തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ അന്തിമ തീരുമാനം ഈ മാസം 18ന് ശേഷം മാത്രം. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാകും ഇത്തരം ചർച്ചകളിലേക്ക് കടക്കുക. അനൗദ്യോഗിക കാര്യങ്ങൾ നേതാക്കൾക്കിടയിലാണ് ഇപ്പോൾ സംസാരിക്കുന്നത്. 18ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം രാവിലെ ചേരുമെന്നാണ് സൂചന. അന്ന് വൈകിട്ട് തന്നെ മന്ത്രിമാരെ നിശ്ചയിച്ച് സത്യപ്രതിജ്ഞയും നടക്കും.

18ന് ശേഷം മാത്രമായും പിണറായിയുടെ അടുത്ത സർക്കാർ സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അത് 18നോ 20നോ ആകാം. ഇക്കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കും. കോവിഡിൽ കാര്യങ്ങൾ നിയന്ത്രണത്തിലാകുമോ എന്ന് പരിശോധിക്കാനാണ് ഇത്. അതിന് ശേഷം മാത്രമേ സത്യപ്രതിജ്ഞാ വേദിയിൽ പോലും തീരുമാനം ഉണ്ടാകൂ. കോവിഡിനെ പിടിച്ചു കെട്ടാൻ രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞാൽ വിപുലമായ സത്യപ്രതിജ്ഞ തന്നെ നടക്കും. 20ന് സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത.

ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനമാണ് നടന്നത്. തൃപ്പുണ്ണിത്തുറയിലെ തോൽവിയിൽ വിശദ പരിശോധനകൾ നടത്തും. തൃപ്പണിത്തുറയിലും കുണ്ടറിയിലും തോൽവിയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. അതിന് അപ്പുറത്തേക്ക് മന്ത്രിസഭാ രൂപീകരണത്തിൽ വിശദ ചർച്ചകൾ നടന്നില്ലെന്ന് സൂചന. രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങൾ കൂടുതലായി ഇടംപിടിക്കാൻ സാധ്യതയുണ്ട്.

പിണറായിയുടെ നേതൃമികവാണ് വലിയ വിജയത്തിന് കാരണമെന്ന് കോടിയേരി ബാലകൃഷ്ണൻ അടക്കം സെക്രട്ടറിയേറ്റ് യോഗത്തിൽ വിശദീകരിച്ചു. നേതാക്കളെല്ലാം ഈ വിലയിരുത്തലുകളെ പിന്തുണച്ചു. എല്ലാ വിഭാഗം ജനങ്ങളും സിപിഎമ്മിന് പിന്നിൽ അണിനിരന്നതിന്റെ ഫലമാണ് വിജയമെന്നാണ് വിലയിരുത്തൽ.

മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരെക്കുറിച്ചുള്ള ചർച്ച അനൗദ്യോഗികമായി തുടരും. എൽഡിഎഫിലും സിപിഎം സംസ്ഥാന കമ്മിറ്റിയിലും ഇത് വിശദമായി ചർച്ച ചെയ്യും. കോവിഡ് വ്യാപനം കൂടിയാൽ രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാൻ സാധ്യത. ഘടകകക്ഷികൾക്കു മന്ത്രിമാരെ നൽകാൻ സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്കു തയാറായേക്കും. സിപിഎമ്മിനും സിപിഐയ്ക്കും ഓരോ മന്ത്രിമാർ കുറയാനിടയുണ്ട്. സിപിഎമ്മിനു 12 മന്ത്രി, സിപിഐയ്ക്കു 3 മന്ത്രി. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു ഒരു മന്ത്രിയെ ലഭിച്ചേക്കും. റോഷി അഗസ്റ്റിനും എൻ. ജയരാജിനുമാണ് സാധ്യത. കെ.ബി.ഗണേശ് കുമാറും ഇത്തവണ മന്ത്രിസഭയിലെത്താം. എൻസിപി, ജെഡിഎസ് പാർട്ടികൾക്കും മന്ത്രിമാരുണ്ടാകും.

ഇ.പി. ജയരാജൻ മാറുന്നതോടെ മന്ത്രിസഭയിലെ രണ്ടാമനായി എം വി ഗോവിന്ദൻ മാസ്റ്റർ വ്യവസായ മന്ത്രിയായി എത്തുമെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനും മന്ത്രിസഭയിലുണ്ടാകും. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായി തുടർന്നേക്കും. ടി.പി. രാമകൃഷ്ണനും എ.സി. മൊയ്തീനും ഒരു അവസരം കൂടി ലഭിച്ചേക്കും. ടി.പി. രാമകൃഷ്ണന് എക്‌സൈസും മൊയ്തീനു വൈദ്യുതി വകുപ്പും ലഭിക്കുമെന്ന തരത്തിലാണു അനൗദ്യോഗിക ചർച്ച പുരോഗമിക്കുന്നു.

സിപിഎം സെക്രട്ടേറിയേറ്റിൽനിന്ന് പി. രാജീവും കെ.എൻ. ബാലഗോപാലും മന്ത്രിമാരാകും. പി. രാജീവിനു ധനവും കെ.എൻ. ബാലഗോപാലിനു മരാമത്തും ലഭിച്ചേക്കും എന്നതരത്തിൽ റിപ്പോർട്ടുകളുണ്ട്. വീണാ ജോർജും പി.പി. ചിത്തരഞ്ജനും വി.എൻ. വാസവനും സജി ചെറിയാനും എ.വി. അബ്ദുറഹിമാനും നന്ദകുമാറും എം.ബി.രാജേഷും സാധ്യതാ പട്ടികയിലുണ്ട്. ഫിഷറീസ് വകുപ്പ് പി.പി. ചിത്തരഞ്ജനു ലഭിച്ചേക്കും. തിരുവനന്തപുരത്തുനിന്നു വി.ശിവൻകുട്ടിക്കാണു സാധ്യത. കടകംപള്ളി സുരേന്ദ്രനെ സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രി പൊളിറ്റ്ബ്യൂറോ അംഗങ്ങൾക്കിടിയിൽ ഇതു സംബന്ധമായ പ്രാഥമികചർച്ചയും നടന്നു.