- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബലാത്സംഗവും ആത്മഹത്യയും' മുല്ലപ്പള്ളിക്ക്; സ്പ്രിങ്ലറിൽ വീണയെ പറഞ്ഞ പിടി തോമസിന് കള്ളപ്പണ ഇടപാട്; അനിൽ കുമാറിന് ലൈംഗികാതിക്രമം; അബ്ദുള്ളകുട്ടിയെ മസ്കറ്റ് പരാതി; കെ എം ഷാജിയുടെ വീട് ഇടിച്ചു നിരത്തും; ഖമറൂദീനേയും പൊക്കും; പിന്നെ സോളാറും; സ്വപ്നാ കേസിനെ പൊളിക്കാൻ പ്ലാൻ ബി; ഇനി തിരിച്ചടി രാഷ്ട്രീയം
തിരുവനന്തപുരം: യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ അണിയറയിൽ തന്ത്രങ്ങൾ ഒരുങ്ങുന്നു. സോളാർ വിഷയവുമായി ബന്ധപ്പെട്ട പീഡനക്കേസിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളകുട്ടിയേയും അറസ്റ്റ് ചെയ്യാൻ നീക്കമുണ്ട്. സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മരവിപ്പിക്കാൻ കഴിയുമോ എന്നും ശ്രമിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ പ്രതികാരവുമായി മുമ്പോട്ട് പോയാൽ സുപ്രീംകോടതിയെ സമീപിക്കും. എജിയുടെ പണിയാണ് ഇഡി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു വച്ചത് ഇതുകൊണ്ടാണ്.
പഴയ സോളാർ കേസിലെ പ്രതി വീണ്ടും കോൺഗ്രസ് നേതാക്കൾക്കെതിരേ പരാതിയുമായി രംഗത്തെത്തുന്നതിന് പിന്നിലും രാഷ്ട്രീയമാണ്. ഇതിനൊപ്പം എംഎൽഎ.മാരായ കെ.എം. ഷാജി, എം.സി. ഖമറുദ്ദീൻ, പി.ടി. തോമസ് എന്നിവർക്കെതിരേയുള്ള കേസുകളാണ് സർക്കാരിന്റെയും ഇടതുമുന്നണിയുടെയും പിടിവള്ളി. ഭൂമിയിടപാടിലെ കള്ളപ്പണ ആരോപണത്തിൽ പി.ടി. തോമസ് എംഎൽഎ.യ്ക്കെതിരേ വിജിലൻസും അന്വേഷണം തുടങ്ങാനൊരുങ്ങുകയാണ്. പിടി തോമസിനേയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. അനധികൃത നിർമ്മാണ ആരോപണത്തിൽ കെ എം ഷാജിയുടെ വീട് ഇടിച്ചു നിരത്താനും സാധ്യതയുണ്ട്. ഇതേ പരാതിക്കാരി കെപിസിസി. ജനറൽ സെക്രട്ടറിയായ കെ.പി. അനിൽകുമാറിനെതിരേ ലൈംഗികാതിക്രമത്തിന് മറ്റൊരു പരാതി പൊലീസിനും നൽകിയിട്ടുണ്ട്. ഇതിൽ ഇതിനകംതന്നെ മൊഴിയെടുത്തുകഴിഞ്ഞു.
കേസും അന്വേഷണവും യു.ഡി.എഫിനെതിരേ രാഷ്ട്രീയ ആയുധമായി സർക്കാർ ഉപയോഗിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ഡി.ജി.പി.ക്കുനേരെ വിരൽചൂണ്ടി പ്രതിപക്ഷനേതാവ് രംഗത്തെത്തി. ലോക്നാഥ് ബെഹ്റയുടെ ഇടപാടുകളെല്ലാം യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ കമ്മിഷനെ നിയോഗിച്ച് അന്വേഷിപ്പിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. പൊലീസ് മോഡണൈസേഷൻ ഫണ്ട് വിനിയോഗത്തിൽ വൻക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിൽ ഡി.ജി.പി.ക്ക് പങ്കുണ്ടെന്നും നേരത്തേ സി.എ.ജി. കണ്ടെത്തിയിരുന്നു. അങ്ങനെ പൊലീസിനെ സമ്മർദ്ദത്തിലാക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നു. ഭരണ വിരുദ്ധ വികാരം അതിശക്തമാണെന്നും സർക്കാർ വീഴുമെന്നുമുള്ള സന്ദേശമാണ് ചെന്നിത്തല നൽകുന്നത്.
മുഖ്യമന്ത്രിക്കെതിരെ നിരന്തര ആരോപണങ്ങൾ ഉന്നയിച്ച എംഎൽഎയാണ് പിടി തോമസ്. നിയമസഭയ്ക്ക് അകത്തും ഇരട്ടചങ്കനെ നേരിട്ടത് അതി ശക്തമായാണ്. സ്വർണ്ണ കടത്തുകാരുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന് പോലും പറഞ്ഞു. സ്പ്രിങ്ലർ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകളാണെന്നും ആരോപിച്ചു. അങ്ങനെ പിണറായിയുടെ കണ്ണിലെ കരടാണ് പിടി തോമസ്. തോമസിനെ അറസ്റ്റ് ചെയ്യാൻ എല്ലാ വഴികളും തേടുന്നതിന് പിന്നിലും ഈ പ്രതികാര രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്.
