- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി; ട്രിപ്പിൾ ലോക്ഡൗൺ കാലത്തെ സത്യപ്രതിജ്ഞാ ആഘോഷത്തെ തള്ളി പറഞ്ഞ് സൈബർ പോരാളികളും; ഈ 500ൽ ഞങ്ങളില്ലെന്ന പ്രചരണവും അതിശക്തം; ഹൈക്കോടതി നിലപാട് ഇനി നിർണ്ണായകമാകും; എതിർപ്പുകളെ കണ്ടില്ലെന്ന് നടിച്ച് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് പിണറായി
കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിയിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. കോവിഡ് പ്രോട്ടകോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്‌ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്നാണ് ആവശ്യം. പരാതികൾ വ്യാപകമാകുമ്പോഴും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മറ്റന്നാൾ നടക്കാനുള്ള സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൊടിപൊടിക്കുകയാണ്.
അതിനിടെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങു നടത്തുന്നതിനെതിരെ 'ആ 500 ൽ ഞങ്ങളില്ല' എന്ന സമൂഹമാധ്യമ പ്രചാരണത്തിനു തുടക്കമിട്ട് ഷാഫി പറമ്പിൽ പ്രതിഷേധത്തിന് പുതിയ തലം നൽകി. പിന്നാലെ യുഡിഎഫും സത്യപ്രതിജ്ഞയ്ക്ക് പോകില്ലെന്ന് വ്യക്തമാക്കി. ഇത്തരം പ്രതിഷേധങ്ങൾ ഹൈക്കോടതിയെ സ്വാധീനിച്ചാൽ അത് സർക്കാരിന് തിരിച്ചടിയാകും. കൊൽക്കത്തയിൽ മമതാ ബാനർജി സ്വീകരിച്ച രീതി ഇവിടെയും സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ശൈലജ ടീച്ചറിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് സിപിഎം അനുകൂലികളെ തന്നെ എതിർ പക്ഷത്താക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു ആഘോഷ മാമാങ്കം വേണ്ടെന്ന് അവരും പറയുന്നു. ഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ സംഭാവനചെയ്ത ബീഡിത്തൊഴിലാളി ജനാർദനന് എൽ.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹം ചടങ്ങിന് പോകുന്നില്ല. 'സ്റ്റേഡിയത്തിലല്ല, ജനങ്ങളുടെ മനസ്സിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ. അതിനാൽ വീട്ടിലിരുന്ന് ആഹ്ലാദിക്കാനാണ് എന്റെ തീരുമാനം. ഭാര്യയില്ലാതെ തനിച്ചുപോകാൻ മനസ്സ് അനുവദിക്കുന്നുമില്ല' -ജനാർദനൻ പറഞ്ഞു.
ഇതടക്കം സോഷ്യൽ മീഡിയയിൽ സത്യപ്രതിജ്ഞയ്‌ക്കെതിരെ ചർച്ചയാകുന്നുണ്ട്. 500 ആളുകൾ എന്നത് വലിയ സംഖ്യയല്ലെന്ന് പറഞ്ഞാണ് കോവിഡ് അതിതീവ്രവ്യാപന കാലത്തെ സത്യപ്രതിജ്ഞ വിവാദത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾ ഇതിനെതിരെ ഉയരുകയാണ്. ഇതിനിടെയാണ് ഹൈക്കോടതിയിലും പരാതികൾ വന്നത്. ഹൈക്കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവർക്ക് പരാതി നൽകിയത്. ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് 500 ലെറ പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമ ലംഘനമാണെന്ന് പരാതിക്കാർ പറയുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും 50 ൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കരുതെന്നും പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
500 പേരാണു ചടങ്ങിൽ പങ്കെടുക്കുന്നതെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ 500 പേരിൽ താനുണ്ടാവില്ലെന്നാണു ഷാഫിയുടെ പോസ്റ്റ്. പല യുഡിഎഫ് നേതാക്കളും ഈ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. ''ഇതു മാമാങ്കത്തിനുള്ള സമയമല്ല, മഹാവ്യാധി പടരാതെ നോക്കേണ്ട നേരമാണ്. ജനപ്രതിനിധികൾക്കാണു കൂടുതൽ ഉത്തരവാദിത്തം. അതുകൊണ്ട് ആ 500 പേരിൽ ഞങ്ങളുമില്ല'' എന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദിന്റെ ഫേസ്‌ബുക് കുറിപ്പ്.
സത്യപ്രതിജ്ഞാ ചടങ്ങിൽനിന്നു വിട്ടുനിൽക്കാൻ യുഡിഎഫ് തീരുമാനിച്ചു. ഇതു ബഹിഷ്‌കരണമല്ലെന്നും മുഖ്യമന്ത്രി തന്നെ നിർദേശിച്ചതു പോലെ എല്ലാവരും വീടുകളിലിരുന്നു ടിവിയിൽ സത്യപ്രതിജ്ഞ കാണുമെന്നും കൺവീനർ എം.എം. ഹസൻ വ്യക്തമാക്കി. അങ്ങനെ വെർച്വൽ ആയി പങ്കെടുക്കും. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നതു ശരിയല്ല. ലളിതമായ ചടങ്ങിലൂടെ മാതൃക കാട്ടണമായിരുന്നു. വീടിനകത്തു കുടുംബാംഗങ്ങൾ ആളകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും ഉപദേശിക്കുന്ന മുഖ്യമന്ത്രി ഇതെല്ലാം സ്വയം ലംഘിക്കുന്നതു പരിഹാസ്യമാണെന്നും ഹസൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