കണ്ണൂർ. :പിണറായി സർക്കാർ ഇനിയും ഭരിച്ചാൽ കേരളം ദുബായ് ആക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ യോഗത്തിലാണ് ഇ.പി നയം വ്യക്തമാക്കിയത്. ഗൾഫ് രാജ്യമായ ദുബായിയെ കേരളം മാതൃകയാകേണ്ടതാണ്. അവിടുത്തെ ഭരണാധികാരികളുടെ ഇച്ഛാശക്തി കൊണ്ടാണ്. അതുപോലെ എന്തിനും സ്വയം പര്യാപ്തമായ പ്രദേശമാക്കി കേരളത്തിൽ പിണറായി ഭരണം തുടർന്നാൽ മാറ്റിയെടുക്കാൻ കഴിയുമെന്നും ജയരാജൻ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഇന്ത്യാ രാജ്യം തന്നെ ഉറ്റുനോക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാർ കോർപറേറ്റുകൾക്കു വേണ്ടിയാണ് നാടു ഭരിക്കുന്നത്. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ പോലും അദാനിക്കും അംബാനിക്കും വേണ്ടിയാണ് മോദി സർക്കാർ നാടു ഭരിക്കുന്നത്. എന്നാൽ ഇവർക്ക് ബദലായി രാജ്യത്തെ സാധാരണക്കാർക്കു വേണ്ടിയുള്ള നയമാണ് ഇടതുപക്ഷം നടപ്പാക്കുന്നത്. കേന്ദ്രത്തിൽ കർഷകരെ ദ്രോഹിക്കുന്ന ഇന്ധന വിലവർധിപിക്കുന്ന ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അന്നന്ന് ദുർബലമായി കൊണ്ടിരിക്കുകയാണ് കോൺഗ്രസ്. ഗോവയിലും മധ്യപ്രദേശിലും നേരത്തെ കോൺഗ്രസ് ഭരിച്ചതാണ്.

എന്നാൽ അവരുടെ നേതാക്കളടക്കം ഇന്ന് ബിജെപി യിലാണ്. നമ്മുടെ കണ്ണൂരിന് തൊട്ടടുത്ത മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിൽ അഞ്ച് എംഎ‍ൽഎമാരാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്. അവിടെയും കോൺഗ്രസ് ഭരണത്തിൽ നിന്നും താഴെയിറങ്ങിയിരിക്കുകയാണ് ഇങ്ങനെ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ബിജെപിക്ക് അടിയറ വെച്ചിരിക്കുകയാണ്. ബിജെപിക്ക് മുൻപിൽ തകർന്നടിഞ്ഞ കോൺഗ്രസാണ് കേരളത്തിൽ വന്ന് ഇടതു സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നും ഇ.പി ആരോപിച്ചു. ഇവരുടെ കള്ളക്കഥകളൊന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ ഇതു തെളിയിച്ചതാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

പിണറായി തെരഞ്ഞെടുപ്പ് കൺവൻഷൻ സെന്ററിൽ നടന്ന ധർമ്മടം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ യോഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ , എൽ.ഡി.എഫ് നേതാകളായ കെ.കെ രാജൻ, ഇ.പി. ആർ വേശാല . സി.എൻ ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.