- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാല ബോണ്ടിറക്കാൻ തടസ്സമില്ലെന്നു കാട്ടി റിസർവ് ബാങ്ക് കിഫ്ബിക്കു കൈമാറിയ കത്ത് പ്രതിരോധത്തിനുള്ള ആയുധമാക്കും; കരട് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ടു മറുപടി നൽകുന്നതും നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ സന്ദേശം നൽകാൻ; ഐസക്കിന്റേത് മുഖ്യമന്ത്രിയും പാർട്ടിയും സമ്മതിച്ച ശേഷമുള്ള ഇടപെടൽ; സിഎജിയ്ക്കെതിരെ രണ്ടും കൽപ്പിച്ച് പിണറായി സർക്കാർ
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിഎജിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് സർക്കാർ. മസാല ബോണ്ടിറക്കി വിദേശത്തു നിന്നു കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തതു ഭരണഘടനാ ലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ടു മറുപടി നൽകും. പാർട്ടിയുമായും അഡ്വക്കറ്റ് ജനറലുമായും ആലോചിച്ച ശേഷമാണു ധനമന്ത്രി തോമസ് ഐസക് സിഎജിക്കും കേന്ദ്രസർക്കാരിനുമെതിരെ രംഗത്തിറങ്ങിയത്.
ധനസെക്രട്ടറിയോ അതിനു താഴെയുള്ള ഉദ്യോഗസ്ഥരോ സിഎജിയുടെ നിരീക്ഷണങ്ങൾക്കു മറുപടി നൽകുകയാണു പതിവ്. അതിന് വിപരീതമാണ് ഇപ്പോൾ കാര്യങ്ങൾ. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനനായ ചീഫ് സെക്രട്ടറിയെ തന്നെ മറുപടി നൽകാൻ നിയോഗിക്കുകയാണ് സർക്കാർ. സിഎജി കരടു റിപ്പോർട്ടിലെ ഉള്ളടക്കം പരസ്യമാക്കിയത് ധനമന്ത്രിക്ക് വിനയായി മാറും. കരടു റിപ്പോർട്ടുകൾ ചോരാറുണ്ടെങ്കിലും അതു പരസ്യമായി പുറത്തുവിട്ടതിനാൽ നിയമസഭയുടെ അവകാശം മന്ത്രി ലംഘിച്ചെന്ന വിലയിരുത്തൽ അതിശക്തമാണ്.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി കിഫ്ബി 2150 കോടി രൂപ സ്വീകരിച്ചത്, സംസ്ഥാന സർക്കാരുകൾ വിദേശത്തു നിന്നു ധനം സമാഹരിക്കാൻ പാടില്ലെന്ന ഭരണഘടനയിലെ 293(1) അനുച്ഛേദം ലംഘിച്ചാണെന്നാണ് സിഎജിയുടെ കണ്ടെത്തൽ. സർക്കാരിനു കീഴിലെ സ്ഥാപനമായതിനാൽ കിഫ്ബിക്കും ഇതു ബാധകമാണ്. കിഫ്ബി സർക്കാരിനു മേൽ ഇതുവരെ 3100 കോടിയുടെ അധിക കടബാധ്യത സൃഷ്ടിച്ചെന്നും സിഎജി ചൂണ്ടിക്കാട്ടി. ഇതിനെ അതിശക്തമായി എതിർക്കും. പാർട്ടിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും അനുമതി വാങ്ങിയാണ് ഈ പോരാട്ടങ്ങൾ.
സംസ്ഥാന സർക്കാരിനു ബാധകമായ നിയന്ത്രണങ്ങൾ കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ലെന്നാകും ചീഫ് സെക്രട്ടറി മറുപടി നൽകുക. അനുച്ഛേദം 293(1) കിഫ്ബിക്കു ബാധകമായാൽ പോലും അനുമതിയോടെ വിദേശത്തു നിന്നു പണം സമാഹരിക്കാൻ ഭരണഘടന തന്നെ അനുവാദം നൽകിയിട്ടുണ്ട്. മസാല ബോണ്ടിറക്കാൻ തടസ്സമില്ലെന്നു കാട്ടി റിസർവ് ബാങ്ക് കിഫ്ബിക്കു കൈമാറിയ കത്തും സിഎജിക്കു ചീഫ് സെക്രട്ടറി നൽകും.
