തിരുവനന്തപുരം: സ്ഥിരപ്പെടുത്തൽ പുറത്തു വരാതിരിക്കാൻ പ്രത്യേക കരുതലുകൾ. എന്നാൽ സ്ഥിരപ്പെടുത്തലിന്റെ ആനുകൂല്യം സിപിഎം ഭരിക്കുന്ന വകുപ്പുകൾക്ക് മാത്രം കിട്ടുന്നുവെന്ന പരാതിയും വ്യാപകം. വനംവകുപ്പിലും മറ്റും വർഷങ്ങളായി ജോലി ചെയ്യുന്നവർക്ക് സ്ഥിരപ്പെടുത്തൽ ഇല്ല. പത്ത് വർഷം പൂർത്തിയായവരുടെ ഫയൽ അവർ അയച്ചെങ്കിലും അത് ചീഫ് സെക്രട്ടറി പല ന്യായങ്ങൾ പറഞ്ഞ് മടക്കും. അങ്ങനെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഫയൽ മന്ത്രിസഭയ്ക്ക് മുമ്പിൽ എത്തുന്നില്ലെന്ന് ഉറപ്പിക്കും. സമാന രീതിയിൽ പലവകുപ്പിലും സ്ഥിര നിയമനം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. എന്നാൽ സിപിഎം സഖാക്കൾക്ക് വേണ്ടി അതിരഹസ്യമായി റിക്രൂട്ട്‌മെന്റ് തുടരുകയും ചെയ്യുന്നു.

വ്യാപക പ്രതിഷേധം അവഗണിച്ച് വിവിധ വകുപ്പുകളിലെ 221 താൽക്കാലിക ജീവനക്കാരെക്കൂടി സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം ഇന്നലെ ഉണ്ടായി. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്, സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികകളിൽപ്പെട്ടവരുടെ ആവശ്യങ്ങൾ മന്ത്രിസഭ പരിഗണിച്ചില്ല. സംസ്ഥാന യുവജനക്ഷേമ ബോർഡിൽ 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷനിൽ (കേപ്) 14, കെടിഡിസിയിൽ 100, സ്‌കോൾ കേരളയിൽ 54, നിർമ്മിതി കേന്ദ്രയിൽ 16. ഇതോടെ 4 മാസത്തിനിടെ മന്ത്രിസഭ സ്ഥിരപ്പെടുത്തിയ താൽക്കാലിക ജീവനക്കാരുടെ എണ്ണം 1,159 ആയി. പിഎസ്‌സിക്കു വിടാത്ത തസ്തികകളിൽ മാത്രമാണു സ്ഥിരപ്പെടുത്തൽ എന്നാണു വിശദീകരണം. ഇവിടെ എല്ലാം ആനുകൂല്യം സിപിഎം സഖാക്കൾക്കാണ്. അവർ കൂടുതലുള്ള പട്ടികയിലെ താൽകാലികക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്.

കഴിഞ്ഞ 3നു ചേർന്ന മന്ത്രിസഭാ യോഗം മുഖ്യമന്ത്രിക്കു കീഴിലെ സിഡിറ്റിൽ സ്ഥിരപ്പെടുത്തിയ 114 താൽക്കാലിക ജീവനക്കാരിൽ 108 പേരും 2006 11 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ടവരാണ്. കുറച്ചു പേർ മാത്രമേ മറുപാർട്ടിക്കാരുള്ളൂ. ഈ പട്ടികയിൽ ആറു പർ യുഡിഎഫ് കാലത്തു ജോലിയിൽ പ്രവേശിച്ചവരാണ്. നവംബർ 14നു മന്ത്രിസഭ സ്ഥിരപ്പെടുത്തിയ ഭൂജല വകുപ്പിലെ സിഎൽആർ ജീവനക്കാരായ 25 പേരിൽ 24 പേരും നിയമിതരായതും മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും നിയമന രേഖകൾ വ്യക്തമാക്കുന്നു. സിഡിറ്റിൽ സ്ഥിരപ്പെടുത്തിയവരുടെ പട്ടികയിൽ ഇടതു യൂണിയൻ മുൻ പ്രസിഡന്റ്, ഇപ്പോഴത്തെ സെക്രട്ടറി, മന്ത്രിയുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും, പാർട്ടി പത്രത്തിലെ ജീവനക്കാരുടെ മക്കൾ, കണ്ണൂരിൽ നിന്നുള്ള മന്ത്രിയുടെ അടുപ്പക്കാർ തുടങ്ങിയവരുണ്ട്.

