- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിൽ ജ്യോതി ബസുവിന് സാധിച്ചത് കേരളത്തിൽ യാഥാർത്ഥ്യമാക്കി; നേടിയത് 67 സീറ്റെന്ന ചരിത്ര നേട്ടം; സിപിഐയുമായി ചേർന്നാലുള്ളത് 84 സീറ്റിന്റെ ഉജ്ജ്വല ഭൂരിപക്ഷം; ഐസക്കിനേയും സുധാകരനേയും രാജു എബ്രഹാമിനേയും പുറത്തിരുത്തി ക്യാപ്ടൻ നേടിയത് സെഞ്ച്വറിയെ വെല്ലും 99 എന്ന സ്കോർ; ഇരട്ട ചങ്കൻ ഇരട്ടി ശക്തിയിൽ നോർത്ത് ബ്ലോക്കിൽ മടങ്ങിയെത്തുമ്പോൾ
തിരുവനന്തപുരം: കേരളം പിണറായിയിലേക്ക് ചുരുങ്ങുകയാണ്. ഇനി കേരളത്തിന്റെ ക്യാപ്ടനാണ് പിണറായി. സിപിഎമ്മിലെ എല്ലാം എല്ലാം. ജ്യോതി ബസുവിന് മാത്രം സിപിഎമ്മിൽ സാധിച്ച തുടർഭരണമാണ് പിണറായി കേരളത്തിൽ സ്വന്തമാക്കുന്നത്. മന്ത്രിമാരേയും വകുപ്പുകളേയും എല്ലാം പിണറായി തീരുമാനിക്കുന്ന മന്ത്രിസഭയാകും ഇനി അധികാരത്തിൽ എത്തുക. തോമസ് ഐസക്കിനേയും ജി സുധാകരനേയും പി ജയരാജനേയും പോലുള്ള ജനകീയരെ മത്സരിപ്പിക്കാതെ മാറ്റി നിർത്തി നേടിയ വിജയം. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ പേര് വെട്ടി ജി സ്റ്റീഫനെ സ്ഥാനാർത്ഥിയാക്കിയ തന്ത്രജ്ഞതയുടെ വിജയം. റാന്നിയിൽ രാജു എബ്രഹാമില്ലെങ്കിലും ഇടതിന് വിജയിക്കാനാകുമെന്ന് കാട്ടിയ രാഷ്ട്രീയ കരുത്ത്. അങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി എടുത്ത നിലപാടുകൾ എല്ലാം ജയിച്ചു.
കണ്ണൂരിലായിരുന്നു ഇന്നലെ മുഖ്യമന്ത്രി. ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് എത്തുന്ന പിണറായി നേരെ സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ ഇനിയെത്തുക എല്ലാ അർത്ഥത്തിലും ക്യാപ്ടൻ എന്ന പരിവേഷത്തിലാണ്. സർവ്വാധികാരിയായി കേരളം ഭരിച്ച് ഹാട്രിക് തികയ്ക്കാനാണ് ആ മനസ്സ് ആഗ്രഹിക്കുന്നത്. അതിനുള്ള പുതിയ ടീം എത്രയും വേഗം അവതരിപ്പിക്കും. പാർട്ടി യോഗങ്ങളിൽ പിണറായി മുമ്പോട്ട് വയ്ക്കുന്ന ടീം എല്ലാവരും അംഗീകരിക്കും. അതുകൊണ്ട് തന്നെ അതിവിശ്വസ്തരെ കൂടെ നിർത്തിയുള്ള പുതിയ ടീമാകും പിണറായി രണ്ടാം വരവിൽ കേരളത്തിൽ അവതരിപ്പിക്കുക. ദിവസങ്ങൾക്കുള്ളിൽ എല്ലാ തീരുമാനവും എടുത്ത് സത്യപ്രതിജ്ഞയും ചെയ്യും.
