കണ്ണുർ: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടന്നാക്രമണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ ബോംബുമായി ബന്ധപ്പെട്ട മുല്ലപ്പള്ളിയുടെ പ്രതികരണമാണ് പിണറായിയെ പ്രകോപിപ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രിയായിരിക്കെ മുല്ലപ്പള്ളി ഏറെ ശ്രമിച്ചിട്ടും തന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻപ് വരും ദിനങ്ങളിൽ തന്റെ മകൾ നടത്തുന്ന ബംഗ്‌ളുരിലെ സ്ഥാപനത്തിൽ ആദായ നികുതി വകുപ്പ് റെയ്ഡു നടത്തുമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണുരിൽ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ മറ്റൊരു സംഭവത്തിൽ തന്നെപ്പെടുത്താൻ മുല്ലപ്പള്ളി കേന്ദ്രആഭ്യന്തര സഹമന്ത്രിയായിരിക്കെ കുറെ ശ്രമിച്ചാണ്. അന്നൊന്നും ഒന്നും നടന്നില്ല. കേസന്വേഷിച്ച ജുഡീഷ്യറിക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നമ്മളെന്നും നമ്മളായി തന്നെ ഇവിടെ ഇരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്പോഴും കേന്ദ്ര മന്ത്രി അമിത് ഷായുടെ കൂടെ രാജ്യത്തെ ആഭ്യന്തര സഹമന്ത്രിയാണോയെന്നും അറിയില്ല-പിണറായി കളിയാക്കി.

അല്ലെങ്കിൽ കേന്ദ്രത്തിൽ അത്ര പിടിപാടുണ്ടോയെന്നും മുഖ്യമന്തി ചോദിച്ചു. ഇത്തരം ഓല പാമ്പ് കാട്ടിയെന്നും പിണറായി വിജയനെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വികസന വിരോധികൾ മുഴുവൻ എൽ.ഡി.എഫിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. കേരളത്തിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് ഇവിടെ പറന്നിറങ്ങി ആരോപണങ്ങൾ ഉന്നയിക്കുന്നത്.സംസ്ഥാന നേതൃത്വം പറഞ്ഞതനുസരിച്ചാണ് ഇവർ ഓരോന്നും പറയുന്നത് കേരളത്തെ കുറിച്ച് ഇവർക്കൊന്നും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബോ ഫെഴ്‌സിലും ടു ജി അഴിമതി കേസുകളിലും കേരളത്തിൽ പാമോയിൽ കേസിലും പ്രതികളായവരാണ് അഴിമതി വിരുദ്ധ വെള്ളരിപ്രാവുകളായി ചമഞ്ഞു നടക്കുന്നത്. സർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാൻ ഇതുവരെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. അവരുടെ വിശ്വാസ്യത തന്നെ തകർന്നിരിക്കുകയാണ്-മുഖ്യമന്ത്രി പിറഞ്ഞു.

വരും ദിനങ്ങളിൽ വ്യാജ ആരോപണങ്ങൾ ഇനിയും ഉണ്ടായേക്കാം, കൃത്രിമ രേഖകൾ, വ്യാജ ശബ്ദ സന്ദേശങ്ങൾ എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നേതാക്കളുടെ കുടുംബാംഗങ്ങളെ കുറിച്ച് വ്യാജ ആരോപണങ്ങൾ പടച്ചു വിടുകയാണ്. വിനോദിനി വാങ്ങിയതാണ് ഐഫോണെന്ന് അവരുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് കേരളത്തിൽ വികസന വിരോധികള ജനങ്ങൾ മൂലയ്ക്കിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബൊഫോഴ്‌സ് മുതൽ 2ജി വരെയുള്ള അഴിമതികൾ നടത്തിയിട്ടുള്ളവരാണ് കേരളത്തിൽ വന്ന് അഴിമതിയുണ്ടെന്ന് ആക്ഷേപിക്കുന്നത്. പാമോയിൽ മുതൽ ടൈറ്റാനിയം വരെയുള്ള അഴിമതിക്കേസുകളിൽപ്പെട്ട കൂട്ടരുടെ നേതാവാണ് കേരളത്തെ അഴിമതിയുടെ പേരിൽ ആക്ഷേപിക്കാൻ തയ്യാറാകുന്നത്. അതിനായി കിഫ്ബി പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു. ലൈഫ് പദ്ധതി അവസാനിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ചത് യുഡിഎഫിന്റെ കൺവീനറാണ്. ആ യുഡിഎഫിന്റെ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി വിടുകയാണ്.

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കിഫ്ബിക്കെതിരെ ഒന്നിനു പിറകെ ഒന്നായി അന്വേഷണ ഏജൻസികളെ ഇറക്കുന്നത്. ഒടുവിലാണ് ആദായ നികുതി വകുപ്പിനെ ഇറക്കിയത്. കിഫ്ബിയെ തകർത്തിട്ട് നിങ്ങൾ എന്താണ് നേടാൻ ഉദ്ദേശിക്കുന്നത്? ഇന്നാട്ടിലെ സ്‌കൂളുകളും റോഡുകളും ആശുപത്രികളും പാലങ്ങളും ഇനി വികസിക്കേണ്ടതില്ല എന്നാണോ? അവർ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നവ പാലാരിവട്ടം പാലം പോലെ പൊളിഞ്ഞു പോയിട്ടുമുണ്ട്. വികസന വിരോധികൾക്കുള്ള മറുപടിയായിരിക്കും കേരളത്തിന്റെ ജനവിധി. യുഡിഎഫും ബിജെപിയും ചേർന്നാണ് എൽ ഡിഎഫിനെ നേരിടുന്നത്. അവർ തമ്മിലുള്ള ഐക്യം ഇപ്പോൾ തുടങ്ങിയതല്ല. പല കാര്യങ്ങളിലും ഒരേ പോലെ നിൽക്കുന്നവരാണവർ.

ഈ സർക്കാരിനെതിരെ ഉന്നയിച്ച ഒരാരോപണം പോലും വിശ്വാസ്യതയുള്ളതാണ് എന്ന് തെളിയിക്കാൻ ഇതേ വരെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയാണ് തകർന്നു പോകുന്നത്. അതിന്റെ പ്രതിഫലനമാണ് കേരളത്തിലുടനീളമുള്ള എൽഡിഎഫ് അനുകൂല ജനമുന്നേറ്റത്തിൽ തെളിയുന്നത്. അത് തന്നെയാണ് തെരഞ്ഞെടുപ്പ് സർവേകളിൽ പ്രതിഫലിച്ചത്. ആ യാഥാർഥ്യത്തിനു മുന്നിൽ പിടിവിട്ടു പോയവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം.

പല ആയുധങ്ങളും അണിയറയിൽ തയാറാകുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. വ്യാജ സന്ദേശങ്ങൾ, കൃത്രിമ രേഖകളുടെ പകർപ്പുകൾ, ശബ്ദാനുകരണത്തിലൂടെ സൃഷ്ടിക്കുന്ന സംഭാഷണങ്ങൾ ഇങ്ങനെ പലതും ഇപ്പോൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇതൊന്നും മതിയാവില്ല എന്ന് ഇവർക്ക് എപ്പോഴാണ് മനസ്സിലാവുക?-മുഖ്യമന്ത്രി ചോദിച്ചു..