കോഴിക്കോട്: കോവിഡ് പ്രോട്ടോകോൾ ലംഘനം തടയേണ്ട ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനും പൊലീസിനുമാണ്. എന്നാൽ ഈ രണ്ട് കൂട്ടരും മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തിയില്ല. കോവിഡ് മുക്തനായി മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചതിനു പിന്നാലെ, മടക്കയാത്രയിലുൾപ്പെടെ അദ്ദേഹം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ശക്തമാകുമ്പോൾ പ്രതിക്കൂട്ടിൽ പൊലീസും ആരോഗ്യ വകുപ്പുമാണ്.

കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവർ പിപിഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ ഒട്ടേറെപ്പേർ ആശുപത്രിയിലെത്തുകയും ചെയ്തു. ഇത് തീർത്തും കോവിഡ് പ്രോട്ടോകോൾ ലംഘനമാണ്. ചാനൽ ക്യാമറകളെ വിളിച്ചു വരുത്തിയായിരുന്നു മടക്കം. അമ്പതോളം പേർ അവിടെ ഉണ്ടായിരുന്നു. സാമൂഹിക അകലം ഇവിടെ പാലിക്കപ്പെട്ടില്ല. ഈ ആൾക്കൂട്ടത്തിലേക്ക് കോവിഡ് പോസ്റ്റീവായ പിണറായിയുടെ ഭാര്യ വന്നത് മെഡിക്കൽ കോളേജ് അധികാരികളുടെ മുമ്പിലൂടെയാണ്. ജില്ലയിലെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നു.

ഈ രണ്ടു പേർക്കും പിണറായിയുടെ ഭാര്യ കമല കോവിഡ് പോസ്റ്റീവാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പിപിഇ കിറ്റ് പോലും ധരിക്കാതെ വന്ന അവരെ തടയേണ്ട ബാധ്യതയും പൊലീസിനുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ഉത്തരവാദിത്തം. റോഡിലൂടെ മാക്‌സ് താഴ്‌ത്തി വച്ച് പോകുന്നവർക്ക് പൊലീസ് പിഴ ഈടാക്കാറുണ്ട്. മാസ്‌ക് താഴ്‌ത്തി സംസാരിച്ചാൽ പോലും പിഴ വരും. എന്നാൽ പരസ്യമായ പ്രോട്ടോകോൾ ലംഘനം മുഖ്യമന്ത്രിയുടെ ഭാര്യ നടത്തിയിട്ടും അതിനെ ഉത്തരവാദിത്തപ്പെട്ടവർ ആരും തടഞ്ഞില്ല. മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലെ യാത്രയും പ്രോട്ടോകോൾ ലംഘനമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും എതിരേ മാത്രമല്ല ഉദ്യോഗസ്ഥർക്കെതിരേയും കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ കേസെടുക്കണമെന്ന വാദം ശക്തമാണ്.

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീട്ടിൽ ചികിൽസിക്കാൻ കഴിയും. അതിന് പോലും ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ സാധാരണക്കാർക്ക് ആംബുലൻസ് സൗകര്യം നൽകും. മുഖ്യമന്ത്രിയുടെ ഭാര്യയയേും മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ വേണമായിരുന്നു പറഞ്ഞു വിടേണ്ടത്. അതും ആരും ശ്രദ്ധിച്ചില്ല. കോവിഡ് വ്യാപനത്തിൽ ഗുരുതരമായ പിഴവാണ് മെഡിക്കൽ കോളേജിലെ ഉന്നതരും പൊലീസും കാട്ടിയത്. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നു ഭാര്യയും കൂടെ വരട്ടേ എന്നത്. അതിനെ ആർക്കെങ്കിലും എതിർക്കാനാകുമോ എന്ന ചോദ്യം മെഡിക്കൽ കോളേജ് ജീവനക്കാരും പറയുന്നു.

പോസിറ്റീവായി 10ാം ദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെ, മുഖ്യമന്ത്രി 7ാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടതു ചർച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് ഏപ്രിൽ 4 മുതൽ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വിശദീകരിച്ചതു കൂടുതൽ വിവാദമായി. ഏപ്രിൽ നാലിനു ധർമടത്തു മുഖ്യമന്ത്രി നടത്തിയ റോഡ്‌ഷോയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ഏപ്രിൽ ആറിനു വോട്ട് ചെയ്യുകയും ഒട്ടേറെപ്പേരുമായി ഇടപഴകുകയും ചെയ്തു. ഏപ്രിൽ എട്ടിനാണ് കോവിഡ് പോസിറ്റീവായതായി അറിയിപ്പു വന്നതും കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്‌മിറ്റ് ആയതും. ഇതനുസരിച്ച് 18നാണ് അടുത്ത പരിശോധന വേണ്ടിയിരുന്നത്.

