തിരുവനന്തപുരം: പിണറായി സർക്കാരിന് മുമ്പിൽ വെല്ലുവിളി ഏറെയാണ്. തോമസ് ഐസക്കും ജി സുധാകരനും ശൈലജ ടീച്ചറും ഇല്ലാത്തിന്റെ കുറവ് ആർക്കും തോന്നരുതെന്നാതാണ് ഇതിൽ പ്രധാനം. പുതുമുഖങ്ങൾ നിറഞ്ഞ കാബിനറ്റിൽ താരം പിണറായി തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ടീമിന്റെ യഥാർത്ഥ ക്യാപ്ൻ. പുതിയ കാഴ്ചപ്പാടോ നയപരമായ തീരുമാനങ്ങളോ വേണ്ട. ഉദ്യോഗസ്ഥതലത്തിൽ വലിയ അഴിച്ചുപണികളുടെ ആവശ്യമില്ല. കഴിഞ്ഞ സർക്കാരിന്റെ തീരുമാനങ്ങളൊക്കെ പുനഃപരിശോധിക്കുന്ന കേരളത്തിലെ പതിവ് ഏർപ്പാടും ഇത്തവണ വേണ്ട. അങ്ങനെ തുടർഭരണത്തിന്റെ പുതിയ കേരളം ഇന്നലെ സെക്രട്ടറിയേറ്റിൽ തുടങ്ങി.

മുഖ്യമന്ത്രിയും 3 മന്ത്രിമാരും ഒഴികെ ബാക്കി 17 പുതുമുഖങ്ങളുമായി ഭരണം തുടങ്ങുന്ന മന്ത്രിസഭയ്ക്കു മുന്നിലെ വലിയ വെല്ലുവിളി പരിചയക്കുറവാകാം. മുഖ്യവകുപ്പുകൾ പുതുമുഖങ്ങളെ ഏൽപിക്കാൻ മുഖ്യമന്ത്രി ധൈര്യം കാട്ടിയതിനു പിന്നിലും ഭാവിയിലേക്കുള്ള കണ്ണാണ്. വിമർശനം ഭയന്ന് പിൻവലിച്ച പൊലീസ് നിയമഭേദഗതി നിയമമാക്കണം, പിൻവാതിൽ നിയമക്കാരെ സ്ഥിരപ്പെടുത്തണം, പ്രഖ്യാപിച്ച വൻകിട പദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്തണം ഇങ്ങനെ വെല്ലുവിളികൾ ഏറെ. ഇതിനൊപ്പം ഉയർത്തിയ ക്ഷേമ പെൻഷനുകൾ മുടങ്ങാതെ കൊടുക്കുകയും വേണം. വാക്‌സിൻ പൂർത്തിയാക്കി ശൈലജ ടീച്ചർ കൊയ്ത നേട്ടങ്ങൾ നിലനിർത്തണമെന്നതും പ്രധാനം.

കിഫ്ബിയിലൂടെ അത്ഭുതം കാട്ടിയ തോമസ് ഐസക് മോഡൽ ധനകാര്യ വൈദഗ്ധ്യം പുതിയ മന്ത്രി കെ എൻ ബാലഗോപാലിന് ധനവകുപ്പിൽ കൊണ്ടു വരാനാകില്ല. പക്ഷേ വികസനത്തിനും ക്ഷേമത്തിനും പണം കണ്ടെത്തുകയും വേണം. ഇത് പ്രധാന വെല്ലുവിളിയായി തുടരും. വിവാദമായ പൊലീസ് ആക്ട് ഭേദഗതി ഓർഡിനൻസ് പിൻവലിച്ചപ്പോൾ ഇനി ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നിയമം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാത്ത വിധം നടപ്പാക്കുക വെല്ലുവിളി. പൊലീസ് സേനയിലെ പിഎസ്‌സി നിയമനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന ഉറപ്പ് പാലിക്കണം.

