- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡി കേസിൽ വിധി വോട്ടെടുപ്പിന് ശേഷമെന്ന ആശ്വാസം ഇടതുപക്ഷത്തിന്; ഹൈക്കോടതി വിധി എതിരായാൽ സുപ്രീംകോടതിയിൽ ഇഡി പോകുമെന്നും ഉറപ്പ്; കേന്ദ്ര ഏജൻസിക്കെതിരായ കേസിൽ പൊലീസിലെ വിയോജിപ്പും ചർച്ചകളിൽ; സന്ദീപിന്റെ മൊഴി എടുക്കൽ ഇനി നിർണ്ണായകം; രണ്ടും കൽപ്പിച്ച് പിണറായി സർക്കാർ
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പേരിലുള്ള കേസ് മുന്നോട്ടുനീങ്ങുന്നതിനുപിന്നിൽ രാഷ്ട്രീയ തീരുമാനം. ഒരു കേന്ദ്രഏജൻസിയുടെപേരിൽ കേസെടുക്കുന്നതിൽ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരിൽനിന്ന് ആദ്യഘട്ടത്തിൽ വിയോജിപ്പുകൾ ഉയർന്നുവെന്നാണ് സൂചനകൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ ഏപ്രിൽ എട്ടുവരെ കടുത്ത നടപടി ഉണ്ടാകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തു വന്നിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ ആരേയും വിളിച്ചുവരുത്തില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചത് ജസ്റ്റിസ് വി.ജി. അരുൺ രേഖപ്പെടുത്തുകയും ചെയ്തു.
ക്രൈംബ്രാഞ്ചിന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴിയെത്തുടർന്ന് കേസെടുക്കാനാവുമെന്ന് നിയമോപദേശം ലഭിച്ചു. എന്നാൽ തുടക്കത്തിൽ കേസെടുക്കാൻ പൊലീസിന് താൽപ്പര്യമില്ലായിരുന്നു. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നയെ നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേരുപറയിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന മൊഴിയാണ് കേസിനാധാരം. ഹൈക്കോടതി കേസ് സ്‌റ്റേ ചെയ്യാത്തത് സർക്കാരിന് ആശ്വാസമാണ്. കേസിൽ വിധി വൈകുന്നതും ശ്രദ്ധേയമാണ്. ഇനി ഈ കേസ് ഏപ്രിൽ എട്ടിന് വരും. അതിന് മുമ്പ് കേരളത്തിൽ വോട്ടെടുപ്പും കഴിയും. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധി വരുമെന്ന പ്രതീക്ഷയിൽ സുപ്രീംകോടതിയിൽ വോട്ടെടുപ്പിന് മുമ്പ് അപ്പീൽ കൊടുത്ത് തീരുമാനം എടുക്കാനുള്ള ഇഡിയുടെ മുന്നൊരുക്കവും വെറുതെയായി.
മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാർക്കെതിരേയും ഇല്ലാത്ത മൊഴിയുണ്ടാക്കാൻ കേന്ദ്രഏജൻസി ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. കേസെടുക്കണമെന്നത് സർക്കാർ തീരുമാനമായി വന്നതോടെ പൊലീസ് മേധാവി വഴങ്ങുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് മേധാവിയുടെ ഓഫീസിൽനിന്ന് ഫയൽ ക്രൈംബ്രാഞ്ചിൽ എത്തിയതും കേസെടുക്കൽ നടപടികളുമായി മുന്നോട്ടുപോയതും. രണ്ട് പൊലീസുദ്യോഗസ്ഥർ നൽകിയ മൊഴിയിലും സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷയിലും ഒരു ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറയുന്നുണ്ട്. എന്നാൽ, ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകളിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ഉപയോഗിച്ചാണ് കേസ്.
സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷ പുറത്തുവന്നതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ്. ആലപ്പുഴയിലെ അഭിഭാഷകൻ പൊലീസ് മേധാവിക്ക് പരാതി നൽകുകയും തുടർന്ന് പരാതിക്കാരന്റെ മൊഴിയെടുത്തശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർചെയ്യുകയുമായിരുന്നു. ഇനി സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ചിന് സന്ദീപ് നൽകുന്ന മൊഴി അതിനിർണ്ണായകമായിരിക്കും.
ഹൈക്കോടതിയിൽ ഇഡി നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത് കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ, ഇതിനിടയിൽ അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറോട് ഹാജരാകണമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്റെ ആവശ്യപ്പെട്ടതായി കേന്ദ്രസർക്കാർ അഭിഭാഷകൻ സുവിൻ ആർ. മേനോൻ കോടതിയെ അറിയിച്ചു.
ഇത് കേന്ദ്ര-സംസ്ഥാന അഭിഭാഷകർ തമ്മിൽ തർക്കത്തിനും കാരണമായി. സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഇത് തെറ്റാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ക്രമസമാധാനച്ചുമതലയുള്ള ഡി.സി.പി. എങ്ങനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥനോട് ഹാജരാകണമെന്ന് ആവശ്യപ്പെടുന്നതെന്നും ചോദിച്ചു. ഇതോടെ അന്വേഷണത്തിന്റെ ഭാഗമായി ആരേയും വിളിച്ചുവരുത്തരുതെന്ന ആവശ്യം സോളിസിറ്റർ ജനറലും ഉന്നയിച്ചു. ഹർജിയിൽ ഏപ്രിൽ എട്ടിന് വാദം തുടരും. ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. മേഖല സോണൽ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനാണ് ഹർജിനൽകിയത്.
നയതന്ത്രപാഴ്‌സൽ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്ന കേസിലെ പരാതിക്കാരൻ സന്ദീപ് നായരെ 2 ദിവസം ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതും നിർണ്ണായകമാണ്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചാർജ് വഹിക്കുന്ന ജഡ്ജി ഡി. സുരേഷ് കുമാറാണ് അനുമതി നൽകിയത്. അടുത്ത 7 ദിവസങ്ങൾക്കുള്ളിൽ പൂജപ്പുര ജയിലിൽവച്ചു സന്ദീപ് നായരെ ചോദ്യം ചെയ്യാനാണു ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസ് അപേക്ഷ സമർപ്പിച്ചത്.
ഇഡിക്കെതിരായ ആരോപണത്തെ സ്വപ്ന സുരേഷ് തള്ളിപ്പറയുകയും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ പൊലീസാണ് ഇഡിക്കെതിരെ പറയാൻ നിർബന്ധിച്ചതെന്ന മൊഴി നൽകുകയും ചെയ്തതോടെ ഈ കേസിൽ സന്ദീപ് നായരുടെ മൊഴി നിർണായകമാണ്.
മറുനാടന് മലയാളി ബ്യൂറോ