കണ്ണൂർ: ബെർലിൻ കുഞ്ഞനന്തൻ നായർ നിരാശനാണ്. മുൻനിലപാടുകളിൽ മാപ്പ് അപേക്ഷിച്ചു പിണറായി വിജയനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് കാത്തിരുന്നിട്ടും മുഖ്യമന്ത്രിയുടെ മനസ്സ് അനുകൂലമായില്ല. ബെർലിൻ കുഞ്ഞനന്തൻ നായർക്ക് നിരാശയായിരുന്നു ഫലം. ഇന്നലെ കണ്ണൂരിൽ എത്തിയ പിണറായി തന്നെ കാണാനെത്തുമെന്ന് കുഞ്ഞനന്തൻ നായർ പ്രതീക്ഷിച്ചിരുന്നു. എ്ന്നാൽ അതുണ്ടായില്ല.

'പിണറായി വിജയനെ കാണാൻ കഴിയാത്തതിൽ കുണ്ഠിതമുണ്ട്. അദ്ദേഹം വരുമെന്നു തന്നെയാണു വിശ്വാസം. മരിക്കുന്നതിന് മുമ്പ് കാണാനാകുമെന്നാണു പ്രതീക്ഷ. പൊറുക്കാനാവാത്ത തെറ്റ് താൻ ചെയ്തിട്ടില്ല'- ബർലിൻ തന്റെ ആഗ്രഹം തുറന്നു പറഞ്ഞു. ധർമ്മടത്ത് വീണ്ടും പിണറായി മത്സരിക്കുന്നുണ്ട്. അതിന് മുമ്പേ ബെർലിനെ കാണാൻ പിണറായി എത്തുമെന്നാണ് സിപിഎം നൽകുന്ന സൂചന. ഇന്നലെ ഔദ്യോഗിക പരിപാടികൾ ആയതുകൊണ്ട് തന്നെ ബെർലിനെ കാണാൻ കഴിഞ്ഞില്ല. ഇതിന് അപ്പുറം ഒന്നും അതിൽ ഇല്ലെന്ന് സിപിഎം കേന്ദ്രങ്ങൾ സൂചന നൽകുന്നു. ഏതായാലും പിണറായിയെ കാണണമെന്ന ആഗ്രഹം വീണ്ടും പിണറായിയുടെ ശ്രദ്ധയിലും പെട്ടുകഴിഞ്ഞു.

അതിനിടെ വൈരുദ്ധ്യാത്മക ഭൗതീക വാദത്തെ സംബന്ധിച്ചുള്ള എം.വി ഗോവിന്ദന്റെ പ്രസ്താവന തെറ്റാണെന്നു ബർലിൻ കുഞ്ഞനന്തൻ നായർ പ്രതികരിച്ചു. 'പാർട്ടി ക്ലാസ് എടുക്കുന്ന ഒരാൾ ഇത്തരത്തിൽ പറഞ്ഞു കൂടാ. ഞാനാണ് ഇതു പറഞ്ഞിരുന്നതെങ്കിൽ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കിയേനെ' - അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സിപിഎം ചർച്ച അനാവശ്യമാണെന്നും ബെർലിൻ പറയുന്നു. ഏതായാലും സിപിഎം നയങ്ങളിൽ വിട്ടു വീഴ്ച വേണ്ടെന്നാണ് ബെർലിന്റെ നിലപാട്.

'ലോകം ഉള്ളിടത്തോളം കാലം വൈരുദ്ധ്യാത്മക ഭൗതീക വാദം പ്രസക്തമാണ്. വിയോജിപ്പ് അറിയിക്കാൻ രണ്ട് തവണ എം.വി ഗോവിന്ദനെ വിളിച്ചു പക്ഷേ, കിട്ടിയില്ല. എം വി ഗോവിന്ദന്റെ പ്രസ്താവന പരക്കെ ചർച്ചയായി. വിദേശത്തുള്ള മകൾ തന്നെ അത് അറിയിച്ചു. ഭൗതീക വാദത്തിൽനിന്ന് ആത്മീയ വാദത്തിലേക്കു കമ്യൂണിസ്റ്റുകൾ വഴിതെറ്റി പോകാൻ അനുവദിച്ചുകൂടാ. ശബരിമലയിൽ ആളുകൾ പോകുകയോ പോകാതിരിക്കുകയോ ചെയ്ട്ടയെ. കമ്യൂണിസ്റ്റുകൾ അനാവശ്യമായാണു ശബരിമല വിഷയം ചർച്ച ചെയ്യുന്നത്. ' - അദ്ദേഹം വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട എല്ലാവും വലിയ വെല്ലുവിളികളിൽ ഒന്ന് സ്വന്തം പാർട്ടിയുടെ ആഭ്യന്തര രഹസ്യങ്ങൾ എല്ലാം അറിയാമായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായരിൽ നിന്നും മറ്റുമായിരുന്നു.സിപിഎം ഔദ്യോഗിക പക്ഷത്തിനെതിരെ വലതുപക്ഷ വ്യതിയാനം ആരോപിച്ച് പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്തിയ വി എസ്.അച്യുതാനന്ദന്റെ വലംകയ്യായിരുന്നു ഒരു കലാത്ത് കുഞ്ഞനന്തൻ നായർ. അദ്ദേഹത്തിന്റെ 'പൊളിച്ചെഴുത്ത്' എന്ന അത്മകഥയിലും അതി രൂക്ഷമായ വിമർശനമാണ് പിണറായി വിജയനുനേരെ നടത്തിയത്. മകൾ വീണക്ക് മാതാ ആമൃതാനന്ദമയിയുടെ കോളജിൽ സീറ്റ് കിട്ടാൻ ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി ചരടുവലികൾ നടത്തിയതും, അതിനായി പിണറായി കോയമ്പത്തൂരിൽ പോയതും അടക്കമുള്ള പല കാര്യങ്ങളും ബെർലിൻ അത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജീവിതസായന്തനത്തിൽ അദ്ദേഹം അതേക്കുറിച്ചെല്ലാം ഖേദിക്കുകയാണ്. പിണറായിയുടെ കാലുപിടിച്ച് മാപ്പു പറയാൻ പോലും താൻ തയ്യാറാണ് എന്നാണ് ബെർലിൻ പറയുന്നത്.

