- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനമേറുമ്പോൾ നീറ്റ്-ജെഇഇ പരീക്ഷകൾ നടത്തുന്നത് വലിയ അപകടം; പരീക്ഷകൾ നീട്ടിവയ്ക്കാൻ തയ്യാറാവുന്നില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണം; ഈ വർഷത്തെ 14 % ജിഎസ്ടി നഷ്ടപരിഹാരം നൽകാതെ കേന്ദ്രം സംസ്ഥാനങ്ങളെ വഞ്ചിക്കുന്നു; മോദിസർക്കാരിനെതിരെ ഒന്നിച്ചുപോരാടണമെന്നും സോണിയ ഗാന്ധിയുടെ യോഗത്തിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ; യോഗത്തിലേക്ക് ക്ഷണിച്ചിട്ടും പങ്കെടുക്കാതെ നീരസം പ്രകടിപ്പിച്ച് പിണറായി വിജയൻ
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ നീറ്റ്-ജെഇഇ പരീക്ഷകൾ നീട്ടിവയ്ക്കുന്നത് അടക്കമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്യാൻ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ കക്ഷികളുടെ യോാഗം വിളിച്ചുചേർത്തു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര , ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ വിട്ടുനിൽക്കലെന്നാണ് സൂചന. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വിവിധ വിഷയങ്ങളിൽ, കേന്ദ്ര സർക്കാരിനെ പ്രതിപക്ഷ നേതാക്കൾ ശക്തമായി വിമർശിച്ചു. മോദി സർക്കാരിനെതിരെ ഒന്നിച്ചുപോരാടേണ്ട ആവശ്യകതയുണ്ടെന്നും നേതാക്കൾ പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ മതേതര-ശാസ്ത്രീയ മൂല്യങ്ങൾക്ക് തിരിച്ചടിയാണെന്നും, പ്രതിപക്ഷം ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികളുടെ മറ്റുപ്രശ്നങ്ങളിലും പരീക്ഷാകാര്യങ്ങളിലും കേന്ദ്ര സർക്കാർ അലംഭാവം തുടരുകയാണ്. ഓഗസ്റ്റ് 11 ന് ചേർന്ന ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ഈ വർഷം 14 ശതമാനം ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ സാധ്യമല്ലെന്ന് ധനകാര്യ സെക്രട്ടറി വ്യക്തമാക്കി. ഇത് മോദി സർക്കാരിന്റെ വഞ്ചനയാണെന്നും സോണിയ പറഞ്ഞു.പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രത്തിന് എതിരായി പോരാടണമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും വാദത്തോട് സോണിയ യോജിച്ചു
കോവിഡ് കാരണം ജിഎസ്ടി വരുമാന നഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട കാര്യവും യോഗത്തിന്റെ അജണ്ടയാണ്. വ്യാഴാഴ്ച ജിഎസ്ടി കൗൺസിൽ യോഗം ചേരാനിരിക്കെ ഇക്കാര്യത്തിൽ കൂട്ടായ നിലപാട് ആവിഷ്കരിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നില്ലെന്നും പ്രതിപക്ഷ മുഖ്യമന്ത്രിമാർ ആരോപിച്ചിരുന്നു..
മോദിയെ എന്തിന് ഭയക്കണം? ഉദ്ധവ് താക്കറെ
മോദി സർക്കാരിനെ ഭയക്കണോ അതോ പോരാടണോ എന്ന് നമ്മൾ തീരുമാനിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉച്ചത്തിൽ സംസാരിക്കണം.
സ്ഥിതിഗതികൾ ശരിയായ ശേഷമേ പരീക്ഷകൾ നടത്താവൂ എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. സ്കൂളുകൾ തുറന്ന യുഎസിൽ 97,000 ത്തോളം കുട്ടികൾക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. അതേ സ്ഥിതി ഇവിടെയും വന്നാൽ എന്ത് ചെയ്യുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ചോദിച്ചു.
നീറ്റ് മാറ്റി വയ്ക്കാൻ സുപ്രീം കോടതിയിൽ പോകണം: മമത
നീറ്റ്-ജെഇഇ പരീക്ഷകൾ സെപ്റ്റംബറിലാണ്. എന്തിനാണ് വിദ്യാർത്ഥികളുടെ ജീവനുകൾ അപകടത്തിലാക്കുന്നത്. പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും ഒരുപ്രതികരണവും ഉണ്ടായില്ല. പ്രധാനമന്ത്രി നമ്മളെ കേൾക്കാൻ തയ്യാറാവുന്നില്ലെങ്കിൽ, ഈ വിഷയത്തിൽ സംയുക്തമായി സുപ്രീം കോടതിയെ സമീപിക്കണം, മമത ബാനർജി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന സാഹചര്യം ഉരുത്തിരിയും വരെ പരീക്ഷ മാറ്റി വയ്ക്കണം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കണം, മമത പറഞ്ഞു.
കോവിഡ് വ്യാപനം വഷളായി കൊണ്ടിരിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. ഇതിനകം 500 കോടി നമ്മൾ ചെലവിട്ടുകഴിഞ്ഞു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി തീർത്തും പരിതാപകരമാണ്. കോവിഡ് കാരണം, 25,000 കോടിയുടെ കമ്മിയാണ് പഞ്ചാബ് നേരിടുന്നത്. ജിഎസ്ി നഷ്ടപരിഹാരം കേന്ദ്രം തന്നിട്ടില്ല. സംസ്ഥാനങ്ങളിലെ റവന്യുവിന്റെ അവസ്ഥ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രിയെ സംയുക്തമായി സമീപിക്കണമെന്നും അമരീന്ദർ സിങ് പറഞ്ഞു. കോവിഡ് ഇപ്പോഴും ഭീഷണിയായി നിലനിൽക്കുകയാണെന്ന് ഹേമന്ത് സോറൻ അഭിപ്രായപ്പെട്ടു. ഗതാഗത സംവിധാനവും മറ്റും സാധാരണ നിലയിലായതിന് ശേഷമേ പരീക്ഷ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.