തിരുവനന്തപുരം: സിപിഎമ്മിന്റെ 12 മന്ത്രിമാരിൽ 8 പേർ വരെ പുതുമുഖങ്ങൾ ആകാൻ സാധ്യത. സിപിഎം സെക്രട്ടറിയേറ്റിൽ അംഗങ്ങളായ ഇതുവരെ മന്ത്രിയാകാത്ത എംഎൽഎമാരെല്ലാം മന്ത്രിയാകും. ശൈലജ ടീച്ചറും മന്ത്രിയാകുമെന്നാണ് സൂചന. കേന്ദ്രകമ്മിറ്റിസംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ ഉണ്ടാകും. ഇവരിൽ രാധാകൃഷ്ണൻ ഒഴിച്ചുള്ളവർ ആദ്യമായാണു മന്ത്രിമാരാകുന്നത്. രാധാകൃഷ്ണനും പിണറായി മന്ത്രിസഭയിൽ ആദ്യമായാണ് അംഗമാകുക. ശൈലജയും മന്ത്രിയാകും. 12 മന്ത്രിസ്ഥാനങ്ങളാണുള്ളത്. അതിൽ അഞ്ചു പേർ ഇവരാകുമെന്നാണ് സൂചന.

20-ന് ഉച്ചകഴിഞ്ഞ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ. സംസ്ഥാനത്തു പരമാവധി 21 മന്ത്രിമാരാകാം. സിപിഎമ്മിനു 12 മന്ത്രിമാരും സിപിഐക്കു നാലു മന്ത്രിമാരുമുണ്ടാകും. കേരളാ കോൺഗ്രസ് (എം), ജനതാദൾ(എസ്), എൻ.സി.പി. എന്നിവർക്ക് ഓരോ മന്ത്രിമാർ. ശേഷിക്കുന്ന രണ്ടു മന്ത്രിസ്ഥാനങ്ങൾ ആദ്യത്തെ രണ്ടര വർഷം ജനാധിപത്യ കേരളാ കോൺഗ്രസിനും ഐ.എൻ.എല്ലിനും നൽകും. തുടർന്നുള്ള രണ്ടര വർഷം കേരളാ കോൺഗ്രസ് (ബി), കേരളാ കോൺഗ്രസ് (എസ്) എന്നിവർക്കു വച്ചുമാറും.

രണ്ടര വർഷത്തെ ആദ്യ ടേമിൽ ജനാധിപത്യ കേരളാ കോൺഗ്രസിലെ ആന്റണി രാജുവും ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും. സ്പീക്കർ സ്ഥാനം സിപിഎമ്മിനു തന്നെ. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐക്ക്. ഇതനുസരിച്ച് സിപിഎമ്മിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാർ. അതായത് ഇതിൽ ആറു പേരുടെ കാര്യത്തിൽ ധാരണയായി കഴിഞ്ഞു. മന്ത്രിസഭയിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉണ്ടാകുമോ എന്ന ചോദ്യവും സജീവമാണ്. ഇതും സിപിഎം ചർച്ച ചെയ്യുമെന്നാണ് സൂചന.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാരിൽ എം.എം. മണി, ടി.പി. രാമകൃഷ്ണൻ എന്നിവർ ഉണ്ടാകില്ലെന്ന സൂചനകളാണു ശക്തം. എന്നാൽ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായിയുടേതാകും. ബാക്കി 6 സ്ഥാനത്തേക്ക് 12 പേർ പരിഗണനയിലുണ്ട്. ജില്ല, സാമുദായിക പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും ഇതിൽ നിന്ന് 6 പേരെ നിശ്ചയിക്കുക.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശിവൻകുട്ടി, വി.എൻ. വാസവൻ, സജി ചെറിയാൻ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, സി.എച്ച്. കുഞ്ഞമ്പു, പി. നന്ദകുമാർ എന്നിവർ പട്ടികയിലുണ്ട്. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും കോഴിക്കോട് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗവും എന്ന നിലയിലാണ് റിയാസിന്റെ സാധ്യത. റിയാസിന്റെ ഭാര്യ മുഖ്യമന്ത്രിയുടെ മകളാണ്. റിയാസും രാജേഷും നന്ദകുമാറും ആദ്യമായാണു നിയമസഭാംഗമാകുന്നത്.

