കൊച്ചി: പിണറായി വിജയൻ നേരിട്ട് പ്രചരണം നയിച്ച തൃക്കാക്കര..... ഇതായിരുന്നു ഇന്ന് രാവിലെ പോലും മാധ്യമങ്ങളിൽ നിറഞ്ഞത്. തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥി ജോ ജോസഫ് ജയിക്കുമെന്നും പിണറായി ക്യാപ്ടനാകുമെന്നും ഏവരും പറഞ്ഞു. ഒടുവിൽ സിപിഎം അഞ്ചാം റൗണ്ടിൽ തോൽവി സമ്മതിച്ചു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്ന് പാർട്ടി പറഞ്ഞു വയ്ക്കുകയും ചെയ്തു. ഇത്രയും വലിയ തോൽവി പ്രതീക്ഷിച്ചില്ലെന്ന് എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹൻ പ്രഖ്യാപിച്ചു.

നടന്നത് രാഷ്ട്രീയ പരിശോധന മാത്രം. ഇത് ഭരണ വിലയിരുത്തലുമല്ല. പാർട്ടി സെക്രട്ടറിക്കും തോൽവിക്ക് പങ്കില്ല. എല്ലാം ചെയ്തത് ഞങ്ങളെന്ന് എറണാകുളം ജില്ലാ സെക്രട്ടറി പറയുന്നു. കെറെയിലും അശ്ലീല വീഡിയോയും ചർച്ചയാക്കിയായിരുന്നു സിപിഎം പ്രചരണത്തിൽ നിറഞ്ഞത്. എന്നാൽ ഇതെല്ലാം ഉമാ തോമസിന് അനൂകലമായി മാറി. കെ റെയിലിൽ നടത്തി പ്രചരണങ്ങൾ ഇനി ഇടതു സർക്കാരിനും തിരിച്ചടിയാകും. സർക്കാരിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതെല്ലാം സിപിഎം തള്ളി പറയുകയാണ് ഇപ്പോൾ. പിണറായി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറയുന്നു.

പാർട്ടി ക്ഷണിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി എത്തിയതെന്നും ഇത് ഭരണ വിലയിരുത്തൽ അല്ലെന്നും സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. അതേസമയം സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു. സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണിയാണ് ലെനിൻ സെന്ററിൽ നിന്നും മാധ്യമപ്രവർത്തകരെ ഇറക്കിയത്. രാവിലെ സ്വീകരിച്ചിരുത്തിയ മാധ്യമപ്രവർത്തകരെയാണ് നാലാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഇറക്കിവിട്ടത്. അങ്ങനെ സിപിഎം നിരാശയും പങ്കുവച്ചു. ഫലം എണ്ണുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെന്ററിലും എത്തി. നിരാശയായിരുന്നു എകെജി സെന്ററും.

യുവനേതാവ് അരുൺകുമാറിനെയാണ് സിപിഎം ജില്ലാ കമ്മറ്റി സ്ഥാനാർത്ഥിയായി മുമ്പോട്ട് വച്ചത്. ചുവരെഴുത്തും നടത്തി. എന്നാൽ സംസ്ഥാന നേതൃത്വം ജോ ജോസഫിനെ മുമ്പോട്ട് വച്ചു. ലിസി ആശുപത്രിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം. മന്ത്രി പി രാജീവും എം സ്വരാജും പ്രചരണത്തിന് നേതൃത്വം നൽകി. വികസനവും കെ റെയിലും ചർച്ചയാക്കി. പക്ഷേ ഇതൊന്നും ജനങ്ങളെ സ്വാധീനിച്ചില്ല. അതിനിടെ തൃക്കാക്കരയിൽ യുഡിഎഫിന്റെ തേരോട്ടം ഉറപ്പിച്ചു മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഡിസിസി രംഗത്തു വന്നു കഴിഞ്ഞു.

പിണറായിക്കുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. വർഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയെന്നും പ്രതികരണം. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എന്നാൽ നഗരമേഖലയിൽ തന്നെ മികച്ച ലീഡ് ഉമാ തോമസ് കരസ്ഥമാക്കിയതോടെ ട്രെൻഡ് വ്യക്തമായി. ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീർന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്.

100 തികയ്ക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ എൽഡിഎഫ് പറഞ്ഞിരുന്നത്. എന്നാൽ നൂറ് തികയ്ക്കാൻ സാധിക്കില്ലെന്നാണ് തുടക്കത്തിൽ തന്നെ വ്യക്തമാക്കി. മണ്ഡലത്തിൽ പി.ടി. തോമസിനുള്ള സ്വാധീനം വളരെ വലുതാണ്. യുഡിഎഫിന് അനുകൂലമായി നിലനിൽക്കുന്ന മണ്ഡലം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ സീറ്റ് നിലനിർത്തേണ്ടത് യുഡിഎഫിന്റെ ആവശ്യം കൂടിയായിരുന്നു. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് നേതൃമാറ്റത്തിലേക്ക് പോയ കോൺഗ്രസിനും യുഡിഎഫിനും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ മികച്ച ഭൂരിപക്ഷത്തിലെ വിജയം ആവശ്യമായിരുന്നു.

വോട്ടെണ്ണൽ തുടങ്ങി ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും അവസാന റൗണ്ടിൽ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.