- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യെച്ചൂരിക്കും കാരാട്ടിനും പിണറായി പേടി; കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിന്റെ വിജയമായി മാറ്റാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പീപ്പിൾസ് ഡെമോക്രസി; വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമെന്ന് വിശദീകരണം
ന്യൂഡൽഹി : ഡൽഹി പിടിക്കാൻ പിണറായി എത്തുമോ എന്ന് പോളിറ്റ് ബ്യൂറോയ്ക്കും ഭയം. പിണറായി മാജിക്കിലാണ് ഭരണ തുടർച്ച സാധ്യമായതെന്ന് കേരളത്തിലെ കൊച്ചു കുട്ടിക്ക് പോലും അറിയാം. പ്രതിപക്ഷവും സമ്മതിക്കും. ഭരണ മികവിനൊപ്പം രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളിലൂടേയാണ് അസാധ്യമായത് പിണറായി നേടിയെടുത്തത്. ബംഗാളിലും ത്രിപുരയിലും സിപിഎം തകരുമ്പോഴാണ് കേരളത്തിലെ സിപിഎം തരംഗം. ഇത് പോളിറ്റ് ബ്യൂറോയ്ക്കും സഹിക്കുന്നതിനുള്ള തെളിവാണ് ഇന്ന് പാർട്ടി വെബ് സൈറ്റിൽ കണ്ട പ്രസ്താവന.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ മാധ്യമ ശ്രമമെന്ന് സിപിഎം പറയുന്നു. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർട്ടിയിലും സർക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നുമാണ് സിപിഎം മുഖപത്രമായ പിപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റുപ്പെടുത്തൽ. അതായത് കേരളത്തിലെ നേട്ടത്തിൽ പിണറായിയെ പുകഴ്‌ത്തുന്നത് നിർത്തണമെന്നാണ് പോളിറ്റ് ബ്യൂറോയുടെ ആവശ്യം.
സിപിഎം എന്നാൽ കേരള ഘടകമാകും ഇനിയെന്നാണ് സൂചന. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ദേശീയ നയവും കേരളത്തിൽ തീരുമാനിക്കുമെന്ന സാഹചര്യം ഉടലെടുക്കും. ഇതെല്ലാം പിണറായി വിജയത്തോടെ കേരളത്തിലെ മാധ്യമങ്ങൾ ചർച്ചയാക്കി. ഇതിനിടെയാണ് അനാവശ്യമായ ചർച്ചകളുമായി കേന്ദ്ര നേതൃത്വത്തിന് കീഴിലെ മുഖപത്രം എത്തുന്നത്. കേരളത്തിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചിത്രീകരിക്കുന്നതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ ഫലത്തിൽ സിപിഎം കേന്ദ്രനേതൃത്വത്തിനറെ പ്രാഥമിക വിലയിരുത്തലിലാണ് ഇത്.
പീപ്പിൾസ് ഡമോക്രസിയിൽ എഴുതിയ ലേഖനത്തിൽ ഇതിനെതിരായ വാദങ്ങൾ നിരത്തുന്നു. പിണറായിയുടെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. പാർട്ടിക്കും സർക്കാരിലും പിണറായിക്ക് ആധിപത്യം എന്ന് ചിത്രീകരിക്കാനാണ് നീക്കം. പരമാധികാരിയായ കരുത്തനായ നേതാവിന്റെ ഉദയമായി ഇതിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു. പിണറായി ഭരണത്തിൽ മികച്ച മാതൃക കാട്ടി എന്നതിൽ സംശയമില്ല. എന്നാൽ ഇത് വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമെന്നും സിപിഎം ഓർമ്മിപ്പിക്കുന്നു. ബദൽ രാഷ്ട്രീയ മാതൃതയ്ക്കാണ് ജനം അംഗീകാരം നല്കിയത്.
പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമം വ്യക്തിപരമായ ഉത്തരവാദിത്തം എന്ന നയം പിന്തുടരുമെന്നാണ് പാർട്ടി നല്കുന്ന സന്ദേശം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സിപിഎം കേന്ദ്ര നേതാക്കൾ ക്യാപ്റ്റൻ എന്ന വിശേഷണം തള്ളിയിരുന്നു. മാധ്യമങ്ങൾക്കാണ് പഴിയെങ്കിലും തെരഞ്ഞെടുപ്പ് വിജയം ഒറ്റ വ്യക്തിയിലേക്ക് ചുരുക്കേണ്ട എന്ന വ്യക്തമായ സന്ദേശം തന്നെയാണ് സിപിഎം ഈ നിലപാടിലൂടെ നൽകുന്നത്. വരാൻ പോകുന്ന നാളുകളിൽ പാർട്ടിയും സർക്കാരും പിണറായിയിലേക്ക് ചുരുങ്ങുമോ എന്ന ആശങ്കയും ഈ തുറന്നു പറച്ചിലിലൂടെ വ്യക്തമാകുന്നു.
മറുനാടന് മലയാളി ബ്യൂറോ