തിരുവനന്തപുരം: പിണറായി മന്തിസഭയിലെ ബഹുഭൂരിപക്ഷവും പുതിയ മന്ത്രിമാരാണ്. സിപിഎമ്മും സിപിഐയും കേരളാ കോൺഗ്രസും അവതരിപ്പിക്കുന്നത് ഭാവി നേതാക്കളെയാണ്. ഇതിൽ കെ രാധാകൃഷ്ണൻ ഒഴികെ ആരും ഇതിന് മുമ്പ് മന്ത്രിമാരായിട്ടില്ല. രാധാകൃഷ്ണൻ മന്ത്രിയും സ്പീക്കറുമായിരുന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപദേശവുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാബിനറ്റിന്റെ രണ്ടാം വെർഷൻ തുടങ്ങിയത്.

സ്വീകരണ പരിപാടികൾ കുറച്ചും വകുപ്പുകളെക്കുറിച്ചു കാര്യമായി പഠിച്ചും മികച്ച ഫലമുണ്ടാക്കണമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശിക്കുകയാണ്. കൂടുതൽ കാര്യക്ഷമത മന്ത്രിപണിക്ക് കൊടുക്കണമെന്നാണ് ആവശ്യം. ജനകീയ വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണമെന്നും പറഞ്ഞു. എന്നാൽ കേരളം പ്രതീക്ഷിച്ച വിപ്ലവകാരമായ സപ്രൈസുകളൊന്നും ആദ്യ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായില്ല. സാമ്പത്തിക പാക്കേജുകളെ കുറിച്ച് ചിന്തിച്ചതേ ഇല്ല.

'സ്വന്തം വകുപ്പുകളെക്കുറിച്ചു നന്നായി പഠിച്ചു കാര്യങ്ങൾ മനസ്സിലാക്കണം. ജനകീയ വിഷയങ്ങളോടു മുഖം തിരിക്കരുത്. പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെടണം. ഭൂരിഭാഗം പേരും പുതിയ മന്ത്രിമാരായതു സർക്കാരിന്റെ പരിമിതിയായി മാറരുത്.സ്വന്തം മണ്ഡലത്തിലും പുറത്തുമുള്ള സ്വീകരണ പരിപാടികൾക്ക് ആളുകൾ ക്ഷണിക്കുമെങ്കിലും അതെല്ലാം പരമാവധി കുറച്ച് വകുപ്പിൽ ശ്രദ്ധിക്കണം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കാവൂ' മുഖ്യമന്ത്രി ഉപദേശിച്ചു.

അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തിൽകഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്രരേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക മേഖലകകൾ ശക്തപ്പെടുത്തും.സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലംഗനീതി, സ്ത്രീസുരക്ഷ എന്നിവയേയും കൂടുതൽ ശാക്തീകിരിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇവയെ സമ്പദ് ഘടനയുടെ ഉത്പാദന ശേഷം വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികൾ തുടങ്ങിയവയെ കൃത്യമായി പ്രയോജനെപ്പെടുത്തി, കൃഷി, അനുബന്ധ മേഖലകൽ,നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉത്പാദന സേവനങ്ങൾ എന്നിവയെ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാനും വളർത്താനം പ്രത്യേക നയം രൂപപ്പെടുത്തും. അതിലൂടെ കേരളത്തിലെ യുവാക്കൾക്ക് ആധുനിക സമ്പദ്ഘടനയിൽ ലഭ്യമായ ഏറ്റവും മികച്ച തൊഴിലുകൾസൃഷ്ടിക്കും. അഞ്ചു വർഷം കൊണ്ട് ആധുനികവും ഉയർന്ന തൊഴിൽ ശേഷി ഉള്ളതുമായ ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും.

അടുത്ത 25 വർഷംകൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്രതലത്തിൽ വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനമെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങൾ കൂടുതൽ ഉറപ്പുവരുത്തുന്നതിന് ഊന്നൽ നൽകും.