- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാരുടെ ശമ്പളം പത്ത് ശതമാനം കുറയാൻ സാധ്യത; കിഫ്ബിയിലെ കേന്ദ്ര ഇടപെടൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാക്കും; കേരളത്തിന്റെ ഖജനാവ് കാലിയാകാൻ സാധ്യതകൾ ഏറെ; കെ റെയിലിന് വേണ്ടി വാദിക്കുന്നവരെ വെട്ടിലാക്കി പുതിയ പ്രതിസന്ധി; മോദി കനിയുമെന്ന പ്രതീക്ഷയിൽ പിണറായി
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ മാത്രമല്ല സർക്കാർ ജീവനക്കാർക്കും വരും മാസങ്ങളിൽ ശമ്പളം മുടങ്ങിയേക്കും. കെ റെയിൽ എന്ന സ്വപ്‌ന പദ്ധതിക്ക് കടമെടുക്കാൻ തയ്യാറെടുക്കുന്ന പിണറായി സർക്കാർ ശ്രീലങ്കയിൽ സംഭവിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. മഹീന്ദ്ര രാജപക്‌സെ എന്ന മുൻ ശ്രീലങ്കൻ പ്രധാനമന്ത്രിയെ ജനം തടഞ്ഞു വച്ചിരിക്കുകയാണ് അവിടെ. രാജ്യം പോലും വിടാൻ അനുവദിക്കാത്ത തരത്തിലെ ഉപരോധം. ശ്രീലങ്കയ്ക്ക് സമാനമാണ് കേരളത്തിലെ ഭൗതിക സാഹചര്യങ്ങൾ. കടം കൂടിയാൽ കേരളവും തകരും.
കേന്ദ്രത്തിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിർദ്ദേശം ധനവകുപ്പിന് മുന്നിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ആലോചനയിൽ ഇല്ലെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഈ തീരുമാനത്തിലേക്ക് എത്തേണ്ടി വരും. അതായത് ജീവനക്കാരുടെ ശമ്പളം പത്ത് ശതമാനം കുറയാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യം മുൻകൂട്ടി കണ്ടാണ് കെ എസ് ആർ ടി സിയിലെ ശമ്പള പ്രശ്‌നത്തിൽ സർക്കാർ ഇടപെടാത്തത്.
ഓരോ മാസവും കടമെടുക്കുന്ന തുക കൊണ്ടാണു ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും സർക്കാർ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം 1000 കോടി രൂപയും ഈ മാസം 5,000 കോടി രൂപയും കടമെടുക്കാൻ കേരളം തീരുമാനിച്ചിരുന്നു. എന്നാൽ, കടമെടുപ്പു വ്യവസ്ഥകളിൽ വന്ന മാറ്റം കാരണം അനുമതി കേന്ദ്രം നീട്ടിക്കൊണ്ടു പോവുകയാണ്. ഇതാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പുതിയ തലത്തിലെത്തുന്നത്. വരവും ചെലവും തമ്മിൽ ഒരു ബന്ധവുമില്ലാത്തതാണ് ഇതിനെല്ലാം കാരണം. പ്രതിസന്ധി തുടർന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം മുഖ്യമന്ത്രി പിണറായി വിജയൻ തേടിയേക്കും.
കേരളം കടമെടുക്കുന്ന കാര്യത്തിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പോലും മുടങ്ങുന്ന വിധം ഗുരുതര ധന പ്രതിസന്ധിയിലേക്കു സംസ്ഥാനം നീങ്ങുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബി പോലുള്ള സ്ഥാപനങ്ങളും എടുക്കുന്ന വായ്പ സർക്കാർ കടമെടുക്കുന്നതായി കണക്കാക്കുമെന്ന കേന്ദ്ര നിലപാടാണ് കേരളത്തിന് വിനയാകുന്നത്. കടം വാങ്ങാനായി ഉണ്ടാക്കിയ പ്രസ്ഥാനമാണ് കിഫ്ബി. സർക്കാരുമായി ഇതിന് ബന്ധമില്ലെന്ന് പിണറായി സർക്കാർ പറയുമ്പോഴും അത് അംഗീകരിക്കാൻ കേന്ദ്രം തയ്യാറല്ല. കേരളത്തിന് ഈ വർഷം കടമെടുക്കാവുന്ന 32,435 കോടി രൂപയിൽ പകുതിയെങ്കിലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
തീരുമാനം പിൻവലിക്കണമെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കേന്ദ്രത്തിനു കേരളം കത്തു നൽകിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ വരെ ഒരുങ്ങിയ തെലങ്കാനയ്ക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കടമെടുപ്പിൽ ഇളവ് അനുവദിച്ചിരുന്നു. അതുപോലെ കേരളത്തിനും ഇളവ് അനുവദിക്കുമെന്നാണു പ്രതീക്ഷ. ഇതിന് വേണ്ടിയാണ് കത്തെഴുത്തുകൾ നടക്കുന്നത്. എന്നാൽ അനുകൂല തീരുമാനത്തിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടേണ്ടി വരും.
കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 25 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടുപോകുന്നത്. നടപ്പു സാമ്പത്തിക വർഷം തുടങ്ങിയതിന് ശേഷം ഒന്നിലധികം തവണയായി കേന്ദ്ര സർക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നൽകി. റിസർവ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നാൽ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നൽകിയിട്ടില്ല.
മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദ്ദേശം. ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിലപാട്.
കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും വായ്പയെടുക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഇനിയും വൈകിയാൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം.
32,425 കോടി രൂപയാണ് സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകൾ. എൽ.ഐ.സി തുടങ്ങിയവയിൽനിന്നുള്ള വായ്പകളും ഇതിൽപ്പെടും.
മറുനാടന് മലയാളി ബ്യൂറോ