- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈറ്റാനിയം കേസിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; ബാർ കോഴയിൽ ചെന്നിത്തലയും ബാബുവും ശിവകുമാറും; പുനർജ്ജനിയിൽ വിഡി സതീശൻ; കള്ളപ്പണവും നിലം നികത്തലും പിടി തോമസിനെതിരെ ആയുധം; അനിൽ അക്കരെയെ കുടുക്കാൻ അടാട്ട് ബാങ്ക് ക്രമക്കേട്; പോരാത്തതിന് സോളാറിലെ പീഡന ബോംബും; ഇനി ഗൂഗ്ലികളും യോർക്കറുകളും; പിണറായി തയ്യാറെടുക്കുന്നത് പ്രതിപക്ഷ വിക്കറ്റുകൾ വീഴ്ത്താൻ; ഇനി അറസ്റ്റുകളുടെ കാലം
തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കുള്ളിൽ പിണറായി വിജയൻ എറിഞ്ഞിട്ടത് രണ്ട് പ്രതിപക്ഷ വിക്കറ്റുകൾ. ഒപ്പം കേന്ദ്ര ഏജൻസികളുടെ പ്രതികാര രാഷ്ട്രീയം ചർച്ചയാക്കാൻ സ്വപ്നാ സുരേഷിന്റെ ജയിലിൽ നിന്നുള്ള തുറന്നു പറച്ചിലും. നിലമ്പൂരിലെ പിവി അൻവർ എംഎൽഎയുടെ അറസ്റ്റ് ഒഴിവാക്കാൻ ഏതറ്റം വരേയും പോയവർ ഇപ്പോൾ യുഡിഎഫുകാരെ തെരഞ്ഞുപിടിച്ച് അകത്തിടുന്നു. ബാർ കോഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുടുക്കാനുള്ള ഫയൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പിലാണ്. ഗവർണ്ണറുടെ അനുമതി എത്രയും വേഗം കിട്ടുമെന്നാണ് സർക്കാർ പ്രതീക്ഷ. അങ്ങനെ വന്നാൽ ഈ കേസാകും അടുത്ത ഗൂഗ്ലി. രമേശ് ചെന്നിത്തലയെ അറസ്റ്റു ചെയ്യാനാണ് പിണറായിയുടെ നീക്കം.
2 പ്രതിപക്ഷ എംഎൽഎമാരെ അറസ്റ്റ് ചെയ്തതോടെ ആയുധങ്ങൾ തിരിച്ചു പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണു സിപിഎമ്മും സർക്കാരും എന്നു വ്യക്തം. തദ്ദേശ തിരഞ്ഞെടുപ്പു കൂടി കണക്കിലെടുത്ത് ഏത് സമയവും ചെന്നിത്തലയുടെ അറസ്റ്റുണ്ടാകും. സോളാർ കേസിലെ പീഡന പരാതികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ചെന്നിത്തലയ്ക്കെതിരായ കേസിനോടാണ് സർക്കാരിന് കൂടുതൽ താൽപ്പര്യം. അതിൽ അഴിമതി കടന്നു വരുന്നതു കൊണ്ടാണ് ഇത്. ചെന്നിത്തലയേയും മുന്മന്ത്രിമായ കെ ബാബുവിനേയും വി എസ് ശിവകുമാറിനേയും അറസ്റ്റ് ചെയ്യാനാണ് നീക്കം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങളിൽ പ്രതിരോധം തീർക്കുന്നതിനിടെ പ്രതിപക്ഷത്തെ ആക്രമിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന യുഡിഎഫിന് ആഘാതമാണ് രണ്ട് അറസ്റ്റും. നഷ്ടപ്പെട്ട പ്രതിച്ഛായ തിരികെപിടിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് അറസ്റ്റെന്ന പ്രതികരണം പ്രതിപക്ഷം നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച പാലാരിവട്ടം പാലത്തിന്റെ പൂർത്തീകരണത്തിനു നേതൃത്വം കൊടുത്ത പൊതുമരാമത്ത് മന്ത്രിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വൈകാരികമായി അതിനെതിരെ പ്രതികരിച്ചു. ഇബ്രാഹിംകുഞ്ഞിനെ പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണു യുഡിഎഫ്. അറസ്റ്റിനു സാധ്യതയുണ്ട് എന്ന സൂചന ഒരാഴ്ചയോളം മുൻപു യുഡിഎഫ് നേതൃത്വത്തിനു ലഭിച്ചിരുന്നു. അധികം ആരെയും ഇതുവരെ അറിയിക്കാതിരുന്ന അദ്ദേഹത്തിന്റെ രോഗത്തിന്റെ കാര്യത്തിലും ഉന്നത നേതൃത്വം ആശങ്കാകുലരായിരുന്നു. ബാർ, സോളർ കേസുകളും വീണ്ടും പൊടി തട്ടിയെടുക്കുകയാണ്. എംഎൽഎമാരായ പി.