1977 ലെ തിരഞ്ഞെടുപ്പിൽ സിപിഐയും കോൺഗ്രസും ഉൾപ്പെട്ട ഐക്യമുന്നണി സർക്കാരിനു തുടർഭരണം ലഭിച്ചിട്ടുണ്ടെങ്കിലും അന്നു മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ മത്സരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുടർഭരണത്തിൽ അച്യുതമേനോൻ മുഖ്യമന്ത്രിയായില്ല. എന്നാൽ ഇനി പിണറായി വീണ്ടും തുടരും. അതുകൊണ്ടു തന്നെ കേരളത്തിൽ ആദ്യമായി ഭരണത്തുടർച്ച സൃഷ്ടിച്ച മുഖ്യമന്ത്രി പിണറായി തന്നെ. ബംഗാളിൽ ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ സാധിച്ചത് കേരളത്തിലും സിപിഎം യാഥാർത്ഥ്യമാക്കി. ഇഎംഎസിനും നായനാർക്കും വി എസ് അച്യുതാനന്ദനും സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാനാകാത്ത നേട്ടം. സിപിഎം പാർട്ടി സ്വതന്ത്രർക്കൊപ്പം ഒറ്റയ്ക്ക് 67 സീറ്റ് നേടിയത് അവരുടെ സമഗ്രാധിപത്യത്തിനു തെളിവായി. കേവല ഭൂരിപക്ഷത്തിന് 4 സീറ്റ് മാത്രം പിന്നിൽ.
സിപിഎമ്മും സിപിഐയും ചേർന്നാൽ 84 സീറ്റായി. മറ്റു ഘടകകക്ഷികളെ ഗൗനിക്കാതെ 5 വർഷം പൂർത്തിയാക്കാൻ ഇടതുപക്ഷത്തെ ഈ മുഖ്യകക്ഷികൾക്കു വേണമെങ്കിൽ സാധിക്കും. ടേം നിബന്ധന വച്ച് 5 മന്ത്രിമാരടക്കം 33 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിയത് ഒടുവിൽ നഷ്ടക്കച്ചവടമാകുമോയെന്ന ആശങ്ക സിപിഎമ്മിൽ സജീവമായിരുന്നു. എന്നാൽ പിണറായിയുടെ പ്രഭാവം അതിനെ മറിടന്നു. യുഡിഎഫിന്റെ പുതുമുഖ സ്ഥാനാർത്ഥിപട്ടികയും പ്രചാരണ രംഗത്ത് അവരുണ്ടാക്കിയ ആവേശവും ആശങ്ക സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് 7582 സീറ്റ് എന്ന കണക്കുകൂട്ടലിൽ സിപിഎം സെക്രട്ടേറിയറ്റ് എത്തിയത്. അപ്പോഴും പിണറായി അതുക്കും മേലെ പ്രവചിച്ചിരുന്നു. കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിച്ച രാഷ്ട്രീയ കുശലതയും വിജയം കണ്ടു. പ്രതിസന്ധികളിൽ കുലുങ്ങാതെ സർക്കാരിനെ നയിച്ച പിണറായി വിജയനെ സ്ത്രീകളും യുവാക്കളും പിന്തുണച്ചു. മുഖ്യമന്ത്രി വോട്ടെടുപ്പു ദിനം പ്രവചിച്ചതു പോലെ ദേവഗണങ്ങളും അനുഗ്രഹിച്ചു.
പിണറായി വിജയന്റെ രണ്ടാം വരവ് ഒരു തരംഗംതന്നെ സൃഷ്ടിച്ചാണ്. അഞ്ചുവർഷത്തിനിടെയുണ്ടായ ഭരണപ്രതിസന്ധികളും പ്രകൃതിനൽകിയ പ്രയാസങ്ങളുമെല്ലാം ഒരു ഭരണാധികാരി എങ്ങനെ കൈകാര്യംചെയ്യുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച ജനത നൽകിയ അംഗീകാരമാണ് ഈ നേട്ടമെന്നാണ് നിരീക്ഷണം. പാർട്ടിയെ പൂർണമായും കൈയിൽ നിർത്തിയാണ് 2016-ൽ പിണറായി മുഖ്യമന്ത്രിപദത്തിലേക്ക് നടന്നുകയറിയത്. ഇപ്പോൾ ഒറ്റയ്ക്കും. ഓഖിയും പ്രളയവും കോവിഡുമെല്ലാം അതിന് നിമിത്തമായി. മതന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പിണറായിയുടെ നേതൃത്വത്തിൽ സിപിഎമ്മിന് കഴിഞ്ഞതും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. സംഘപരിവാർ അജൻഡയെ പ്രതിരോധിക്കാൻ കോൺഗ്രസ് മുന്നണിയെക്കാൾ വിശ്വസിക്കാവുന്നത് സിപിഎമ്മിനെയാണെന്ന തോന്നൽ പിണറായി ഉണ്ടാക്കിയെടുത്തു.