താൽകാലിക ജീവനക്കാർക്ക് സ്ഥിര നിയമനവും നൽകണം. പത്തുകൊല്ലത്തിൽ അധികം സർവ്വീസുള്ളവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി ഇടപെടലിൽ പൊളിഞ്ഞു. ഇതിനും നയപരമായ നീക്കങ്ങൾ എടുക്കണം. പ്രചരണ കാലത്തെ മുഖ്യ വാഗ്ദാനമായികുന്നു ഇത്. കെ.കെ.ശൈലജ ആരോഗ്യ വകുപ്പിനു സമ്മാനിച്ച മികച്ച പ്രതിഛായ നിലനിർത്തണം. കോവിഡിനു ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചു സമഗ്ര പഠനവും പരിഹാരങ്ങളും അനിവാര്യം. വാക്‌സീൻ വിതരണത്തിനായി പണം കണ്ടെത്തണം.

ഏറ്റവും വലിയ പ്രതിസന്ധി നേരിടാൻ പോകുന്ന വകുപ്പ്. ലോക്ഡൗൺ കാരണം ജിഎസ്ടി, ഇന്ധന നികുതി, മോട്ടർ വാഹന നികുതി, സ്റ്റാംപ് ഡ്യൂട്ടി, മദ്യ നികുതി തുടങ്ങിയ വരുമാനമൊക്കെ ഇടിയുന്നു. ശമ്പള പരിഷ്‌കരണം, പെൻഷൻ വിതരണം, അധികമായുണ്ടാക്കിയ തസ്തികകൾ എന്നിവ സൃഷ്ടിച്ച ബാധ്യത നിറവേറ്റുകയും വേണം. പക്ഷേ, പണം എവിടെ? കിഫ്ബി ഈ മാസം വരെ ചെലവാക്കിയത് 12,556 കോടി രൂപ. പ്രഖ്യാപിച്ചതും നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളതുമായ 60,000 കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കാൻ ബാക്കി തുക കണ്ടെത്തണം. ക്ഷേമ പദ്ധതികളെ ബാധിക്കാത്ത തരത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കലാണു പുതിയ മന്ത്രിക്കു മുന്നിലെ വെല്ലുവിളി.

വിഴിഞ്ഞം തുറമുഖം, ശബരി റെയിൽപാത, ശബരിമല വിമാനത്താവളം, ലൈറ്റ് മെട്രോ, സിൽവർ ലൈൻ... ഇതിൽ വിഴിഞ്ഞം തുറമുഖം ഒഴികെയുള്ള പദ്ധതികളെല്ലാം ഇനി ആരംഭിക്കേണ്ടവയാണ്. അതിവേഗ റെയിൽ പദ്ധതിക്കു ഭൂമി ഏറ്റെടുക്കലാണു മുഖ്യവെല്ലുവിളി. ഇപ്പോൾതന്നെ ഇതിനെതിരെ നാട്ടുകാർ സമരത്തിലാണ്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കു കേന്ദ്രാനുമതി നേടണം. ദേശീയപാതയുടെ വികസനത്തിനായി ചേർത്തല കഴക്കൂട്ടം പാതയിൽ ഉടൻ ഭൂമി ഏറ്റെടുക്കണം. ഉൾനാടൻ ജലപാതയുടെ തൃശൂർ കാസർകോട് റൂട്ട് പൂർത്തിയാക്കണം.

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച നിലപാടുകളുടെ പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിവാദത്തിലായ വകുപ്പാണു ദേവസ്വം. യുവതീപ്രവേശം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോൾ. ഇതും സർക്കാരിന് തലവേദനയാകാൻ സാധ്യത ഏറെയാണ്. കോവിഡ് രണ്ടാം തരംഗത്തിൽ തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസം വലിയ വെല്ലുവിളി. ലോക കേരള സഭയ്ക്കു ലക്ഷ്യബോധത്തോടെയുള്ള തുടർച്ച ആവശ്യം.