- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭരണപരവും സാമ്പത്തികവുമായ സർക്കാരിന്റെ അധികാരങ്ങളെ മറി കടന്നു; കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തിയെന്നും ധനവകുപ്പിന്റെ എതിർപ്പ് ഫയലിൽ; എജി കൈയോടെ പിടിച്ചിട്ടും പിണറായി രക്ഷകനായി; ധനമന്ത്രി ബാലഗോപാലിന്റെ എതിർപ്പും അവഗണിച്ചു; ബെഹ്റയെ വെള്ളപൂശി മുഖ്യമന്ത്രി; ആ 4.33 കോടിയിലെ നിർണ്ണായക കുറിപ്പ് മറുനാടൻ പുറത്തു വിടുന്നു
തിരുവനന്തപുരം : പിണറായി വിജയനും ലോക്‌നാഥ് ബഹ്‌റയും തമ്മിലുള്ള അന്തർധാര സജീവമാണെന്നത് പരസ്യമായ രഹസ്യമാണെങ്കിലും അത് കൂടുതൽ ശരിവയ്ക്കുന്നതാണ് ഇപ്പോൾ ബഹ്‌റയെ സംരക്ഷിക്കാൻ ഏത് അറ്റംവരെയും പോകുമെന്ന് തെളിയിക്കുന്ന പിണറായിയുടെ പുതിയ നടപടി.
പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിക്കാൻ അനുവദിച്ച 4.33 കോടി രൂപ വകമാറ്റിയതിന് എ.ജി കൈയോടെ പിടിച്ചെങ്കിലും പിണറായി വിജയന് അത് മന്ത്രിസഭായോഗത്തിൽ വച്ച് സാധൂകരിച്ച് നൽകുകയായിരുന്നു. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ എതിർപ്പ് പോലും വകവയ്ക്കാതെയായിരുന്നു പിണറായി ബെഹ്‌റയ്ക്ക് വേണ്ടി വഴിവിട്ട നടപടി സ്വീകരിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആവർത്തിക്കുന്ന പിണറായി അട്ടിമറി നടത്തി എന്ന വിവരമാണ് പുറത്തുവരുന്നത്. അതിൽ സ്വന്തം പാർട്ടിക്കാരനായ ബാലഗോപാലിന് കടുത്ത അമർഷമുണ്ട്.
ബഹ്‌റയുടെ നടപടി സാധൂകരിക്കണമെന്ന ഫയൽ മുഖ്യമന്ത്രി ധനകാര്യവകുപ്പിന് അയച്ചിരുന്നു. ഫയൽ പരിശോധിച്ച ശേഷം വിശദമായ വിയോജനകുറിപ്പോടെയാണ് ധനവകുപ്പ് എതിർപ്പറിയിച്ചത്. ധനവകുപ്പിന്റെ വിയോജകുറിപ്പ് ഇങ്ങനെ -
'കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ആക്ഷൻ പ്ലാനിൽ നിന്ന് വ്യത്യസ്തമായി സർക്കാർ അനുമതി കൂടാതെ പ്ലാൻ ഫണ്ട് വകമാറ്റി മറ്റൊരു നിർമ്മാണ പ്രവൃത്തി ആരംഭിച്ച നടപടി സാധുകരിക്കാനാവില്ല. മുൻകൂട്ടി അംഗീകരിച്ച പദ്ധതികൾക്ക് മാത്രമേ കേന്ദ്ര ആഭ്യന്തര വകുപ്പ് ഫണ്ട് ലഭ്യമാക്കൂ. അവയുടെ ധനവിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ കേന്ദ്ര ഫണ്ട് ലഭിക്കൂ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയ പദ്ധതിക്ക് അല്ല പൊലീസ് മേധാവി പണം ചെലവഴിച്ചത്. അനുമതി മറികടന്ന് മറ്റൊരു പ്രവൃത്തിയാണ് പൊലീസ് വകുപ്പ് ചെയ്തത്. ഇത് നഗ്‌നമായ ചട്ടലംഘനമാണ്. ഭരണപരവും സാമ്പത്തികവുമായ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളെ മറി കടക്കുക മാത്രമല്ല, കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തുക കൂടിയാണ് പൊലിസ് മേധാവി ചെയ്തത്. അതിനാൽ പൊലിസ് മേധാവിക്കെതിരെ കടുത്ത അച്ചടക്ക നടപടി എടുക്കണം. ഇതിന് ധനമന്ത്രിയുടെ അംഗീകാരമുണ്ട്'
എന്നാൽ ഈ കുറിപ്പ് കണ്ടില്ലെന്ന് നടിച്ചാണ് മുഖ്യമന്ത്രി ഫയൽ മന്ത്രിസഭായോഗത്തിലെത്തിക്കാൻ നിർദ്ദേശം നൽകിയത്. ജൂലൈ അവസാനത്തെ മന്ത്രിസഭാ തീരുമാനപ്രകാരം ജൂലായ് 30നാണ് നടപടി സാധൂകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു ബെഹ്‌റയുടെ വിവാദ നടപടി. പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, സീനിയർ പൊലീസ് ഓഫീസർമാർക്കുള്ള രണ്ട് വില്ലകൾ, അനുബന്ധ ഓഫീസുകൾ എന്നിവ നിർമ്മിക്കാനാണ് തുക വകമാറ്റി ചെലവിട്ടത്. ഇത് സി.എ.ജി ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷമടക്കം രൂക്ഷമായി വിമർശിച്ചിരുന്നു.
പൊലീസ് വകുപ്പിന്റെ ആധുനികവത്കരണ സ്‌കീമിലാണ് 30 അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ നിർമ്മിക്കാൻ 4.33 കോടി രൂപ അനുവദിച്ചത്. ബെഹ്‌റ പൊലീസ് മേധാവിയായിരിക്കെ ബുള്ളറ്റ്പ്രൂഫ് വാഹനങ്ങൾ വാങ്ങിയതും പൊലീസ് സ്റ്റേഷനുകൾക്ക് മഞ്ഞ നിറം അടിക്കാനുള്ള ഉത്തരവും വിവാദമായിരുന്നു. അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ വാഹനങ്ങളില്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഡംബര വാഹനങ്ങൾ വാങ്ങി. 15 ലക്ഷം വീതം വിലയുള്ള 250 വാഹനങ്ങൾ വാങ്ങി.
സേനയുടെ നവീകരണ പദ്ധതിയിൽ സ്റ്റേഷനുകളിലും ഔട്ട് പോസ്റ്റുകളിലും ഉപയോഗിക്കാനുള്ള ജീപ്പ്, ട്രക്ക്, വാൻ എന്നിവയേ വാങ്ങാവൂ. എന്നിട്ടും ഫോർച്യൂണർ പോലുള്ള ആഡംബരകാറുകൾ വാങ്ങി. പൊലീസും കെൽട്രോണും പാനസോണിക്കും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും സി.എ.ജി കണ്ടെത്തി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്