എന്നാൽ ക്ലീൻ ഇമേജുള്ള നേതാവാണ് പിടി തോമസ്. അതുകൊണ്ട് തന്നെ തോമസിനെ പിടികൂടുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയും സർക്കാരിനുണ്ട്. കെ എം ഷാജിക്ക് മേൽ എന്തുവന്നാലും നടപടിയുണ്ടാകും. ഖമറൂദ്ദീനെതിരേയും അതിശക്തമായി മുമ്പോട്ട് പോകും. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കേസെടുക്കും. അനിൽകുമാറിനേയും തളയ്ക്കും. മിസോറാം ഗവർണ്ണറായിരുന്ന കുമ്മനം രാജശേഖരനെതിരെ ഉയർത്തിയ കേസ് വെറുതെയായി. പരാതി പിൻവലിച്ചു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയാകും നേതാക്കൾക്കെതിരെ കേസെടുക്കുക.
ഇപ്പോൾ ഒന്നിനു പിന്നാലെ മറ്റൊന്നായി കേസുകൾ എത്തുമ്പോൾ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്. ബിനീഷ് കോടിയേരി മയക്കുമരുന്നു കേസിൽ പണമിറക്കിയെന്ന ആരോപണത്തിൽ ഇഡി അറസ്റ്റു ചെയ്തതും എം ശിവശങ്കരന്റെ അറസ്റ്റുമെല്ലാം സർക്കാറിന്റെ പ്രതീക്ഷകളെ മങ്ങളേൽപ്പിച്ചു. ഇങ്ങനെ തുടർച്ചയായി തിരിച്ചടികൾ ഏൽക്കുന്ന ഘട്ടത്തിൽ സർക്കാർ മുഖം മിനിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഇടതു മുന്നണിയെ അധികാരത്തിൽ എത്തിച്ച അതേ സോളാർ കേസ് വീണ്ടും പൊടിതട്ടി എടുക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ തുടക്കം യുഡിഎഫ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അനിൽകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ മൊഴിയെടുത്തത് ആദ്യ പടിയാണെന്ന സൂചന പുറത്തു വന്നു കഴഞ്ഞു.
അനിൽ കുമാറിനെ കൂടാതെ മറ്റു നേതാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടാണ് സർക്കാർ നീങ്ങുന്നത്. പഴകിദ്രവിച്ച ആരോപണം ആണെങ്കിലും ഇടതു സർക്കാർ ഈ വിഷയം എടുത്തിട്ടു സർക്കാറിനെതിരായ ആരോപണങ്ങളെ മറികടക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. കോൺഗ്രസ് നേതാവ് എ.പി. അനിൽകുമാറിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി വിളിച്ചുവരുത്തി രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവർക്ക് എതിരായ കേസുകളുടെ അവസ്ഥയും വിലയിരുത്തി. ബലാത്സംഗ പരാതിയിലാണ് മൊഴി രേഖപ്പെടുത്തലും തെളിവു ശേഖരിക്കലും നടക്കുന്നത്. ഇതിൽ നേതാക്കളെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെങ്കിൽ അതിന് വേണ്ടിയും ശ്രമിക്കണമെന്ന രാഷ്ട്രീയ ബുദ്ധിയാണ് സർക്കാറിനുള്ളത്. പൊലീസിലെ ഉന്നതരുമായി ഇതേക്കുറിച്ചു സംസാരിച്ചു കഴിഞ്ഞുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഈ നീക്കം മുന്നിൽ കണ്ടാണ് ഡിജിപിക്കെതിരെ പ്രതിപക്ഷ നേതാവ് ചെന്നിത്തല രംഗത്തെത്തിയത്.
പീഡനപരാതി നിലനിൽക്കില്ലെങ്കിൽ സാമ്പത്തിക തട്ടിപ്പെന്ന കുറ്റം നിലനിൽക്കുമോ എന്നാണ് ആലോചിക്കുന്നത്. നിയമോപദേശവും തേടിയേക്കും. സ്വർണക്കടത്തും ലഹരിക്കടത്തും പ്രോട്ടോക്കോൾ ലംഘനവുമൊക്കെയായി സർക്കാരും അടുപ്പക്കാരും കേസുകളാൽ വരിഞ്ഞ് മുറുകിയിരിക്കുമ്പോൾ കേസകൾ രാഷ്ട്രീയ ആയുധമാണ് എന്നാണ് സർക്കാർ ഉറച്ച് വിശ്വസിക്കുന്നത്. ആ സാഹചര്യത്തിൽ പ്രത്യാക്രമണത്തിനുള്ള ആയുധം പഴയ സോളറിലുണ്ടോയെന്നാണു സർക്കാർ തിരയുന്നത്. പീഡന പരാതിയിൽ 7 കേസുകളാണ് നിലവിലുള്ളത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള, എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണു കേസുകൾ. 2018 അവസാനവും 2019 ആദ്യവുമായി എടുത്ത ഈ കേസുകളിൽ ഒന്നും ചെയ്യാനാവില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡിജിപി രാജേഷ് ദിവാനും എഡിജിപി അനിൽകാന്തുമൊക്കെ റിപ്പോർട്ട് നൽകിയിരുന്നു.
മുതിർന്ന നേതാക്കളെ ബലാത്സംഗ കേസിൽ അറസ്റ്റു ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലീസിലെ പ്രമുഖർ. അതിന് തുനിഞ്ഞാൽ അത് തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ, പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദവും ശക്തമായി ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