തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് വാരിക്കോരി കൊടുക്കാൻ സർക്കാർ. 80 വയസ്സു കഴിഞ്ഞ സർവീസ് പെൻഷൻകാർക്ക് പ്രതിമാസ പെൻഷനൊപ്പം 1000 രൂപ അധികം നൽകാനുള്ള ധനവകുപ്പിന്റെ നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു. ഏപ്രിൽ 1 മുതൽ ലഭിക്കും. ശമ്പള കമ്മിഷന്റെ ഈ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ശുപാർശ മുഖ്യമന്ത്രിക്കു കൈമാറിയത്. ഇത് അംഗീകരിക്കുകയും ചെയ്തു.

തമിഴ്‌നാട് മോഡൽ പരീക്ഷണത്തിനാണ് സർക്കാർ. വാരിക്കോരി കൊടുക്കുമെന്ന് പറഞ്ഞ് വോട്ടു വാങ്ങുക. കേരളത്തിന്റെ ഖജനാവ് കാലിയാണ്. കിഫ്ബി ലോണെടുത്താണ് വികസനം പോലും നടത്തുന്നത്. അതുകൊണ്ട് വോട്ട് മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം പ്രഖ്യാപനങ്ങൾ അടുത്ത് അധികാരത്തിൽ എത്തുന്ന സർക്കാരിന് കടുത്ത വെല്ലുവിളിയായി മാറുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞ് അടുത്ത സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പ്രതിപക്ഷവും തിരിച്ചറിയു്ന്നു.

80 വയസ്സ് കഴിഞ്ഞ സർവീസ് പെൻഷൻകാർക്കു പ്രതിമാസം 1000 രൂപ അധികം നൽകാനുള്ള ശമ്പളക്കമ്മിഷന്റെ നിർദ്ദേശം തുടക്കത്തിൽ മന്ത്രിസഭ അംഗീകരിച്ചിരുന്നില്ല. കമ്മിഷൻ ഈ ശുപാർശ മുന്നോട്ടു വച്ചിരുന്നെങ്കിലും ഇതൊഴികെയുള്ളവയാണു കഴിഞ്ഞ 10ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇതു പെൻഷൻകാരെ പിണക്കുമെന്നു തിരിച്ചറിഞ്ഞതോടെ പെൻഷൻ പരിഷ്‌കരണ ഉത്തരവു പുറത്തിറക്കുന്നതു മന്ത്രി ടി.എം.തോമസ് ഐസക് തടഞ്ഞു.

തുടർന്ന് 80 വയസ്സ് കഴിഞ്ഞവർക്ക് 1000 രൂപയുടെ വർധന കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു ഫയൽ കൈമാറി. മുഖ്യമന്ത്രി ഒപ്പിട്ട ഫയൽ എത്തുമ്പോൾ 1000 രൂപ കൂടി വർധിപ്പിച്ചു കൊണ്ടുള്ള തിരുത്തിയ ഉത്തരവ് ധനവകുപ്പ് പുറത്തിറക്കും. സാമ്പത്തിക പ്രതിസന്ധിയുടെ വശങ്ങൾ മനസ്സിലാക്കിയാണ് ആദ്യം ഈ തീരുമാനം മന്ത്രിസഭ അംഗീകരിക്കാതെ ഇരുന്നതും.

എന്നാൽ പ്രഖ്യാപിച്ച ശേഷം കൊടുത്തില്ലെങ്കിൽ തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രിയെ കൊണ്ട് ധനമന്ത്രി തീരുമാനം എടുപ്പിക്കുകയായിരുന്നു.