- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലർ പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ബാക്കി നിൽക്കെ ഒരു ബോംബ് വരുമെന്ന്; ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണെന്ന് പിണറായി വിജയൻ; ഇടത് പക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി
കാസർകോട്: ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണെന്നും സംസ്ഥാനത്ത് ശക്തമായ എൽ.ഡി.എഫ് അനുകൂല ജനവികാരമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നത് പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെട്ടു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ബാക്കി നിൽക്കെ ഒരു ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഏത് ബോംബ് വന്നാലും നേരിടാൻ ഈ നാട് തയ്യാറാണ്- പിണറായി വിജയൻ പറഞ്ഞു. ഇടതുമുന്നണിയുടെ പൊതുപരിപാടികൾക്ക് സദസിൽ സ്ഥലം മതിയാകാതെ വരുന്നെന്നും പാർട്ടിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു എന്നാണ് ഇതിലൂടെ മനസിലാകുന്നതെന്നും പിണറായി പറഞ്ഞു.
പൊതുവേദികളിൽ എല്ലാം കാണുന്നത് ഇതാണ്. സാധാരണ സംഘാടകർക്ക് ഒരു പ്രതീക്ഷ കാണുമല്ലോ യോഗത്തെ പറ്റി. പക്ഷേ ആ വേദി പോരാതെ വരുന്നു. സ്‌റ്റേജിനെ കുറിച്ചല്ല ഞാൻ ഉദ്ദേശിക്കുന്നത്. സദസിലുള്ള സ്ഥലം മതിയാകാതെ വരുന്നു. ഇനി ഇങ്ങോട്ട് ആള് കടക്കല്ലേ എന്ന് സംഘാടകർക്ക് അനൗൺസ് ചെയ്യേണ്ടി വരുന്നു. ആളുകൾ പുറത്തുനിൽക്കുന്നു. ഇങ്ങനെയൊക്കെയുള്ള വലിയ ജനപ്രവാഹമാണ് കാണുന്നത്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു എന്നാണ് കാണിക്കുന്നത്.
നേരത്തെ ഉള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാർ മാത്രമല്ല ഇടതുപക്ഷ പ്രവർത്തനങ്ങളിൽ തൃപ്തരായി ഒപ്പം വലിയൊരു ജനസഞ്ചയം അണിചേരുകയാണ്. അതാണ് കാണുന്നത്. അതിന്റെ ഭാഗമായി നല്ല മുന്നേറ്റമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനമൊക്കെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുന്ന കാര്യങ്ങളാണ്, പിണറായി പറഞ്ഞു. എൽഡിഎഫിന് അനൂകലമാണ് കാര്യങ്ങൾ. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശത്തിലാണ്. വലിയ സ്വീകാര്യതയാണ് ഇടതുപക്ഷത്തിന് ലഭിക്കുന്നത്. കേരളത്തിന്റെ വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണ്. പ്രകൃതി ദുരന്തങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇതിനേക്കാൾ വലിയ മുന്നേറ്റം കേരളം കാഴ്ചവച്ചേനെ - പിണറായി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