അതേസമയം, രോഗലക്ഷണമില്ലെങ്കിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സർക്കാരും ഐസിഎംആറും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നുമാണ് മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയിയും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുമാകട്ടെ, ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. കോവിഡ് പോസിറ്റീവായി 10ാം ദിവസമാണ് അടുത്ത പരിശോധന നടത്തേണ്ടത് എന്നിരിക്കെ, മുഖ്യമന്ത്രി 7ാം ദിവസം പരിശോധന നടത്തി ആശുപത്രി വിടുകയായിരുന്നു. മുഖ്യമന്ത്രിക്ക് നാലാം തീയതി മുതൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞതും വിവാദമായി.

ലക്ഷണം ഉണ്ടായാൽ ഉടൻ കോവിഡ് ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതു വരെ ക്വാറന്റീനിൽ കഴിയണം എന്നാണ് പ്രോട്ടോകോൾ പറയുന്നത്. എന്നാൽ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോയിൽ പങ്കെടുത്തു. ധർമടം മണ്ഡലത്തിൽ ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 6.50 വരെയായിരുന്നു റോഡ് ഷോ. മണ്ഡലത്തിലെ 8 കേന്ദ്രങ്ങളിൽ റോഡ് ഷോ നടന്നു. ഏപ്രിൽ 6ന് പിണറായിയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മകൾക്കു കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ: വീട്ടിൽ ആരെങ്കിലും ക്വാറന്റീനിൽ കഴിയുന്നുണ്ടെങ്കിൽ അവരുമായി സമ്പർക്കം പാടില്ല. സമ്പർക്കമുണ്ടായാൽ ക്വാറന്റീനിൽ കഴിയുന്നതാണ് ഉത്തമം.

എന്നാൽ മുഖ്യമന്ത്രി വോട്ട് ചെയ്യുന്നതിനായി വീട്ടിൽ നിന്ന് 750 മീറ്റർ അകലെയുള്ള പോളിങ് ബൂത്തിലേക്കു നടന്നു പോയി. ഭാര്യ കമലയും കെ.കെ. രാഗേഷ് എംപിയും പാർട്ടി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. വഴിയരികിൽ കണ്ട പരിചയക്കാരോടു കുശലം പറഞ്ഞായിരുന്നു യാത്ര. അകലം പാലിച്ചില്ല. വോട്ട് ചെയ്തിറങ്ങിയ ശേഷം 10 മിനിറ്റോളം മാധ്യമങ്ങളോട് സംസാരിച്ചു. അതേസമയം, മകൾ വൈകിട്ട് 6.30നു പിപിഇ കിറ്റ് ധരിച്ചെത്തിയാണു വോട്ട് ചെയ്തത്. 4നു നടന്ന റോഡ് ഷോയിൽ മുഖ്യമന്ത്രിയുടെ മകൾ പങ്കെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചശേഷം പിണറായിയിലെ വീട്ടിൽ നിന്നു കാറിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്. വൈകിട്ട് 7.48 നു മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഗറ്റീവ് ആയിരുന്ന ഭാര്യയും ഇവർക്കൊപ്പം ഒരേ കാറിലാണ് മെഡിക്കൽ കോളജിൽ എത്തിയത്.

പോസിറ്റീവ് ആയിരുന്ന മുഖ്യമന്ത്രിയോ കൊച്ചുമകനോ പിപിഇ കിറ്റ് ധരിച്ചിരുന്നില്ല. മാസ്‌കും ഗ്ലൗസുമാണ് ഇവർ ധരിച്ചിരുന്നത്. മുഖ്യമന്ത്രിയെത്തിയ വാഹനത്തിലെ ഡ്രൈവർ മാത്രമാണു പിപിഇ കിറ്റ് ധരിച്ചിരുന്നത്. മെഡിക്കൽ കോളജിൽ എത്തിയ മുഖ്യമന്ത്രിക്കു സൗകര്യങ്ങൾ ഒരുക്കാൻ പൊതുപ്രവർത്തകർ അടക്കം ഒട്ടേറെപ്പേരെത്തി. മാസ്‌ക് മാത്രം ധരിച്ചാണ് ഇവർ മുഖ്യമന്ത്രിക്കൊപ്പം നിന്നിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും ആശുപത്രിയിൽ നിന്നു വിടുമ്പോഴും അദ്ദേഹത്തിന്റെ അടുത്തേക്കു പോയ ഡോക്ടർമാർ പിപിഇ കിറ്റ് ധരിച്ചിട്ടില്ല. മുതിർന്ന ഡോക്ടർമാർ അടക്കം മാസ്‌ക് മാത്രം ധരിച്ചാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.