10നു മന്ത്രിസഭാ യോഗം സ്ഥിരപ്പെടുത്തിയ 11 പേരുടെ പട്ടികയും സ്വജനപക്ഷപാതത്തിന് തെളിവാണ്. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിൽ 16 പേരെ സ്ഥിരപ്പെടുത്താനായിരുന്നു ശുപാർശ. 10 വർഷം കഴിഞ്ഞ 11 പേരെ സ്ഥിരപ്പെടുത്തി. എന്നാൽ, അന്നു പുറത്തിറക്കിയ മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നില്ല. മൂന്നിനു ചേർന്ന മന്ത്രിസഭാ യോഗം പ്രസ് സെക്രട്ടറിക്കും പ്രസ് അഡൈ്വസർക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾക്കും പെൻഷൻ നൽകാനായി ചട്ടം ഭേദഗതി ചെയ്ത വിവരവും വാർത്തക്കുറിപ്പിൽ മറച്ചുവച്ചു.

ഇന്നലെ സ്‌കോൾ കേരളയിലും നിർമ്മിതി കേന്ദ്രത്തിലുമായി 70 പേരെ സ്ഥിരപ്പെടുത്തിയ വിവരവും ഔദ്യോഗികമായി പുറത്തുവിട്ടില്ല. ഇവരെ സ്ഥിരപ്പെടുത്തിയോ എന്നറിയാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ പലവട്ടം ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. സ്‌കോൾ കേരളയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ റഹിമിന്റെ സഹോദരിക്കും സ്ഥിര നിയമനം കിട്ടിയെന്നാണ് സൂചന. മന്ത്രിസഭ ഇന്നലെ പരിഗണിക്കാനിരുന്ന ഒട്ടേറെ വിഷയങ്ങൾ വകുപ്പുകളിൽ നിന്നുള്ള സ്ഥിരപ്പെടുത്തൽ ശുപാർശകളുടെ കുത്തൊഴുക്കു കാരണം നാളത്തെ മന്ത്രിസഭാ യോഗത്തിലേക്കു മാറ്റി. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുംമുൻപുള്ള അവസാന മന്ത്രിസഭാ യോഗമാകാം നാളത്തേത് എന്നതിനാൽ ഒട്ടേറെ വിഷയങ്ങൾ പരിഗണനയ്‌ക്കെത്തും.

ഇന്നലെ വന്ന സ്ഥിരപ്പെടുത്തൽ ഫയലുകളിൽ നിയമ, ധന വകുപ്പുകൾ എതിർപ്പു രേഖപ്പെടുത്തിയിരുന്നെങ്കിലും മന്ത്രിസഭാ യോഗത്തിൽ ഇരു മന്ത്രിമാരും എതിർത്തില്ല. സാമൂഹിക നീതി വകുപ്പിനു കീഴിലെ ഐക്കൺസ് എന്ന സ്ഥാപനത്തിലെ 44 ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ഫയൽ ഇന്നലെ മുഖ്യമന്ത്രിക്കു കൈമാറി. ഇതും അടുത്ത ദിവസം പരിഗണിച്ച് തീരുമാനം എടുക്കും. ഇതിനൊപ്പം പി എസ് സിക്കാരുടെ കണ്ണീർ സർക്കാർ കാണുന്നുമില്ല.