വിഎസിനെ അനുകൂലിച്ചതിന്റെ പേരിൽ സിപിഎം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തൻ നായരെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പിന്നീട് പാർട്ടിയുമായുള്ള പിണക്കം മാറി. അനുനയത്തിൽ പോകുന്ന കുഞ്ഞനന്തൻ നായരെ സഹായിക്കുന്നതു പ്രദേശത്തെ പാർട്ടി പ്രവർത്തകർ തന്നെയാണ്. വി എസ്. അച്യുതാനന്ദൻ വിശ്രമ ജീവിതത്തിലേക്കു പോകുമ്പോൾ കുഞ്ഞനന്തൻ നായരും മൗനത്തിലാണ്. കണ്ണൂർ നാറാത്തെ വീട്ടിൽ വിശ്രമ ജീവിതം നയിക്കവെയാണ് അദ്ദേഹം മാപ്പു പറയുന്നത്.

'പിണറായി വിജയനുമായി എനിക്ക് വ്യക്തിപരമായ ഭിന്നതയൊന്നുമില്ല. പരസ്പരം ഒന്നും അറിയിക്കാറൊന്നുമില്ലെങ്കിലും പണ്ട് ഒന്നായി ഇവിടെ ക്യാംപ് ചെയ്തവരല്ലേ. പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും. കഴിഞ്ഞ ദിവസവും അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രസംഗം കേട്ടിരുന്നു. എനിക്ക് ഇപ്പോൾ പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും.'' -കുഞ്ഞനന്തൻ നായർ അഭിമുഖത്തിൽ റയുന്നു.

'പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കിൽ കാലു പിടിക്കേണ്ടതിന്റെയോ മാപ്പു പറയേണ്ടതിന്റെയോ കാര്യമില്ല. പക്ഷേ, വ്യക്തിപരമായി പോയിട്ടുണ്ട്; അങ്ങനെ തിരിച്ചു കളഞ്ഞു. എനിക്കു വേണ്ടി ഒരു കാര്യവും ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയാവുന്നതിനു മുൻപ് അദ്ദേഹം നടത്തിയ കേരള യാത്ര കണ്ണൂരിലെത്തിയപ്പോഴാണ് പിണറായിയെ ഏറ്റവും ഒടുവിൽ കണ്ടത്. അന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചിരുന്നു. വല്ലാതെ ക്ഷീണിച്ചു പോയല്ലോ, കണ്ടാൽ മനസ്സിലാവുന്നില്ലല്ലോ എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്'' കുഞ്ഞനന്തൻ നായർ പറയുന്നു.

പാർട്ടിക്കകത്തും പുറത്തും വലിയ ചർച്ചകൾക്കു വഴിവച്ച ഒരാളെന്ന നിലയിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു എന്ന ചോദ്യത്തിനും ബർലിന്റെ കയ്യിൽ ഉത്തരമുണ്ട്. ''ഞാൻ ചെയ്തതൊക്കെ ശരിയാണെന്നു തന്നെയാണു തോന്നുന്നത്. അമ്മേ, എനിക്ക് ഒരിക്കൽ കൂടി ജന്മം തരണം, എന്നാൽ ഞാൻ ഈ പാത തന്നെ സ്വീകരിക്കുമെന്നാണ് ഞാൻ പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിൽ എഴുതിയ അവസാന വാക്യം. അതുതന്നെയാണ് എനിക്ക് ഇപ്പോഴും പറയാൻ തോന്നുന്നത്.''

അന്നത്തെ ഇടപെടലുകൾ കൊണ്ട് പാർട്ടിക്കുണ്ടായ മെച്ചമെന്താണ് എന്ന ചോദ്യത്തോടും ബർലിൻ പ്രതികരിച്ചു. ''പാർട്ടിക്കകത്ത് അടിയുറച്ച ഒരു വിപ്ലവ വിഭാഗം നിലവിൽ വന്നു. ആദർശ ശുദ്ധി, വിപ്ലവ വീര്യം, ത്യാഗ സന്നദ്ധത ഇതു മൂന്നും ഒത്തു ചേർന്നിട്ടുള്ള ഒരു പാർട്ടി. വലതുപക്ഷ വ്യതിയാനത്തോട് സലാം പറഞ്ഞു പിരിഞ്ഞ ഒരു പാർട്ടി. അങ്ങനെയായി തീർന്നു സിപിഎം.''

പാർട്ടിയിൽ ഉന്നത സ്ഥാനത്തൊന്നും ആയിരുന്നില്ലെങ്കിലും മുതിർന്ന നേതാക്കളുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന കുഞ്ഞനന്തൻ നായരായിരുന്നു ഉൾപ്പാർട്ടി പോരാട്ടത്തിൽ വിഎസിന്റെ പ്രധാന സഹായികളിലൊരാൾ. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം ഇഎംഎസിന്റെയും വിഎസിന്റെയുമെല്ലാം സഹായിയായിരുന്നു. ജർമനിയിൽ പത്രപ്രവർത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എകെജി സെന്ററിലും ദീർഘകാലം ഉണ്ടായിരുന്നു.