- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2016ൽ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപനത്തോടൊപ്പം ആ രഹസ്യവും പിണറായി പുറത്തുവിട്ടു; ഔദ്യോഗികരേഖകളിൽ തന്റെ ജനനതീയതി 1944 മാർച്ച് 21- ആണെങ്കിലും തന്റെ ജനനം യഥാർത്ഥത്തിൽ 1945 മെയ് 24-നാണെന്ന് ക്യാപ്ടൻ വെളിപ്പെടുത്തി; ഇന്ന് പിണറായിക്ക് രേഖകൾക്ക് പുറത്ത് 76-ാം പിറന്നാൾ; മുഖ്യമന്ത്രിക്ക് ഹാപ്പി ബെർത്ത് ഡേ
തിരുവനന്തപുരം: ചരിത്രമെഴുതിയ തിളക്കമാർന്ന തുടർവിജയത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാൾ. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിനം കൂടിയാണ് ഇന്ന്. അതുകൊണ്ട് തന്നെ ഇന്ന് ആഹ്ലാദങ്ങളുടെയും അഭിനന്ദനങ്ങളുടെയും നടുത്തളത്തിലാകും അദ്ദേഹം.
പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായത് 2016 മെയ് 25നാണ്. അതിന്റെ തലേന്ന് പത്രസമ്മേളനത്തിലാണ് തന്റെ യഥാർഥ ജനനത്തീയതി ഒരു സസ്പെൻസ് പോലെ അദ്ദേഹം പുറത്തുപറഞ്ഞത്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് ജന്മദിനം. ഇതിലെ സത്യം പിണറായി വെളിപ്പെടുത്തിയതും അഞ്ചു കൊല്ലം മുമ്പാണ്.
അന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം വാർത്തസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർക്ക് മധുരം നൽകി പിണറായി തന്നെയാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21-നാണ് പിണറായിയുടെ ജന്മദിനം. സത്യപ്രതിജ്ഞ ചടങ്ങിനെക്കുറിച്ച് വിശദീകരിക്കാനെത്തിയ പിണറായി വിജയൻ വാർത്ത സമ്മേളനം തുടങ്ങും മുൻപ് മാധ്യമപ്രവർത്തകർക്ക് മധുരം വിതരണം ചെയ്യാൻ നിർദ്ദേശിച്ചു. ശേഷം എന്തിനാണ് മധുരം വിതരണം ചെയ്യുന്നതെന്നറിയാമോ എന്ന് അദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
അധികാരമേറ്റെടുക്കുന്നതിന്റെ ആഹ്ളാദം പങ്കുവച്ചതല്ലേയെന്ന് മാധ്യമപ്രവർത്തകർ മറുപടി പറഞ്ഞപ്പോഴാണ് ഇന്ന് തന്റെ ജന്മദിനമാണെന്ന രഹസ്യം പിണറായി വെളിപ്പെടുത്തിയത്. ഔദ്യോഗികരേഖകളിൽ തന്റെ ജനനതീയതി 1944 മാർച്ച് 21- ആണെങ്കിലും തന്റെ ജനനം 1945 മെയ് 24-നാണെന്ന് പിണറായി പറഞ്ഞു. ഇത് പക്ഷേ ആർക്കും അറിയില്ല ഔദ്യോഗിക രേഖകൾ തിരുത്താൻ താനും മെനക്കെട്ടില്ല പിറന്നാൾ ചിരിയോടെ പിണറായി പറഞ്ഞു. അങ്ങനെയാണ് ആ രഹസ്യം പുറത്തായത്.
സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കമ്മൂണിസ്റ്റുപാർട്ടിലെത്തുകയും പിന്നീട് പാർട്ടിയേൽപ്പിച്ച ഒരോചുമതലകൾ ഏറ്റെടുക്കുകയും ചെയ്ത് കേരളത്തിന്റെ ക്യാപ്ടനായ നേതാവാണ് പിണറായി. 70,77,91 വർഷങ്ങളിൽ കൂത്തുപറമ്പിൽ നിന്നും 96 ൽ പയ്യന്നൂരിൽ നിന്ന് നിയമസഭയിലെത്തി. രണ്ടുവർഷം ഇ.കെ.നായനാർ മന്ത്രിസഭയിൽ സഹകരണ- വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ വൈഭവം വെളിവായത്. 98 ൽ ചടയൻ ഗോവിന്ദന്റെ മരണത്തോടെ പാർട്ടിയുടെ അമരത്ത്.
തുടർന്ന് പതിനേഴുവർഷം പാർട്ടിയെ നയിച്ചശേഷമാണ് 2016 ൽ ധർമടത്ത് നിന്ന് ജയിച്ച് നിയമസഭയിലെത്തി. പിന്നീട് മുഖ്യമന്ത്രിയും. പിഴയ്ക്കാത്ത ചുവടുമായി തുടർഭരണവും സിപിഎമ്മിന് പിണറായി ഒരുക്കിയെടുത്തു. നിപ വൈറസ് ബാധയും ഓഖി ചുഴലിക്കാറ്റും രണ്ടുവലിയ പ്രളയങ്ങളും നേരിട്ട് കെടുതികളിൽ നിന്ന് നാട്ടുകാരെ പരമാവധി കരകയറ്റി കാലത്തിനൊപ്പം മുന്നേറുകയാണ് ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി. ഹാപ്പി ബെർത്ത് ഡേ പിണറായി... എന്ന് ആശംസിക്കുകയാണ് എല്ലാ മലയാളികളും.
മറുനാടന് മലയാളി ബ്യൂറോ