ടി. തോമസ്, കെ.എം.ഷാജി എന്നിവരും അന്വേഷണവലയിലാണ്. ഇവരേയും ്അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിയ സ്വർണക്കടത്ത്, ലൈഫ് ഇടപാട് കേസിൽ സർക്കാരിനെതിരെ ആക്രമണം തീർത്തുകൊണ്ടിരിക്കെയാണ് രണ്ടാമത്തെ പ്രതിപക്ഷ എംഎൽഎ കൂടി അറസ്റ്റിലാവുന്നത്. സ്വർണക്കടത്ത്, ലൈഫ് ഇടപാട് എന്നിവയിൽ നടക്കുന്ന കേന്ദ്ര അന്വേഷണങ്ങളാണ് സർക്കാരിനെതിരെ പ്രധാന ആയുധമായി പ്രതിപക്ഷം ഉപയോഗിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതും പേഴ്സണൽ സ്റ്റാഫിലേക്ക് അന്വേഷണം നീങ്ങിയതുമെല്ലാം പ്രതിപക്ഷം സർക്കാരിനെതിരെ ഉപയോഗിക്കുന്നുണ്ട്. ഇതിനിടെയാണ് നവംബർ 7ന് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ അറസ്റ്റിലാവുന്നത്. ഇതിന് പിന്നാലെ ഇന്ന് മുൻ മന്ത്രി കൂടിയായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
അതിനിടെ ബാർ കോഴ സംബന്ധിച്ച് സിബിഐ അന്വേഷണമാവശ്യപ്പെടുന്ന ഹരജി പൊതു താൽപര്യ സ്വഭാവത്തിലുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബിജു രമേശ് ഒക്ടോബറിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചാലക്കുടി സ്വദേശി പി ഐ ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കോടതി പരാമർശത്തെ തുടർന്ന് ഹരജിക്കാരൻ സമയം തേടിയതിന്റെ അടിസ്ഥാനത്തിൽ ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. സമാന വിഷയത്തിൽ വിജിലൻസിന് മുന്നിലും പരാതിയുണ്ടെന്ന് സർക്കാറും കോടതിയെ അറിയിച്ചു. ഈ ഹർജിയിൽ കോടതി എടുക്കുന്ന നിലപാടും നിർണ്ണായകമാകും. കോടതി അന്വേഷണത്തിന് ഉത്തരവിട്ടാലും ചെന്നിത്തലയെ ഉടൻ അറസ്റ്റ് ചെയ്യും.
അതിനിടെ കമറുദ്ദീൻ അറസ്റ്റലായെന്നും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ ബാബുവിനെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയെന്നുമെല്ലാം പറഞ്ഞ് സിപിഎം അനുകൂല മാധ്യമങ്ങളും ചർച്ച സജീവാക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി, ചെന്നിത്തല, വി ഡി സതീശൻ, പി ടി തോമസ്, വി എസ് ശിവകുമാർ, എ പി അനിൽകുമാർ, അനിൽ അക്കര, കെ എം ഷാജി, വിവിധ കേസുകളിൽ അന്വേഷണം നേരിടുന്ന യുഡിഎഫ് നേതാക്കളുടെ നീണ്ട നിരയാണിതെന്ന് കൈരളി റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഇബ്രാഹിംകുഞ്ഞിന് ശേഷം അറസ്റ്റിലാകാൻ സാധ്യതയുള്ള യുഡിഎഫ് നേതാക്കളുടെ പേരുകളായാണ് വിലയിരുത്തുന്നത്.