ഇത്രയേറെ പ്രതിസന്ധികളെ നേരിട്ട സർക്കാരും മുഖ്യമന്ത്രിയും കേരള ചരിത്രത്തിൽ അപൂർവം. കേരളത്തെ നടുക്കിയ പ്രകൃതിദുരന്തങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ടപ്പോൾ കുരുക്കായത് സ്വർണക്കടത്തു കേസും വിവാദങ്ങളും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പോലും കേസിൽ പ്രതി ചേർക്കപ്പെടുമെന്ന തോന്നൽ ഒരു ഘട്ടത്തിലുണ്ടായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എൻഐഎയും കസ്റ്റംസും പലതവണ സെക്രട്ടേറിയറ്റിലെത്തിയതോടെ രാജി സമ്മർദം രൂക്ഷമായി. പക്ഷേ അതെല്ലാം അതിജീവിച്ചു. വിജയ തിളക്കത്തോടെ ഇനി കേന്ദ്ര ഏജൻസികളെ വെല്ലുവിളിക്കാനും കഴിയും. എല്ലാ അർഥത്തിലും സർക്കാരിന്റെ മുഖം മുഖ്യമന്ത്രിയായിരുന്നു. വിവാദങ്ങളായാലും നേട്ടങ്ങളായാലും അതങ്ങനെ തുടർന്നു. പാർട്ടി നിയന്ത്രണമോ ഘടകക്ഷികളുടെ സമ്മർദമോ ഉണ്ടായില്ല; ഇനിയും അങ്ങനെ തന്നെ തുടരും. ഇരട്ടി ശക്തിയിൽ ഇരട്ടചങ്കൻ മുമ്പോട്ടു പോകും.
ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഭരണം പോയെങ്കിലും 'കനലൊരു തരി മതി'യെന്ന് ആശ്വാസം കൊണ്ട കേരളം പ്രതിസന്ധികൾക്കിടയിലും നിലനിർത്താനായത് സിപിഎമ്മിൽ മുഖ്യമന്ത്രിക്കു നേട്ടമാണ്. ഇനി ഇന്ത്യയിലെ സിപിഎം എന്നാൽ പിണറായി വിജയനാണ്. പാർട്ടി കോൺഗ്രസിൽ അടക്കം എല്ലാം തീരുമാനിക്കുക പിണറായി മാത്രമാകും. ബംഗാളിൽ സിപിഎം സമ്പൂർണ്ണമായി തകർന്നിരിക്കുന്നു. ത്രിപുരയിലും തിരിച്ചു വരവിന് കഴിയാത്ത വിധം തളർന്നു സിപിഎം. അതിനാൽ പിണറായിയെ ചോദ്യം ചെയ്യാൻ ഇനി സിപിഎം രാഷ്ട്രീയത്തിൽ ആരും ഉണ്ടാകില്ല. കണ്ണൂരിൽ പിജെ ആർമി ഉയർത്തിയ വിമത സ്വരവും ഇനി അപ്രസക്തം. അങ്ങനെ സിപിഎമ്മിലെ അതികായനായി മാറുകയാണ് പിണറായി.
കണ്ണൂർ ജില്ലയിലെ പിണറായിയിൽ കോരന്റെയും കല്യാണിയുടെയും മകനായി 1945 മെയ് 24ന് ജനനം. തലശേരി ബ്രണ്ണൻ കോളജിൽ വിദ്യാഭ്യാസം. കെഎസ്എഫ് സെക്രട്ടറിയായിരുന്നു. 24-ാം വയസ്സിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ക്രൂരമർദനം അനുഭവിച്ചു. 1998 മുതൽ 2015 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1998 മുതൽ പൊളിറ്റ്ബ്യൂറോ അംഗമാണ്. 1996 മുതൽ 1998 വരെ വൈദ്യുതി-സഹകരണ മന്ത്രിയായി പ്രവർത്തിച്ചു. 1970, 1977, 1991, 1996 വർഷങ്ങളിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