തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. അമിത്ഷായെ വ്യാജ ഏറ്റുമുട്ടൽ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കൽ രാമകൃഷ്ണനെന്ന പേര് ഓർമയുണ്ടോ? കല്ലുവെട്ടുന്ന മഴുകൊണ്ട് ആ ജനസംഘം പ്രവർത്തകന്റെ ശിരസിലേക്കാഞ്ഞുവെട്ടിയത് പിണറായി മറന്നോ? ചോരപുരണ്ട ആ കൈകൾ അമിത് ഷായ്ക്ക് നേരെ ചൂണ്ടേണ്ട..-ഫെയ്‌സ് ബുക്കിൽ മുരളീധരൻ കുറിച്ചു.

എല്ലാ കോടതികളും നിരപരാധിയെന്ന് വിധിച്ച അമിത് ഷായുമായി നിങ്ങൾക്ക് താരതമ്യമില്ല. 2014ൽ മോദി സർക്കാർ അധികാരമേറ്റശേഷമല്ല, 2016 ൽ പിണറായി തിരുവനന്തപുരത്ത് അധികാരമേറ്റശേഷമാണ് തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിന്റെ ഹബ്ബായി മാറിയത്. പിണറായിയുടെ കീഴിലുള്ള പ്രോട്ടോക്കാൾ വിഭാഗമാണ് നയതന്ത്രപരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന് വ്യാജേന സ്വർണം കടത്തുവാൻ വേണ്ട ഒത്താശ ചെയ്തു കൊടുത്തത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ കോൺസുൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് എന്തിനെന്ന് രാജ്യത്തോട് പിണറായി വിശദീകരിക്കണം.

കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല. വിദേശപൗരന്മാരുമായി ചേർന്ന് നിങ്ങൾ നടത്തിയ ദേശദ്രോഹം ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയോ ? ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണർന്ന് പ്രവർത്തിക്കുമ്പോൾ ഭയമുണ്ടല്ലേ? അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങൾക്ക് പിണറായി വിജയൻ നൽകുന്നത് ഉത്തരമല്ല, നിലവിളിയാണ്. കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതെന്ത് ?

കള്ളക്കടത്ത് സ്വർണം വാങ്ങിയതാരാണെന്ന് പിണറായി കൊടുവള്ളിയിലെ സഖാക്കളോട് ചോദിച്ചാൽ മതി. കൈകാര്യം ചെയ്യും, കേരളമാണ് തുടങ്ങിയ വിരട്ടലൊന്നും അമിത് ഷായോടും ബിജെപിയോടും വേണ്ട. ഒരു കാര്യം മറക്കണ്ട.. നിങ്ങൾ വഞ്ചിച്ചത് ഈ രാജ്യത്തെയാണ്. നിങ്ങൾ ഒറ്റുകൊടുത്തത് ഒരു ജനതയെയാണ്. അതിന് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും......-പോസ്റ്റിൽ മുരളീധരൻ വിശദീകരിച്ചു.