കിഫ്ബിയിലെ ഓഡിറ്റിനെച്ചൊല്ലി ഒരു വർഷം മുൻപ് ഉടലെടുത്ത തർക്കമാണ് പ്രശ്നത്തിന് കാരണം. സിഎജി ആക്ടിലെ വകുപ്പ് 20(2) പ്രകാരം കിഫ്ബിയിൽ നിർബന്ധിത സമഗ്ര ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ടു സിഎജി ആദ്യം കത്തു നൽകി. എന്നാൽ കിഫ്ബിക്കു സ്വന്തമായി ഓഡിറ്റ് സംവിധാനമുണ്ടെന്നും അതിനാൽ സിഎജിയുടെ നിർബന്ധിത സമഗ്ര ഓഡിറ്റ് ആവശ്യമില്ലെന്നുമാണു സർക്കാർ നൽകിയ മറുപടി. പകരം വകുപ്പ് 14(1) പ്രകാരം സാധാരണ ഓഡിറ്റ് മതിയെന്നും അറിയിച്ചു. സാധാരണ ഓഡിറ്റ് നടത്തിയ സിഎജി ഒട്ടേറെ കിഫ്ബി പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതായി ആദ്യ റിപ്പോർട്ട് നൽകി. തുടർന്നുള്ള കരടു റിപ്പോർട്ടിലാണു മസാല ബോണ്ടിനെതിരായ പരാമർശം.
ഓഡിറ്റ് ചട്ടങ്ങളിൽ പറയുന്നത്
ചട്ടം 20 (2) പ്രകാരമുള്ള ഓഡിറ്റ് അനുമതിയാണ് കിഫ്ബിയിൽ സിഎജി ആദ്യം ആവശ്യപ്പെട്ടിരുന്നത്. സർക്കാർ വകുപ്പുകളിലെ ഓഡിറ്റിംഗിനുള്ള അനുമതിയാണ് ഇത്. കൃത്യമായ ഇടവേളകളിൽ നിർബന്ധിത സമഗ്ര ഓഡിറ്റ് ഈ ചട്ടപ്രകാരം നടത്തും. സർക്കാരിന്റെ അനുമതി ഒരു തവണ കിട്ടിയാൽ മതി. കിഫ്ബി സർക്കാർ ഏജൻസിയാണെന്നും അതിനാൽ സമഗ്ര ഓഡിറ്റ് നടത്തണമെന്നുമാണ് കിഫ്ബിയുടെ ആവശ്യം.
ചട്ടം 14(1) പ്രകാരം കിഫ്ബിയിലെ എല്ലാത്തരം കണക്കുകളും പരിശോധിക്കാൻ കഴിയുമെങ്കിലും ഓഡിറ്റ് നടത്തിയിരിക്കണമെന്ന നിർബന്ധിത വ്യവസ്ഥയില്ല. സർക്കാർ നൽകുന്ന പണം കിഫ്ബിയുടെ ആകെ ചെലവിന്റെ 75 ശതമാനത്തിലേറെ വരുന്നതോടെ ഈ ചട്ടമനുസരിച്ചുള്ള ഓഡിറ്റ് മതിയാവില്ല. എന്നാൽ, മറ്റു മാർഗങ്ങളിലൂടെ കിഫ്ബി ധനം സമാഹരിച്ച്, സർക്കാർ സഹായം 75 ശതമാനത്തിനു താഴെയായാൽ സിഎജി ഓഡിറ്റ് നിലയ്ക്കുകയും ചെയ്യും. ഈ ചട്ടമനുസരിച്ചുള്ള അനുമതിയാണ് ഇപ്പോൾ സർക്കാർ സിഎജിക്കു നൽകിയിരിക്കുന്നത്.
സർക്കാർ സഹായം 75 ശതമാനത്തിനു താഴെയായാലും 14(2) പ്രകാരം സിഎജിക്ക് ഓഡിറ്റ് ചെയ്യാനാകും. എന്നാൽ, ഇതിനു സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതു സർക്കാർ നൽകിയിട്ടുണ്ട്. എന്നിട്ടും ചട്ടം 20(2) പ്രകാരമുള്ള അനുമതിക്കായി എന്തിനു നിർബന്ധം പിടിക്കുന്നുവെന്നാണു സർക്കാരിന്റെ ചോദ്യം.
മറുനാടന് മലയാളി ബ്യൂറോ