തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സന്ദർശനത്തിൽ രാഹുൽ ഗാന്ധി പതിവ് മട്ട് വിട്ട് സിപിഎമ്മിനെയും ഇടതുസർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്. എ.വിജയരാഘവൻ, എം.എ.ബേബി എന്നിങ്ങനെ മുതിർന്ന നേതാക്കളെല്ലാം രാഹുലിനെതിരെ രംഗത്തെത്തി.സിപിഎം സംസ്ഥാന സെക്രട്ടറേറിയറ്റ് പ്രസ്താവന ഇറക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ എൽഡിഎഫിന്റെ തെക്കൻ മേഖലാ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രാഹുലിന് എതിരെ ആഞ്ഞടിച്ചു.

ബിജെപിയെ നേരിടാൻ രാഹുലിന് വിമുഖത

കേരളത്തിൽ വരുന്ന സമയങ്ങളിലെല്ലാം എൽഡിഎഫിനെ വിമർശിക്കാൻ താത്പര്യം കാണിക്കുന്ന രാഹുൽ ഗാന്ധിക്ക് ബിജെപിയോട് ഇതേ സമീപനമില്ലാത്തത് എന്തുകൊണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ബിജെപിയെ നേരിടുന്നതിൽ നിന്നും അദ്ദേഹം എന്തുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നതെന്നും കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നത് തന്നെ എൽഡിഎഫിന്റെ ശക്തി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

്പുതുച്ചേരിയിലെ ഭരണം കോൺഗ്രസിന് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും അക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചോ എന്നും അദ്ദേഹം ചോദിച്ചു നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി സ്വീകരിക്കേണ്ട സമീപനമല്ല ഇത്. അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ആശങ്കയില്ല

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ ഇടതുപക്ഷത്തിന് ആശങ്കയില്ലെന്നും മികച്ച പോരാട്ടം തങ്ങൾക്ക് നടത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് ജനങ്ങളോടും ജനങ്ങൾ എൽഡിഎഫിനോടും ഒപ്പമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുമായി കോൺഗ്രസിന് ഏറ്റുമുട്ടേണ്ടി വരുന്നുണ്ടല്ലോ എന്നും എന്തുകൊണ്ടാണ് രാഹുൽ അവിടങ്ങളിലേക്ക് പോകാത്തതെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫിനെ ആക്രമിക്കാൻ താത്പര്യപ്പെടുന്നതുകൊണ്ട് കോൺഗ്രസ് രക്ഷപ്പെടുമോ എന്നും ബിജെപിയെ ആക്രമിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം രാഹുലും കോൺഗ്രസും നടത്തുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കെതിരെ പ്രതിരോധം തീർക്കാൻ എൽഡിഎഫ് ഇവിടെയുണ്ട് എന്നും അത് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടക്കില്ലെന്ന് പറഞ്ഞ വികസന പദ്ധതികൾ ഒകെയായി

നടക്കില്ലെന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാർഥ്യമായെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങളാണ് നേട്ടങ്ങളുടെ യഥാർഥ അവകാശികളെന്നും അദ്ദേഹം പറഞ്ഞു. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തടസങ്ങൾ സൃഷ്ടിച്ച് സർക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവർ പരാജയപ്പെട്ടു. സർക്കാർ ശരിയായി പ്രവർത്തിച്ചോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. തടസങ്ങൾ സൃഷ്ടിക്കാൻ നിന്നവർക്ക് തെറ്റുപറ്റി. പഴയ സർക്കാരല്ല ഇതെന്ന് അവർക്ക് ബോധ്യമായി. ചെയ്യാൻ പറ്റുന്നതേ പറയൂ. പറഞ്ഞാൽ അത് ചെയ്തിരിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു