താക്കൾ. ഇറങ്ങി പോകും മുമ്പ് പി എസ് സിയെ മറികടന്ന് 10,000 സിപിഎമ്മുകാരെയെങ്കിലും സർക്കാർ ഉദ്യോഗസ്ഥരാവും എന്ന സൂചനയാണ് പുറത്തു വരുന്നത്.

ഫെബ്രുവരി 25ന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അതിന് മുമ്പ് മുഴുവൻ ഇഷ്ടക്കാരേയും സ്ഥിരപ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലായി 2,336 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള പട്ടിക മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. ഇതിൽ പലതും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്‌ക്കെത്തും. സ്ഥിരപ്പെടുത്തൽ നടപടിയുടെ ഭാഗമായി വരുംദിവസങ്ങളിൽ പ്രത്യേക മന്ത്രിസഭാ യോഗങ്ങൾ ചേരാനും ആലോചനയുണ്ട്. പല ഫയലുകളിലും നിയമ, ധനവകുപ്പുകൾ എതിർപ്പു രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഫയൽ മന്ത്രിസഭയിൽ വയ്ക്കാനാണു മുഖ്യമന്ത്രിയുടെ കുറിപ്പ്.

ശമ്പള കമ്മിഷൻ നിർദ്ദേശപ്രകാരമുള്ള പെൻഷൻ പരിഷ്‌കരണ തീരുമാനവും യോഗം കൈക്കൊള്ളും. 10 വർഷം കാലാവധി പൂർത്തിയാക്കിയ എല്ലാവരെയും സ്ഥരിപ്പെടുത്തുമെന്നാണു സംഘടനകൾക്കും ജീവനക്കാർക്കും ഇന്നലെയും മന്ത്രിമാർ നൽകിയ ഉറപ്പ്. യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലുകളുടെ പട്ടിക നിരത്തി വിവാദം നേരിടാനാണു തീരുമാനം. ഇതിനായി ഇന്നലെ എല്ലാ വകുപ്പുകളിൽ നിന്നും യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലുകളുടെ കണക്ക്, പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ പട്ടിക തുടങ്ങിയ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം പുറത്തു വിടും. യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലുകൾക്ക് അത്രയും ഇത്തവണ നടന്നില്ലെന്നും സമർത്ഥിക്കും.

മന്ത്രിസഭാ യോഗ ശേഷം വാർത്ത സമ്മേളനം വിളിച്ചു സ്ഥിരപ്പെടുത്തലുകൾ സംബന്ധിച്ചു മുഖ്യമന്ത്രി വിശദീകരണം നൽകും. വരും ദിവസങ്ങളിൽ സ്ഥിരപ്പെടുത്തുന്നതിനായി വിവിധ സ്ഥാപനങ്ങളിൽ പുതിയ തസ്തിക സൃഷ്ടിക്കാനും ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ എത്തിയിട്ടുണ്ട്. ആർക്കിയോളജി വകുപ്പ്, ആർക്കൈവ്‌സ് വകുപ്പ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലായി 150 തസ്തിക സൃഷ്ടിക്കാനുള്ള ശുപാർശയും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെ എല്ലാവർക്കും ജോലി എന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങൾ പോകും.

റിമോട്ട് സെൻസിങ് ഏജൻസിയായ കെഎസ്ആർഇസിയിൽ 13 തസ്തികകളിൽ ഇന്നത്തെ മന്ത്രിസഭാ യോഗം സ്ഥിരനിയമനം നടത്തും. 8 തസ്തികകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ 5 തസ്തികകൾ പുതുതായി സൃഷ്ടിച്ചാണു പിൻവാതിൽ നിയമനം. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ധനമന്ത്രി തോമസ് ഐസക് ഇന്നലെ ന്യായീകരിച്ചെങ്കിലും ഈ നിയമന ശുപാർശയെ എതിർത്ത് ധന, നിയമ വകുപ്പുകൾ ഫയലിൽ എഴുതിയിട്ടുണ്ട്.

നാളെ മുതൽ നാലു ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ സംസ്ഥാനത്തുണ്ടാകും. ഇവർ തിരികെപ്പോയാലുടൻ, തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. അതിന് മുമ്പ് സ്ഥിരപ്പെടുത്തലിൽ തീർപ്പുണ്ടാകും.കേരള ബാങ്കിലാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്- 1850. മറ്റ് വകുപ്പുകളിലായി 719 ജീവനക്കാരും. ആകെ 2,569 പേർ. ഇതിൽ വർഷങ്ങളായി നിയമനം കാത്തുകഴിയുന്ന 300 ഏകാദ്ധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിനെച്ചൊല്ലി എതിർപ്പുയരാനിടയില്ലെങ്കിലും മുഖ്യമന്ത്രി നേരത്തേ മടക്കിയ, സ്‌കോൾ കേരളയിലെ 54 തസ്തികകൾ സ്ഥിരപ്പെടുത്താനുള്ള ഫയൽ വീണ്ടുമെത്തുന്നത് ഉൾപ്പെടെയുള്ളവ വിവാദം ക്ഷണിച്ചുവരുത്തും.