ടൈറ്റാനിയം കേസ് സിബിഐ തിരിച്ചയതോടെ മൂന്ന് പ്രധാന നേതാക്കളാണ് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് ഈ കേസിൽ തുടർനടപടികൾ പ്രതീക്ഷിക്കുന്നത്. കേസിൽ കൃത്യമായ തെളിവുകൾ ശേഖരിച്ച വിജിലൻസ്, വിദേശകമ്പിനികളെ കണ്ടെത്താനാണ് സിബിഐയുടെ സഹായം സർക്കാർ തേടിയത്. എന്നാൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട അഴിമതിക്കേസ് വേണ്ടാ എന്ന് സിബിഐയെ കൊണ്ട് പറയിപ്പിക്കാൻ ആയെങ്കിലും തെളിവുകൾ ഒന്നും മാഞ്ഞു പോയിരുന്നില്ല. ഇതിന്റെ തുടർനടപടികൾ വിജിലൻസ് തുടങ്ങി
ബാർ കോഴ കേസിൽ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ പ്രതിപക്ഷ നേതാവിന്റെ മുകളിൽ വാളായി തൂങ്ങിക്കിടക്കുകയാണ്. വി എസ് ശിവകുമാറും ഈ കേസിൽ നടപടി കാത്തിരിക്കുന്നു. അനധികൃത സ്വത്ത് സമ്പാദനമാണ് ശിവകുമാറിനെ കാത്തിരിക്കുന്ന മറ്റൊരു കേസ്. സോളാർ കേസന്വേഷണം അന്തിമഘട്ടത്തിലേക്ക് എത്തിയത് പല നേതാക്കളുടെയും ചങ്കിടിപ്പ് കൂട്ടുന്നു. എ പി അനിൽകുമാറിനെതിരായ കേസിൽ തെളിവുകളെല്ലാം ക്രൈംബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു. മറ്റ് കേസുകളിലും തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൽ നിന്നുള്ള വിവരം. കള്ളപ്പണ ഇടപാട്, നിലം നികത്തൽ തുടങ്ങിയ കേസുകളിലാണ് പി ടി തോമസിനെതിരെ അന്വേഷണം നടക്കുന്നത്-കൈരളി പറയുന്നു.
പുനർജ്ജനി പദ്ധതിയിൽ അനുമതി ഇല്ലാതെ വിദേശത്ത് പോയി പണം ആവശ്യപ്പെട്ട സംഭവത്തിൽ വി ഡി സതീശനും അന്വേഷണം നേരിടുന്നു. അടാട്ട് ബാങ്ക് ക്രമക്കേട് അടക്കമുള്ള കേസിലാണ് അനിൽ അക്കരക്കെതിരായ ടൈറ്റാനിയത്തിനു പുറമേ പാലാരിവട്ടം കേസിലും, കള്ളപ്പണ ഇടപാടിലെ ഇ ഡി കേസിലും ഇബ്രാഹിം കുഞ്ഞ് അന്വേഷണം നേരിടുന്നുണ്ട്. പാലാരിവട്ടത്തിൽ ഇബ്രാഹിം കുഞ്ഞ് പ്രതിചേർക്കപ്പെട്ടു കഴിഞ്ഞു. പ്ലസ് ടു അഴിമതിയിലും അനധികൃത സ്വത്ത് സമ്പാദനത്തിലും കെ എം ഷാജിയും അന്വേഷണം നേരിടുന്നു. ഇത്രയും നേതാക്കൾ അന്വേഷണ ഏജൻസികളുടെ വലയത്തിൽ പെടുന്നത് കേരള രാഷ്ട്രീയത്തിൽ ഇതാദ്യമാണെന്നും റിപ്പോർട്ടിലുണ്ട്. അതായത് വരാൻ പോകുന്ന അറസ്റ്റുകളുടെ സൂചനയാണ് ഈ വാർത്തയെന്ന വിലയിരുത്തലും സജീവമാണ്.
മറുനാടന് മലയാളി ബ്യൂറോ