നാലാം തവണ എംഎൽഎ ആകുന്ന പി.ടി.എ. റഹീം, കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന കെ.ടി. ജലീലിനെ വീണ്ടും മന്ത്രിയാക്കുമോ എന്നും വ്യക്തമല്ല. . സ്പീക്കർ സ്ഥാനത്തേക്ക് ജലീലിന്റെ പേര് ഉയർന്നിട്ടുണ്ടെങ്കിലും പാർട്ടി അംഗം അല്ലാത്ത ഒരാളെ ഇതുവരെ സിപിഎം ആ പദവിയിലേക്കു പരിഗണിച്ചിട്ടില്ല. കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിൽ ശൈലജയെ നിലനിർത്തി നിലവിലെ മന്ത്രിമാരെ പൊതു മാനദണ്ഡം ചൂണ്ടിക്കാട്ടി മാറ്റുമെന്ന സൂചനകളാണ് ശക്തം. അതേസമയം എ.സി. മൊയ്തീന്റെ കാര്യവും ചർച്ച ചെയ്യും. വീണാ ജോർജ്, കാനത്തിൽ ജമീല, ആർ.ബിന്ദു എന്നിവരിൽ ഒരാളെങ്കിലും മന്ത്രിയായേക്കും. വനിതാ പ്രാതിനിധ്യം 3 ആക്കിയാൽ ഇവരിൽ 2 പേർക്കു സാധ്യതയുണ്ട്. ആദ്യ വനിതാ സ്പീക്കർ എന്ന ആശയവും സിപിഎം ചർച്ച ചെയ്യുന്നുണ്ട്.

എൻസിപി മന്ത്രിയുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് ആയിരിക്കും നിർണായകം. കുട്ടനാട്ടിൽ നിന്നു ജയിച്ച തോമസ് കെ.തോമസിനു വേണ്ടി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ അടക്കം രംഗത്തുണ്ട്. എന്നാൽ മുതിർന്ന നേതാവും ദേശീയ പ്രവർത്തക സമിതി അംഗവുമായ എ.കെ. ശശീന്ദ്രനെ തഴയാൻ കഴിയില്ലെന്ന മറുവാദവുമുണ്ട്. ഇരുവരും ഊഴം വച്ച് മന്ത്രിമാരാകണമെന്ന നിർദ്ദേശവും ഉയർന്നേക്കാം. സിപിഐയും ഇന്ന് യോഗം ചേർന്ന് മന്ത്രിമാരെ നിശ്ചയിക്കും. സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകും.

മന്ത്രിമാർ: സാധ്യതാപ്പട്ടിക

സിപിഎം.

എം വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, എം.ബി. രാജേഷ്, പി. നന്ദകുമാർ, സജി ചെറിയാൻ, സി.എച്ച്. കുഞ്ഞമ്പു, എ.എൻ. ഷംസീർ, പി.എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്, പ്രഫ: ആർ. ബിന്ദു, കാനത്തിൽ ജമീല, കോടിയേരി ബാലകൃഷ്ണൻ, ശൈലജ ടീച്ചർ

സിപിഐ.

ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ, ചിറ്റയം ഗോപകുമാർ, ഇ.കെ. വിജയൻ, ജി.ആർ. അനിൽ.

കേരളാ കോൺഗ്രസ്(എം)

റോഷി അഗസ്റ്റിൻ

ജനതാദൾ എസ്.

കെ. കൃഷ്ണൻകുട്ടി

ജനാധിപത്യ കേരളാ കോൺഗ്രസ്

ആന്റണി രാജു

ഐ.എൻ.എൽ.

അഹമ്മദ് ദേവർകോവിൽ

സ്പീക്കർ

കെ.ടി. ജലീൽ,
വീണാ ജോർജ്(സിപിഎം)

ഡെപ്യൂട്ടി സ്പീക്കർ

ചിറ്റയം ഗോപകുമാർ
(സിപിഐ)

സർക്കാർ ചീഫ് വിപ്പ്

ഡോ. എൻ. ജയരാജ്
(കേരളാ കോൺഗ്രസ് എം)