- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗ്ഗീയ ശക്തികളുടെ സഹായവും ഒത്താശയും വേണ്ട; അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി ഇടതുപക്ഷ സർക്കാരിനെ തകർക്കാനാവുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്; 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോൺഗ്രസിനെ കണ്ടിട്ടാണെന്നും പിണറായി വിജയൻ താനൂരിൽ
മലപ്പുറം: അഴിമതിയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും രാജ്യത്ത് തുടർച്ചയായി അഞ്ച് വർഷവും ഈ നേട്ടം കൈവരിക്കാൻ എൽ ഡി എഫ് സർക്കാറിനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. താനൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.അബ്ദുറഹിമാന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യം. മറ്റ് രാജ്യങ്ങളിൽ നിന്നുള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന നിലയിലേക്ക് കേരളം മാറും.
നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും വികസന രംഗത്ത് കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് സുവർണകാലമായിരുന്നു. തുല്യതയില്ലാത്ത മുന്നേറ്റമാണ് സർവ മേഖലയിലും കേരളം കൈവരിച്ചത്. എൽ ഡി എഫിന്റെ തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് എൽ ഡി എഫ് പ്രചാരണ വേദികളിലെ ജനപക്ഷാളിത്തം. താനൂർ ഇതുവരെ കാണാത്ത വികസന മുന്നേറ്റമാണ് വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ സാധ്യമായത്. സംസ്ഥാനത്ത് എൽ ഡി എഫ്് വീണ്ടും ഭരണത്തിലേറുമ്പോൾ കൂടെ താനൂരിൽ നിന്ന് വി.അബ്ദുറഹിമാനും ഉണ്ടാകുമന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം വർഗ്ഗീയ ശക്തികളുടെ സഹായവും ഒത്താശയും കൂടാതെ തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മഞ്ചേരിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുമായി ധാരണയുണ്ടാക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി മഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി ഇടതുപക്ഷ സർക്കാരിനെ തകർക്കാനാവുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്. എൽ ഡി എഫിന്റെ ജന പിന്തുണയിൽ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. നേരായ മാർഗത്തിലൂടെ സർക്കാരിനെ നേരിടാനാവില്ലെന്ന് മനസ്സിലാക്കി അനാവശ്യ കോലാഹലമുയർത്തി ജനശ്രദ്ധ തിരിച്ചു വിടാനാണ് ശ്രമം. രാഷ്ട്രീയമായി തങ്ങൾക്ക് കഴിയാത്ത കാര്യം ബിജെപി യെ ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെ കൊണ്ട് സാധിക്കുമോ എന്നാണ് നോക്കുന്നത്. കോൺഗ്രസ് എംഎൽഎ പരാതി കൊടുത്ത ഉടനെ കേന്ദ്ര ഏജൻസി ചാടി വീഴുന്നത് അതുകൊണ്ടാണ്. അത്ര ശക്തമായ ധാരണയാണ് ഇവർ തമ്മിലുള്ളതെന്ന് നാം മനസ്സിലാക്കണം.
സർക്കാരിന്റെ വികസന പദ്ധതികൾ തകർക്കുകയാണ് ലക്ഷ്യം. അതിനായി നുണക്കഥകൾ സൃഷ്ടിക്കുന്നു. വികസനം ഇവിടെ നടക്കാൻ പാടില്ല എന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. കേന്ദ്ര ഏജൻസികളെ അനുകൂലിച്ച് രാഹുൽ ഗാന്ധി തന്നെ രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്. നുണക്കഥകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ യു ഡി എഫ് തയ്യാറാകുന്നില്ല. നുണപ്രചാരണത്തിന് കൊണ്ടു പിടിച്ച ശ്രമവുമായി അവർ വീണ്ടും ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിയുടെ ബി ടീമായാണ് യു ഡി എഫ് പ്രവർത്തിക്കുന്നത്. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോൺഗ്രസിനെ കണ്ടിട്ടാണ്. ജയിച്ചാൽ ബിജെപിയിൽ പോകാൻ തയ്യാറാകുന്ന കോൺഗ്രസുകാരുടെ കഥയാണ് നമ്മൾ മറ്റ് സംസ്ഥാനങ്ങളിൽ കാണുന്നത്.