കണ്ണുർ: കേരളത്തിൽ മുഴുവൻ ഇരട്ട വോട്ടാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നമ്മുടെ നാടിനെ അപമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. പിണറായി കൺവെൻഷൻ സെന്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

4 ലക്ഷം പേരുടെ പേർ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഇവയിൽ ഇരട്ട സഹോദരങ്ങളും വിവാഹം കഴിഞ്ഞു പോയവരുമൊക്കെയുണ്ട്. ചെന്നിത്തലയുടെ വീട്ടിൽ തന്നെ ഇരട്ട വോട്ടുണ്ടായത് അദ്ദേഹം ശ്രദ്ധിച്ചില്ല. കൊ വിഡ് കാലത്ത് രോഗികളുടെ വിവരം ശേഖരിക്കാൻ സ്പ്രിങ് ളറിനെ ഏൽപ്പിച്ചപ്പോൾ ഡാറ്റാ ചോർച്ചയെന്ന് ബഹളമുണ്ടാക്കിയവരാണ് ഇപ്പോൾ വോട്ടർമാരുടെ രഹസ്യവിവരങ്ങൾ വെബ്‌സൈറ്റിൽ ചേർത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ത്രിപുരയിലേതുപോലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിക്കളയാമെന്ന് കരുതിയിട്ടാണ് സംഘപരിവാർ പുറപ്പാടെങ്കിൽ അവർ സ്വപ്നം കാണാത്ത തിരിച്ചടി ഈ തെരഞ്ഞെടുപ്പിൽ കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. കോ ലീ ബി എന്ന പരസ്യ സഖ്യത്തെ നിലം തൊടീക്കാതെ നാടുകടത്തിയ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പുത്തൻ അവസരവാദ സഖ്യത്തിന്റെയും വ്യാമോഹങ്ങൾ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസിന്റെ വർഗീയ നീക്കങ്ങൾക്ക് വളർന്നു പൊങ്ങാൻ പറ്റുന്ന ഇടമല്ല ഇതെന്നും ഒരു വർഗീയതയെയും ജനങ്ങൾ പിന്തുണയ്ക്കില്ല എന്ന് ഈ തെരഞ്ഞെടുപ്പിൽ കേരളം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയ സാധ്യത ഉറപ്പിക്കാൻ പറ്റാത്ത പാർട്ടിയാണ് ബിജെപി. എന്നിട്ടും ബിജെപിയുടെ പ്രധാന നേതാക്കൾ കേരളത്തിൽ തമ്പടിക്കുന്നതും ഭീഷണികൾ മുഴക്കുന്നതും എന്തുദ്ദേശ്യത്തിലാണ് . ത്രിപുരയിൽ കോൺഗ്രസ്സിനെ അപ്പാടെ വിഴുങ്ങിയാണ് ബിജെപി തടിച്ചു ചീർത്തത്. ഇവിടെ കോൺഗ്രസ്സും ലീഗുമായി ചേർന്ന് അത്തരം നീക്കങ്ങൾ നടത്തിയപ്പോൾ ജനങ്ങൾ ഇടതുപക്ഷത്തിനോടൊപ്പം നിന്ന ചരിത്രമാണുള്ളത്.

വികസന കാര്യങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷവും ബിജെപിയും തയ്യാറാകുന്നില്ല. രണ്ടു കൂട്ടരും ഒളിച്ചോടുകയാണ്. വികസനം വേണ്ട ഇരട്ടവോട്ട് ചർച്ചചെയ്യാമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒറ്റ വോട്ടു പോലും ഇരട്ട വോട്ടായിചെയ്യരുതെന്നാണ് ഞങ്ങൾ ഇലക്ഷൻ കമ്മിഷനോട് ആവശ്യപ്പെട്ടുന്നത്. വികസനവും ക്ഷേമവും ജനങ്ങളുടെ അവകാശമാണ് എന്ന നിലപാടാണ് എൽഡിഎഫിന്. 30,000 കോടി രൂപ ക്ഷേമ പെൻഷൻ , ലൈഫ് ഭവന പദ്ധതിക്ക് 8830 കോടി രൂപ , സ്‌കൂളുകൾ ഹൈടെക്കാക്കാൻ മൂവായിരം കോടിയിലധികം രൂപ എന്നിങ്ങനെയാണ് ഈ സർക്കാർ ചിലവഴിച്ചത്. ആശുപത്രികൾ, കാർഷിക രംഗത്തെ ഉൽപ്പാദന വർധനവ്, വിശപ്പ് രഹിത കേരളം തുടങ്ങി സാധാരണ ജനജീവിതത്തെ സ്പർശിക്കുന്ന ഒന്നായി നാടിന്റെ വികസനത്തെ മാറ്റാനായി എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ അഭിമാനം.

ബിജെപിയോ കോൺഗ്രസോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ കാഴ്ചപ്പാട് കാണാനാകുമോ. കേരളം എല്ലാ തുറകളിലും മുന്നിലെത്തുന്നത് ചർച്ച ചെയ്യുന്നതിൽ നിന്ന് രണ്ടു കൂട്ടരും ഒളിച്ചോടുന്നതിന്റെ കാരണം വേറെ തേടേണ്ടതില്ല. അവർക്ക് ചെയ്യാൻ കഴിയാത്തത് എൽഡിഎഫ് ചെയ്യുന്നു. ചെയ്തു തെളിയിച്ചു. അത് ജനങ്ങൾ വിളിച്ചു പറയുന്നുണ്ട്. ആ സമയത്ത് അസഹിഷ്ണുതയോടെ അവിശുദ്ധ സഖ്യമുണ്ടാക്കിയിട്ടും അപവാദ വ്യവസായം വിലുപപ്പെടുത്തിയിട്ടും ഒരു കാര്യവുമില്ല-മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ഭീഷണി രൂക്ഷമായി വരുന്ന ഘട്ടത്തിൽ എത്രയും വേഗം കൂടുതൽ പേർക്ക് വാക്സിൻ നൽകുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.