- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും പ്രത്യേകം പദ്ധതി എന്ന ഫോർമുലയിൽ ഭൂരിപക്ഷം പിണങ്ങുമോ എന്ന് ആശങ്ക; അപ്പീൽ പോകാൻ തീരുമാനിച്ചാൽ കത്തോലിക്കക്കാർ പിണങ്ങും; ന്യൂനപക്ഷ സ്കോളർഷിപ്പിൽ അനുപാതം നിശ്ചയിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് ആരേയും പിണക്കാതിരിക്കാൻ; 'അഞ്ചാംമന്ത്രി' വിവാദം ആവർത്തിക്കാതിരിക്കാൻ കരുതലുകൾ
തിരുവനന്തപുരം: മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും ഒപ്പം ഭൂരിപക്ഷത്തേയും പിണക്കില്ല. ഇതിന് വേണ്ടിയാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. കരുതലോടെ ഈ വിഷയം കൈകാര്യം ചെയ്യാനാണ് ഇടതു സർക്കാരിന്റെ തീരുമാനം. എല്ലാ വിഭാഗത്തേയും പരിഗണിക്കും. ഫലത്തിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകത്തുമില്ല.
സച്ചാർ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള പദ്ധതികൾ നൂറുശതമാനവും മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന ചർച്ച മുസ്ലിം ലീഗ് മുമ്പോട്ട് വച്ചിരുന്നു. ഇതിൽ ചില യാഥാർത്ഥ്യങ്ങളുമുണ്ടായിരുന്നു. ഇതിനിടെയാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയെ ക്രൈസ്തവ സഭകൾ സ്വാഗതം ചെയ്തതും. ഈ പശ്ചാത്തലത്തിൽ രണ്ട് വിഭാഗത്തിനും പ്രത്യേകം പദ്ധതികൾ എന്ന ആശയം ചർച്ചയായി. ഇത് ഭൂരിപക്ഷത്തെ വെറുപ്പിക്കുമെന്ന ചിന്ത സിപിഎമ്മിൽ സജീവമായി.
ഈ സാഹചര്യത്തിലാണ് വ്യത്യസ്ത പാക്കേജ് എന്ന ഫോർമുല തൽകാലം മാറ്റി വയ്ക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ സർവകക്ഷിയോഗം ചേർന്നിരുന്നു. നിയമപരമായ പരിശോധനയും വിദഗ്ധ സമിതിയുടെ പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമുന്വയിപ്പിച്ച് പരിഹാരമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഈ വിഷയം നീട്ടി വയ്ക്കുകയും ചെയ്യാം. ആലോചിച്ച മാത്രമേ തീരുമാനം എടുക്കൂ. യുഡിഎഫ് ഭരണകാലത്ത് അഞ്ചാം മന്ത്രിപദമുണ്ടാക്കിയ വിവാദമാണ് സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് കൂട്ടിയത്. ഭൂരിപക്ഷത്തെ അവഗണിച്ചുവെന്ന തോന്നലോടെ ഒരു കൂട്ടർ യുഡിഎഫിനെ കൈവിട്ടു. പിന്നീട് ആ വിഭാഗം കോൺഗ്രസിന്റെ വോട്ട് ബാങ്കായി മാറിയതുമില്ല.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മുസ്ലിം ലീഗിന് അഞ്ചുമന്ത്രിമാരെ നൽകിയത്. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ഇത്. ഇതിന് പിന്നാലെ നടന്ന നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ബിജെപി വലിയ തോതിൽ വോട്ട് നേടി. പിന്നീട് ആ നില തുടർന്നു. ശബരിമലയിലെ വിധിയും പ്രതിഷേധങ്ങൾക്കും ശേഷം ബിജെപിയിലേക്ക് ഒഴുകിയ ഈ വോട്ടുകളിൽ വലിയൊരു വിഭാഗക്കാർ സിപിഎമ്മിനൊപ്പമായി. അത് ഭരണ തുടർച്ചയും നൽകി. ഈ കൂട്ടരെ പിണക്കുന്നത് സിപിഎം ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട് തന്നെ സ്‌കോളർഷിപ്പിലെ വിധി ഇരുതല മൂർച്ചയുള്ളതാണെന്ന് സർക്കാരിന് അറിയാം. ഭൂരിപക്ഷത്തെ പിണക്കാതെ ന്യൂനപക്ഷത്തെ കൂടെ നിർത്തും. സിപിഎമ്മിന്റെ രണ്ടാം തുടർഭരണത്തിൽ ഭൂരിപക്ഷ വോട്ടും നിർണ്ണായകമായി. ശബരിമല വിധിയിലെ വിവാദങ്ങൾ മറന്നു അവർ വോട്ടു ചെയ്തു. ന്യൂനപക്ഷത്തിന് രണ്ട് പ്രത്യേകം പാക്കേജ് വന്നാൽ ഭൂരിപക്ഷം പിണങ്ങും. ഇത് വലിയ തിരിച്ചടിയാകുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കരുതുന്നു. ഇത് മനസ്സിലാക്കിയാണ് സർവ്വ കക്ഷിയോഗം വിളിച്ചത്.
എല്ലാ അർഥത്തിലും അഭിപ്രായ സമുന്വയമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിർദ്ദേശം വെച്ചത് സിപിഎമ്മാണ്. നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ കുറവു വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
സച്ചാർ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള പദ്ധതികൾ നൂറുശതമാനവും മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് നിലപാടെടുത്തു. എന്നാൽ മറ്റ് ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കോളർഷിപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഐ.എൻ.എൽ. ഉന്നയിച്ചത്.
കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് (ജോസഫ്), ബിജെപി. എന്നിവർ ഹൈക്കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